കാർ വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ, ജിഎസ്‌ടി വിലക്കുറവിനൊപ്പം 80,000 രൂപയുടെ ഓഫറും പ്രഖ്യാപിച്ച് റെനോ
ഡസ്റ്റർ ഉണ്ടായിരുന്ന കാലത്ത് പ്രതാപിയായിരുന്ന വാഹന നിർമാതാക്കളാണ് റെനോ. അങ്ങ് ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇന്നുകാണുന്ന കിയയും എംജിയും പോലുള്ള ബ്രാൻഡുകളൊന്നും രാജ്യത്ത് എത്തിയിട്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. ബജറ്റ് ഫ്രണ്ട്ലി കാറുകൾ പുറത്തിറക്കി മാരുതിയോട് നേരിട്ട് മുട്ടാനാണ് ഫ്രഞ്ച് ബ്രാൻഡ് തുടക്കം മുതലെ താത്പര്യപ്പെട്ടത്. ക്വിഡ് എന്ന കുഞ്ഞൻ കാർ ആൾട്ടോയോട് പടവെട്ടി വിജയം കൈവരിക്കുകയും ചെയ്‌തു. ഒപ്പം എസ്‌യുവി വിഭാഗത്തിൽ ഡസ്റ്ററും കൂടിയെത്തിയതോടെ വിൽപ്പന കൊയ്യുകയായിരുന്നു റെനോ. എന്നാൽ പിന്നീട് പതിയെ പിൻനിരയിലേക്ക് കമ്പനി ഒതുങ്ങിക്കൂടുകയായിരുന്നു. മോഡലുകളിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവരാതെ പോയതാണ് വിനയായത്.
എന്നാൽ ഇപ്പോൾ തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങളുമായി റെനോ കളംനിറയുന്നുണ്ട്. ഒപ്പം ഡസ്റ്റർ പോലുള്ള മിടുക്കൻമാരായ പുത്തൻ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങളും കമ്പനി ആവിഷ്ക്കരിച്ചിട്ടുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്.

ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയ്‌ക്കായി 80,000 രൂപ വരെയുള്ള ഓഫറുകളാണ് റെനോ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 31 വരെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഇൻസെന്റീവുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നതും.
കൈഗറിന്റെയും ട്രൈബറിന്റെയും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് ശേഷിക്കുന്ന സ്റ്റോക്കുകൾക്ക് ഇതിലും ഉയർന്ന ഡിസ്കൌണ്ടുകളാണ് റെനോ വാഗ്‌ദാനം ചെയ്യുന്നത്. റെനോ കാറുകൾക്കുള്ള മോഡൽ തിരിച്ചുള്ള കിഴിവുകളും ആനുകൂല്യങ്ങളും എങ്ങനെയാണെന്ന് നോക്കിയാലോ. ജിഎസ്‌ടി വിലക്കുറവിന് പുറമെ അധിക ഓഫറിൽ വാഹനം വാങ്ങാൻ ലഭ്യമായിരിക്കുന്ന സുവർണാവസരം പാഴാക്കരുതേ.

റെനോയുടെ എൻട്രി ലെവൽ മോഡലായ ക്വിഡിന് ഈ മാസം 30,000 രൂപ വരെയുള്ള ഓഫറുകളാണ് റെനോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടായി 20,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 10,000 രൂപ എന്നിവയാണ് ഉൾപ്പെടുന്നത്. ഓതന്റിക്, ഇവല്യൂഷൻ, ടെക്നോ, ക്ലൈംബർ എന്നീ നാല് വേരിയന്റുകളിൽ വരുന്ന ഹാച്ച്ബാക്കിന് നിലവിൽ 4.30 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ഫ്രഞ്ച് വാഹന നിർമാതാക്കളുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗർ വാങ്ങാനിരിക്കുന്നവരേയും സന്തോഷിപ്പിക്കുന്ന ഓഫറുകളാണ് റെനോ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ 2025 മോഡലാണ് വേണ്ടതെങ്കിൽ മൊത്തം 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുക. ഇതിൽ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ, സ്ക്രാപ്പേജ് ബെനഫിറ്റായി 35,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 10,000 രൂപ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പെട്രോൾ, ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ള ഒറിജിനൽ, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയന്റുകളിൽ എത്തുന്ന 2025 മോഡൽ എസ്‌യുവിക്ക് 5.76 ലക്ഷം രൂപ മുതൽ 10.34 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഇനി കൈഗറിന്റെ പഴയ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വാങ്ങാനിരിക്കുന്നവർക്ക് 80,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്‌കൗണ്ടായി 35,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസായി 35,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 10,000 രൂപ എന്നിവയാണ് മോഡലിൽ ഒരുക്കിയിട്ടുള്ളത്.
റെനോയുടെ ഫാമിലി എംപിവിയായ ട്രൈബർ നോക്കിവെച്ചിരിക്കുന്നവർ വേഗം പോയി വണ്ടി ബുക്ക് ചെയ്തോളൂ. പുതിയ ഫെയ്‌സലിഫ്റ്റ് പതിപ്പിന് 45,000 രൂപ വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കാറിന്റെ പഴയ മോഡലുകൾക്ക് 75,000 രൂപയും ഓഫർ ലഭിക്കും. വേരിയന്റ് അനുസരിച്ച് ഈ ഓഫറുകളിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം കേട്ടോ. ആയതിനാൽ കൂടുതൽ വിവരങ്ങളറിയാൻ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.


Click it and Unblock the Notifications








