സാധാരണക്കാരന്റെ വണ്ടിക്കമ്പനി നിങ്ങൾ തന്നെ! മൈലേജ് കൂടുന്ന സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് റെനോ
ഡസ്റ്റർ (Duster) പടിയിറങ്ങിയതിൽ പിന്നെ കാര്യമായ കച്ചോടമൊന്നുമില്ലാതെ കുഴങ്ങിയിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ (Renault). കോംപാക്‌ട് എസ്‌യുവിയായി അവതരിച്ച കൈഗറിനും (Kiger) കോംപാക്‌ട് എംപിവിയായി വന്ന ട്രൈബറിനും (Triber) മോശമാക്കാതെ പിടിച്ചുനിൽക്കാനാവുന്നുണ്ടെങ്കിലും ഡസ്റ്റർ കൊണ്ടുവന്ന കണക്കുകളൊന്നും ഇതുവരെ എത്തിപ്പിടിക്കാൻ ഇരുവർക്കുമായിട്ടില്ല. ചെറിയ വിലയ്ക്ക് നല്ല കാറുകൾ നോക്കിനടക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാവുന്ന കിടിലൻ മോഡലുകളാണ് റെനോയുടെ നിരയിലുള്ളതെങ്കിലും ആളുകൾ എന്തുകൊണ്ടോ അകലം പാലിച്ചുനിൽക്കുന്നത് നിരാശാജനകമാണ്. മാരുതിയോടോ ടാറ്റയോടോ ഹ്യുണ്ടായിയോടോ മത്സരിക്കാൻ ബ്രാൻഡിനാവുന്നില്ലെന്ന പരാതി ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്ന് തന്നെ പറയാം.
അതിനൊരു കിടിലൻ പദ്ധതിയുമായി മുമ്പോട്ടു വന്നിരിക്കുകയാണ് റെനോ. എന്താണന്നല്ലേ, എതിരാളികൾ വിലസുന്ന സിഎൻജി സെഗ്മെന്റിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് റെനോ. സർപ്രൈസായി നീക്കിയ കരുക്കൾ എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിട്ടുണ്ടെന്ന് നിസംശയം പറയാം. റെനോ ക്വിഡ്, കൈഗർ, ട്രൈബർ മോഡലുകളുടെ സിഎൻജി പതിപ്പുകളെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് റെനോ.

ഇനി മുതൽ ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റോടെ ആളുകൾക്ക് ക്വിഡ്, കൈഗർ, ട്രൈബർ മോഡലുകൾ സ്വന്തമാക്കാനാവും. ക്വിഡ് ഹാച്ച്ബാക്ക് വാങ്ങുന്നവർ വാഹനത്തിൽ സിഎൻജി കിറ്റ് ഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 75,000 രൂപ അധികമായി ചെലവഴിക്കേണ്ടിവരും. അതേസമയം കൈഗർ, ട്രൈബർ യൂട്ടിലിറ്റി വാഹനങ്ങളുടെ സ്റ്റാൻഡേർഡ് മോഡലിൻ്റെ എക്‌സ്ഷോറൂം വിലയേക്കാൾ 79,500 രൂപ അധികമായും മുടക്കേണ്ടി വരും.
ഇനി വേറൊരു ട്വിസ്റ്റും കൂടിയുണ്ട് കേട്ടോ, മൂന്ന് കാറുകളുടേയും സിഎൻജി ഫിറ്റഡ് വേരിയന്റുകൾ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് സിഎൻജി കിറ്റുകൾ റിട്രോഫിറ്റ് ചെയ്യാനുള്ള ഓപ്ഷൻ നിലവിൽ ഉള്ളത്. അതായത് നിലവിൽ കേരളം പോലെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കമ്പനി സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചിട്ടില്ലെന്ന് സാരം.

എന്നാൽ ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ച് രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും സിഎൻജി മോഡലുകൾ റെനോ അവതരിപ്പിക്കും. സിഎൻജി റിട്രോഫിറ്റ്‌മെൻ്റ് കിറ്റ് ഘട്ടംഘട്ടമായി ലഭ്യമാക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ നിലവിലെ ശ്രമം. സിഎൻജി റിട്രോഫിറ്റ്‌മെൻ്റ് കാറുകൾക്ക് മൂന്ന് വർഷത്തെ വാറണ്ടിയുെ നൽകുമെന്ന് റെനോ അറിയിച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക്, ടർബോചാർജ്ഡ് വേരിയൻ്റുകൾ ഒഴികെ മൂന്ന് കാറുകളുടെയും എല്ലാ വേരിയൻ്റുകളിലും സിഎൻജി റിട്രോഫിറ്റ്‌മെൻ്റ് കിറ്റ് ലഭ്യമാണ്. അതത് നഗരങ്ങളിലെ വെണ്ടർ മുഖേനയാണ് സിഎൻജി കിറ്റ് കമ്പനി വാഹനങ്ങളിൽ ഘടിപ്പിക്കുന്നതെന്നാണ് വിവരം. എന്നിരുന്നാലും എല്ലാ സുരക്ഷയും നിലവാരവും പാലിക്കുന്ന ഹോമോലോഗേറ്റഡ് കിറ്റ് ഉപയോഗിച്ചാണ് ക്വിഡും കൈഗറും ട്രൈബറുമെല്ലാം സിഎൻജിയിൽ വാഗ്‌ദാനം ചെയ്യുകയെന്ന് റെനോ ഉറപ്പും ഗ്യാരണ്ടിയും നൽകുന്നുമുണ്ട്.

കാറുകളിലേക്ക് സിഎൻജി കിറ്റ് റീട്രോഫിറ്റ് ചെയ്യുന്നത് ഈ വാഹനങ്ങളുടെ ഡ്രൈവിംഗ് പെർഫോമൻസിനെ ബാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. റെനോ സിഎൻജി കാറുകളുടെ ഔദ്യോഗിക മൈലേജ് കണക്കുകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും സിഎൻജി കിറ്റ് ചേർക്കുന്നതോടെ മോഡലുകളുടെ മൈലേജ് 1.5 മടങ്ങ് വർധിച്ചതായാണ് ബ്രാൻഡ് പറയുന്നത്.
മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന 69 bhp കരുത്തുള്ള 1.0 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് സ്റ്റാൻഡേർഡ് ക്വിഡിന് ലഭിക്കുന്നത്. ഈ സജ്ജീകരണം 21.7 കിലോമീറ്റർ വരെയാണ് പെട്രോളിൽ മൈലേജ് നൽകുന്നത്. അതേസമയം സിഎൻജി ബൈ-ഫ്യുവലിലേക്ക് എത്തുമ്പോൾ ഏകദേശം 30 കിലോമീറ്ററിന് മുകളിലാവുമെന്ന് ഉറപ്പാണ്. അതുമല്ല ഫീച്ചറുകളുടെ വലിയ നിരയും കൂടി ഉൾപ്പെടുമ്പോൾ എൻട്രി ലെവൽ സെഗ്മെന്റിലെ നല്ലൊരു കാറായി ക്വിഡ് മാറുന്നുമുണ്ട്.


Click it and Unblock the Notifications








