മാരുതി അസൂയപ്പെടും, 4.69 ലക്ഷത്തിന്റെ ഈ കാറിന് വിൽപ്പന കൂടി, വിശ്വസിക്കാനാവാതെ കമ്പനി; മൈലേജ് 22 കി.മീ.
ഇന്ത്യയിലെ ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്ത മോഡലായിരുന്നു റെനോ ക്വിഡ്. രാജ്യത്തെ എൻട്രി ലെവൽ സെഗ്മെന്റിൽ മാരുതി ആൾട്ടോ അരങ്ങുവാണിരുന്ന സമയത്താണ് കക്ഷിയുടെ വരവെങ്കിലും ചെറുകാറുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതാൻ ഈ ഫ്രഞ്ച് വണ്ടിക്കായിരുന്നു. രൂപത്തിലായാലും ഭാവത്തിലായാലും മാരുതി കാറുകളെ നാണിപ്പിക്കുന്ന വിധത്തിലായിരുന്നു ക്വിഡ് അന്നേ പണികഴിപ്പിച്ചിരുന്നത്. ഡസ്റ്ററിന് ശേഷം ഇന്ത്യക്കാർ ഇത്രയേറെ സ്നേഹിച്ച മറ്റൊരു റെനോ വാഹനമുണ്ടോയെന്ന് വരെ സംശയമാണ്. പക്ഷേ കാലത്തിനൊത്ത് ട്രെൻഡ് മാറിയതോടെ A സെഗ്മെന്റ് കാറുകളോടൊന്നും ആളുകൾക്ക് കാര്യമായ താത്പര്യം ഇല്ലാതായി.
അതോടെ പതിയെ ക്വിഡിന്റെ വിൽപ്പനയും ഇടിയാൻ കാരണമായി. പിന്നെ റെയോക്ക് പഴയ പ്രതാപമില്ലെന്നതും മോഡൽ നിരയെ ആകെ ബാധിക്കുകയുണ്ടായി. അങ്ങനെ അധികമാരും ക്വിഡ് വാങ്ങാനും എത്താതായി. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി റെനോയുടെ ചെറുകാറിന്റെ വിൽപ്പനയിൽ പുരോഗതിയുണ്ടെന്നതാണ് രസകരമായ സംഗതി. ഏതൊക്കെ എസ്‌യുവി വന്നാലും സാധാരണക്കാർക്ക് പ്രിയം ഹാച്ച്ബാക്കുകളോടാണെന്നതിന് തെളിവ് കൂടിയാണിത്.

കുറഞ്ഞ വില, നല്ല മൈലേജ്, ഓടിക്കാനുള്ള എളുപ്പം എന്നിവയെല്ലാമാണ് ഹാച്ച്ബാക്കുകളെ ആളുകളിലേക്ക് അടുപ്പിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഒന്നിച്ച് ചേർന്ന നല്ല ഒന്നാന്തരം മോഡലാണ് റെനോ ക്വിഡും. അതിനാൽ അടുത്തിടെയായി വിൽപ്പനയിൽ വരുന്ന വളർച്ച ഫ്രഞ്ച് വാഹന നിർമാതാക്കൾക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്. 2024 ഡിസംബറിൽ ക്വിഡിന്റെ മൊത്തം വിൽപ്പന 628 യൂണിറ്റായിരുന്നു.
ഇത് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 13.06 ശതമാനത്തിന്റെ വിൽപ്പന വളർച്ചയിലേക്കാണ് ക്വിഡിനെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 2024 നവംബറിൽ എൻട്രി ലെവൽ സെഗ്മെന്റ് മോഡലിന്റെ 546 യൂണിറ്റുകളായിരുന്നു റെനോയ്ക്ക് വിറ്റഴിക്കാൻ സാധിച്ചിരുന്നത്. അതേസമയം 2024 ഒക്‌ടോബറിൽ 706 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ സെപ്റ്റംബറിൽ 691 യൂണിറ്റും ഓഗസ്റ്റിൽ 634 യൂണിറ്റും കഴിഞ്ഞ വർഷം ജൂലൈയിൽ 565 യൂണിറ്റുമായിരുന്നു ക്വിഡിന്റെ വിൽപ്പന.

മൊത്തത്തിൽ നോക്കുമ്പോൾ സ്ഥിരമായി 500 യൂണിറ്റുകൾക്ക് മുകളിൽ വിൽക്കാനാവുന്നുണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.70 ലക്ഷം രൂപയ്ക്ക് റെനോ ക്വിഡ് സ്വന്തമാക്കാനാവും. ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ വേരിയന്റിന്റെ വിലയാണിത്. അതേസമയം മോഡലിന്റെ ടോപ്പ് വേരിയന്റ് 6.45 ലക്ഷം രൂപക്കും വീട്ടിലെത്തിക്കാനാവും. കുറഞ്ഞ വിലയുള്ള കാറാണെങ്കിലും 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമാണ് ഇവൻ.
മുമ്പ് 800 സിസി, 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നെങ്കിലും നിലവിൽ 1.0 ലിറ്റർ NA പെട്രോളിൽ മാത്രമാണ് റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാങ്ങാനാവൂ. ഈ 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 67 bhp പവറിൽ 91 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും കാറിനൊപ്പം ലഭ്യമാണ്.

ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളെല്ലാം ക്വിഡിനൊപ്പം സ്റ്റാൻഡേർഡായി തന്നെ റെനോ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലായാലും കൊടുക്കുന്ന വിലയ്ക്കുള്ള സംവിധാനങ്ങൾ ഫ്രഞ്ച് ബ്രാൻഡ് ഈ ചെറുകാറിൽ ഒരുക്കിയിട്ടുണ്ട്.
RXE, RXL (O), നൈറ്റ് ഡേ എഡിഷൻ, RXT, ക്ലൈംബർ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളും മോഡലിലുണ്ടേ. ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ആൾട്ടോ K10, എസ്-പ്രെസോ എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ക്വിഡ് മത്സരിക്കുന്നത്. മാരുതിക്ക് പകരം എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി റെനോ ക്വിഡ് വാങ്ങാം കേട്ടോ.


Click it and Unblock the Notifications








