ഇക്കാര്യത്തിൽ കമ്പിനി വേണ്ട... നിസാനുമായി വഴിപിരിഞ്ഞ് റെനോ, ചെന്നൈ ഫാക്‌ടറി ഇനി ഫ്രഞ്ചുകാർക്ക് സ്വന്തം
പല രാജ്യങ്ങളിലും വാഹന നിർമാതാക്കൾ പങ്കാളിത്തത്തിൽ ഏർപ്പെടുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ടൊയോട്ടയും (Toyota) മാരുതി സുസുക്കിയും (Maruti Suzuki) പോലെ തന്നെ ഇന്ത്യയിൽ സഹകരണത്തോടെ പ്രവർത്തിക്കുന്ന രണ്ട് വ്യത്യസ്‌ത കമ്പനികളാണ് റെനോയും (Renault) നിസാനും (Nissan). ബാഡ്‌ജ് എഞ്ചിനീയറിംഗ് മുതൽ ഇരുബ്രാൻഡുകളുടേയും വാഹനങ്ങൾ വരെ ഒരേ പ്ലാന്റിൽ നിന്നുമാണ് പണിതിറക്കുന്നത്. നിസാൻ മാഗ്നൈറ്റ് റെനോ കൈഗറായതും റെനോ ഡസ്റ്റർ നിസാൻ ടെറാനോയായതുമെല്ലാം ഈയൊരു കൂട്ടുകെട്ടിന്റെ ഫലമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരുകമ്പനികളും വഴിപിരിഞ്ഞിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റെനോ ഗ്രൂപ്പ് ചെന്നൈയിലെ നിസാനുമായുള്ള സംയുക്ത നിർമാണ കേന്ദ്രത്തിലെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തതായാണ് വാർത്തകൾ. ഇതോടെ ഇരുകമ്പനികളുമായുള്ള ദീർഘകാല പങ്കാളിത്തം അവസാനിപ്പിച്ച് പ്ലാന്റിന്റെ പൂർണ ഉടമസ്ഥാവകാശം റെനോ ഗ്രൂപ്പിനായി. മുമ്പ് റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് (RNAIPL) കീഴിൽ പ്രവർത്തിച്ചിരുന്ന ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്റ് ഇനി റെനോ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയും സാമ്പത്തികമായി ഏകീകരിക്കുകയും ചെയ്യുക.

നിസാനു വേണ്ടി വാഹനങ്ങൾ നിർമിക്കുന്നത് ചെന്നൈ പ്ലാന്റിൽ തന്നെയായിരിക്കും. പക്ഷേ പ്രവർത്തനങ്ങളിൽ ഇനി പൂർണ നിയന്ത്രണം വഹിക്കുക റെനോയായിരിക്കും. ഇന്ത്യയെ ഒരു പ്രധാന അന്താരാഷ്ട്ര കേന്ദ്രമായി വികസിപ്പിക്കാനുള്ള ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പദ്ധതിയിലെ ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ ഏറ്റെടുക്കൽ. ഫ്രാൻസിന് പുറത്തുള്ള റെനോയുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ കമ്പനി ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിലൂടെ നാല് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതികളും റെനോ പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യത്തേതാണ് ഏറ്റവും പുതിയ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ്. നിർമാണ പ്ലാന്റ് ഏറ്റെടുത്തുവെങ്കിലും നിസാനുമായി സംയുക്തമായി പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് സെന്റർ സജീവമായി തുടരുന്നുണ്ട്. പ്രാദേശിക, കയറ്റുമതി വിപണികൾക്കുള്ള വാഹന വികസനത്തിന് ഇപ്പോഴും ഇരുബ്രാൻഡുകളും സഹകരിച്ചാവും നേതൃത്വം നൽകുക.

2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ റെനോയുടെ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ സിഇഒ ആയി സ്റ്റെഫാൻ ഡെബ്ലൈസ് ചുമതലയേൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ 1 ലക്ഷത്തിലധികം കാറുകൾ വരെ ഒരു വർഷം വിറ്റിരുന്ന കമ്പനിയാണ് റെനോ. എന്നാൽ വിപണിയിലെ ട്രെൻഡിനൊപ്പം കാറുകളെ ഒരുക്കുന്നതിലും വർധിച്ചുവരുന്ന മത്സരത്തെ കാര്യമാക്കാതെ മുമ്പോട്ട് പോയതുംകൊണ്ട് ഇന്ന് നഷ്ടത്തിലാണ് ബ്രാൻഡിന്റെ പോക്ക്.
പുതുമോഡലുകൾ അവതരിപ്പിക്കാനുള്ള മടിയും റെനോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഏറെ വൈകി ഇക്കാര്യം മനസിലാക്കിയ കമ്പനി അടുത്തിടെ വിപണിയിലെത്തിച്ച ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് ഹിറ്റടിക്കുമെന്നാണ് തോന്നുന്നത്. ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ പുതിയ വേരിയന്റുകളിൽ എത്തുന്ന 7-സീറ്ററിന് 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, വലിയ എയർ ഇൻടേക്ക്, റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പുകൾ, റെട്രോ-ഇൻഫ്ലുവൻസ്ഡ് ഡയമണ്ട് ലോഗോ, 15 ഇഞ്ച് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, സ്മോക്ക്ഡ് എഫക്റ്റിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് ഡിസൈനിലെ മാറ്റങ്ങളായി വരുന്നത്. കൂടുതൽ കിടിലമാക്കുവാനായി ആംബർ ടെറാക്കോട്ട, ഷാഡോ ഗ്രേ, സാൻസ്കാർ ബ്ലൂ എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകളുമുണ്ട്.
പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലെ സവിശേഷതകൾ.
1.0 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും.


Click it and Unblock the Notifications








