വൈബിംഗ് ലുക്കിൽ പുത്തൻ ട്രൈബർ ഇങ്ങെത്തി, 6.29 ലക്ഷത്തിന് ഇതുപോലൊരു 7-സീറ്റർ വേറെ കിട്ടാനില്ല! നോക്കിക്കേ
സാധാരണക്കാരന്റെ പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് കാറുകൾ നിർമിച്ച് പുറത്തിറക്കുന്നതിനാൽ മാരുതി സുസുക്കിയേക്കാൾ കേമൻമാരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ (Renault). ഹാച്ച്ബാക്കായാലും എസ്‌യുവിയായാലും ഇനി 7 സീറ്റർ എംപിവിയായാലും ഏതുതരം മോഡലായാലും ചെറിയ വിലയ്ക്ക് ആളുകളിലേക്ക് എത്തിക്കാനാവുമെന്ന് ബ്രാൻഡ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വെറുതേയല്ല ഇതൊന്നും പറയുന്നത് കേട്ടോ. ക്വിഡ്, ട്രൈബർ (Triber), കൈഗർ തുടങ്ങിയ റെനോയുടെ മോഡൽ നിര കണ്ടാൽ ഇക്കാര്യം ആർക്കും മനസിലാക്കാനാവുന്നതേയുള്ളൂ. സാധാരണക്കാർക്കായി നിലകൊള്ളുന്ന ഇത്രയും മിടുക്കൻമാരെ നമ്മൾ ഇന്ത്യക്കാർ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്നതാണ് സത്യം.
അവരുടെ വണ്ടികൾക്ക് വേണ്ടപോലെ കാലത്തിനൊത്ത പരിഷ്ക്കാരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി പലകോണുകളിൽ നിന്നും ഉയരുന്നത് റെനോ ശ്രദ്ധിച്ചിരുന്നു. ഇനിയും മടിപിടിച്ചിരുന്നാൽ ചിലപ്പോൾ രാജ്യം വരെ വിടേണ്ടിവരുമെന്ന് മനസിലാക്കിയ കമ്പനി പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് തുടങ്ങിയിട്ടുണ്ട്. ഡസ്റ്ററിന്റെ തിരിച്ചുവരവായിരിക്കും ഇതിൽ ഏറ്റവും ശ്രദ്ധേയം. എസ്‌യുവിയെ കാത്തിരുന്ന ആളുകളിലേക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ എംപിവിയുടെ പുതുമോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

കിടിലൻ വൈബ്രന്റ് ഡിസൈനുമായി റെനോ ട്രൈബർ ഇതാ വിപണിയിൽ എത്തിയിരിക്കുകയാണ്. ഡിസൈനിലെ പൊളിച്ചെഴുത്ത് തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. റെനോയുടെ ഫോറിൻ കാറുകളെ അനുസ്മരിപ്പിക്കുന്ന ലുക്ക് ഇനി ആരേയും വശീകരിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട. 2019-ൽ പുറത്തിറങ്ങിയ ട്രൈബറിലേക്ക് വരുന്ന ആദ്യ പ്രധാന പരിഷ്ക്കാരമാണിത് കേട്ടോ.
അതായത് 6 വർഷത്തോളമായി കാര്യമായി യാതൊരു നവീകരണവും ലഭിക്കാതിരുന്ന റെനോയും കുട്ടി എംപിവി ഇനി വിപ്ലവം രചിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. റെനോയുടെ പുതിയ ട്രൈബർ ഒരു ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളുമായാണ് വരുന്നത്. എന്നാൽ വിലയൊന്നും കാര്യമായ രീതിയിൽ കൂടിയിട്ടുമില്ല. 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് ട്രൈബറിന് വരുന്ന എക്സ്ഷോറൂം വില.

അതായത് വേരിയന്റുകൾ തിരിച്ച് 14,000 രൂപ മുതൽ 41,000 രൂപ വരെ വർധനവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിലാവും റെനോ ട്രൈബർ എംപിവിയുടെ വേരിയന്റ് നിര അറിയപ്പെടുക. ഇതിൽ ബേസ് മോഡലായ ഒതെന്റിക്കിനാണ് 6.29 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്നത്. രണ്ടാമത്തെ എവലൂഷന് 7.24 ലക്ഷമാണ് ചെലവ് വരിക.
അതേസമയം റെനോ ട്രൈബർ ടെക്നോ വേരിയന്റിന് 7.99 ലക്ഷവും ഇമോഷന് 8.64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട് എംപിവിയുടെ മുൻവശം. റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള മെലിഞ്ഞ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവ വണ്ടിക്ക് ഇപ്പോൾ ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്.

ബമ്പറിലേക്ക് അപ്‌ഡേറ്റുകൾ കൂടുതൽ വ്യാപിപ്പിച്ചിട്ടുമുണ്ട്. ഇവിടെ വലിയ എയർ ഇൻടേക്കും റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പ്രീമിയം ഫീലാണ് ട്രൈബറിന് കൈവരിക്കാനായിരിക്കുന്നത്. ഒപ്പം റെനോയുടെ പുതിയ റെട്രോ-ഇൻഫ്ലുവൻസ്ഡ് ഡയമണ്ട് ലോഗോയും എംപിവിക്കൊപ്പം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ 15 ഇഞ്ച് അലോയ് വീലുകളാണ് ആകെ മാറിയിരിക്കുന്നത്. ക്രോമിന് പകരം ഗ്ലോസ് ബ്ലാക്ക് ഡോർ ഹാൻഡിലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.
പിന്നിൽ സ്മോക്ക്ഡ് എഫക്റ്റിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് ട്രൈബർ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ വേറെ പരിഷ്ക്കാരങ്ങളൊന്നും കാണാനില്ല. ആംബർ ടെറാക്കോട്ട, ഷാഡോ ഗ്രേ, സാൻസ്കാർ ബ്ലൂ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിലും റെനോയുടെ 7-സീറ്റർ എംപിവി സ്വന്തമാക്കാനാവും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ പുരോഗമനങ്ങൾ കാണാനുണ്ടെന്നതും സന്തോഷം തരുന്ന കാര്യമാണ്.

ഡാഷ്‌ബോർഡ് മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നതാണ് അകത്തേക്ക് കയറുമ്പോൾ ആദ്യം മനസിലാവുന്ന കാര്യം. എസി ഇപ്പോഴും മാനുവലാണ്. പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
മെക്കാനിക്കലായി ട്രൈബറിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല കേട്ടോ. അതേ 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും.


Click it and Unblock the Notifications








