ബേസ് മോഡലും ടോപ്പ് എൻഡും നിർത്തലാക്കി, ഹോണ്ട അമേസ് ഇനി ഒരൊറ്റ വേരിയന്റിൽ മാത്രമേ വാങ്ങാൻ പറ്റൂ

ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ വിഭാഗത്തിലെ മാരുതി സുസിക്കി ഡിസയറിന്റെ എക്കാലത്തേയും വലിയ എതിരാളിയാണ് ഹോണ്ട അമേസ്. എസ്‌യുവികൾക്കിടയിൽ പ്രതാപം മങ്ങിയെങ്കിലും ഇന്നും വിപണിയിലെ സെഡാൻ പ്രേമികളുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ് ഈ ജാപ്പനീസ് സുന്ദരി. നല്ല യാത്രാ സുഖവും ഡീസൽ എഞ്ചിനുമെല്ലാം തുടക്കകാലത്ത് അമേസിനെ വേറിട്ടുനിർത്തിയിരുന്ന കാര്യങ്ങളായിരുന്നു. എന്നാൽ പിന്നീട് മലിനീകരണ മാനദണ്ഡങ്ങൾ പുതുക്കിയതോടെ ഓയിൽ ബർണറിനോട് ഗുഡ്ബൈ പറഞ്ഞ് പെട്രോളിലേക്ക് കാർ ഒതുങ്ങിക്കൂടുകയായിരുന്നു. അവിടുന്നു തരക്കേടില്ലാതെ മുമ്പോട്ട് പോയ അമേസ് അടുത്തിടെ മൂന്നാംതലമുറയിലേക്ക് ചേക്കേറിയിരുന്നു.

പക്ഷേ രണ്ടാംതലമുറ മോഡലിനായിരുന്നു അപ്പോഴും ഫാൻസ് കൂടുതൽ. ഇതുമനസിലാക്കിയ കമ്പനി പുത്തൻ മോഡലിനൊപ്പം ഇതിന്റേയും വിൽപ്പന മുമ്പോട്ട് കൊണ്ടുപോയി. പല വേരിയന്റുകളിൽ വാങ്ങാൻ പറ്റിയിരുന്ന ഈ അമേസ് ഇനി അത്രയധികം ഓപ്ഷനുകളൊന്നും വാഗ്‌ദാനം ചെയ്യില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്. E, S, VX എന്നീ മൂന്ന് വകഭേദങ്ങളിൽ ഇത് ലഭ്യമായിരുന്നെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ മിഡ്-സ്പെക്ക് S ട്രിം ഒഴികെയുള്ള എല്ലാ ട്രിമ്മുകളും നിർത്തലാക്കിയിരിക്കുകയാണ്.

Second Gen Honda Amaze Now Available In A Single Middle S Variant

ഈ വിവരം കാർദേഖോയാണ് എക്‌ല്ക്ലൂസീവായി പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ കൂടുതൽ ഫീച്ചറുകൾ തേടുന്ന അമേസ് വേണമെങ്കിൽ പുതിയ മൂന്നാം തലമുറ മോഡൽ പരിഗണിക്കുകയല്ലാതെ മറ്റ് മാർഗമില്ല. പുത്തൻ മോഡലിന്റെ കച്ചോടം വർധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കമാണിതെന്ന് വ്യക്തമാവുന്നുണ്ട്. പഴയതുപോലെ ഓളമുണ്ടാക്കാൻ ADAS ടെക്കുമായി വന്ന പുതുതലമുറ മോഡലിനായില്ലെന്നതാണ് സത്യം.

നിലവിൽ വിപണിയിലുള്ള രണ്ടാംതലമുറ ഹോണ്ട അമേസ് S മാനുവലിന് 7.63 ലക്ഷം രൂപയും S സിവിടി ഓട്ടോമാറ്റിക്കിന് 8.53 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മറ്റ് വേരിയന്റുകൾ നിർത്തലാക്കിയെങ്കിലും വിൽപ്പനയ്ക്ക് എത്തുന്ന S മോഡലിന്റെ വിലയിൽ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ലെന്ന് ചുരുക്കം. ഡിസൈനും അതേപടി നിലനിർത്തിയാണ് വണ്ടി പുറത്തിറക്കുന്നത്.

Second Gen Honda Amaze Now Available In A Single Middle S Variant

പഴയ ഹോണ്ട അമേസിന്റെ ബോക്‌സി രൂപഘടന വ്യക്തമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും S വേരിയന്റിൽ ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, ക്രോം പൂശിയ 3-പീസ് ചങ്കി ഗ്രിൽ, കവറുകൾ ഉള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ പോലുള്ള ഹൈലൈറ്റുകളാണ് എക്സ്റ്റീരിയറിൽ ലഭിക്കുക. നേരത്തെ ടോപ്പ് എൻഡ് ZX ട്രിമിൽ നൽകിയിരുന്ന പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയൊന്നും ഇതിൽ ലഭിക്കില്ലെന്ന് ചുരുക്കം.

അകത്തളത്തിലേക്ക് കയറിയാൽ ബ്ലാക്ക്, ബീജ് നിറത്തിലുള്ള ക്യാബിൻ തീമും സീറ്റുകളിൽ ബീജ് ഫാബ്രിക് അപ്ഹോൾസ്റ്ററിയുമായാണ് ഹോണ്ട അമേസ് S വേരിയന്റ് വിപണിയിൽ എത്തുന്നത്. ഡാഷ്‌ബോർഡിൽ ചില ഓഡിയോ ഫംഗ്ഷനുകളുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 4 സ്പീക്കറുകളുള്ള ഒരു അടിസ്ഥാന മ്യൂസിക് സിസ്റ്റം, അനലോഗ് ഡയലുകളുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മോണോടോൺ മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) എന്നിവയും ഉൾപ്പെടുന്നുണ്ട്.

Second Gen Honda Amaze Now Available In A Single Middle S Variant

രണ്ടാം തലമുറ അമേസിന്റെ S വേരിയന്റിലെ മറ്റ് സവിശേഷതകളിൽ ഹീറ്ററുള്ള മാനുവൽ എസി, നാല് വാതിലുകളിലും പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ (ORVM-കൾ), ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ZX ട്രിമിൽ മുമ്പ് നൽകിയിരുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ എസി തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ നഷ്ടമാകുന്നുണ്ട്. ഈ ഗംഭീര ഫീച്ചറുകൾ വേണമെങ്കിൽ പുതിയ തലമുറ അമേസ് പരിഗണിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഡ്യുവൽ എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡേ/നൈറ്റ് റിയർ വ്യൂ മിറർ (IRVM) എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

പരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സബ്-4 മീറ്റർ സെഡാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 90 bhp പവറിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. മാനുവലിന് 18.65 കിലോമീറ്ററും സിവിടിയിൽ 19.46 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Tuesday, August 5, 2025, 11:42 [IST]
English summary
Second gen honda amaze now available in a single middle s variant details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X