ഫോർച്യൂണറിനെ തീർക്കാൻ വന്ന യൂറോപ്യൻ, പുത്തൻ കൊഡിയാക് 7-സീറ്റർ എസ്‌യുവിക്ക് കിടിലൻ വിലയിട്ട് സ്കോഡ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ സ്കോഡയുടെ പുത്തൻ 7-സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. കൈലാക് വന്ന പോലെ വിലയിൽ ചെറിയൊരു സർപ്രൈസുമായാണ് പുതുതലമുറ ആവർത്തനത്തിലുള്ള കൊഡിയാക്കിന്റെ വരവ്. ഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച സ്കോഡ കൊഡിയാക് ഇന്ത്യയിൽ അസംബിൾ ചെയ്‌താണ് പുറത്തിറക്കുന്നത്. സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 46.89 ലക്ഷം രൂപ മുതൽ 48.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന വിഭാഗത്തിലാണ് പുത്തൻ സ്കോഡ കൊഡിയാക്കും മത്സരത്തിനിറങ്ങുന്നത്. മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാലാണ് വില ഇത്രയും പിടിച്ചുനിർത്താൻ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിരിക്കുന്നത്.

രണ്ടാം തലമുറ എസ്‌യുവിക്ക് കിടിലൻ സ്റ്റൈലിംഗ്, കൂടുതൽ സവിശേഷതകളുള്ള പുതിയ ഇന്റീരിയർ, പവറിൽ നേരിയ വർധനവ് എന്നിവയെല്ലാം ലഭിക്കുമ്പോൾ വിലയുടെ കാര്യവും സെറ്റാണ്. പുതിയ കൊഡിയാക്കിനായുള്ള ബുക്കിംഗ് സ്കോഡ ഇന്ന് മുതൽ ആരംഭിക്കും. തുർന്ന് 2025 മെയ് 2 മുതൽ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സ്കോഡയുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യം ഉപയോഗിച്ചുകൊണ്ട് പുതിയ കൊഡിയാക് പണികഴിപ്പിച്ചിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ ഷാർപ്പും സ്പോർട്ടിയറുമായി വരുന്ന രൂപം എസ്‌യുവിക്ക് അന്യായ റോഡ് പ്രസൻസും സമ്മാനിക്കുന്നുണ്ട്. ബോൾഡ് ബട്ടർഫ്ലൈ ഗ്രിൽ, ഫോഗ് ലാമ്പുകളുമായി ജോടിയാക്കിയ സ്ലീക്കർ ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെ ഒഴുകുന്ന ലൈറ്റ് സ്ട്രൈപ്പുള്ള റീഡിസൈൻ ചെയ്ത റിയർ ലൈറ്റുകൾ എന്നിവയെല്ലാമാണ് ഡിസൈൻ ഹൈലൈറ്റുകൾ.

സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്. 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് കൊഡിയാക്കിനുള്ളത്.
17 മുതൽ 20 ഇഞ്ച് വരെ വലിപ്പങ്ങളിലുള്ള പുതിയ അലോയ് വീലുകളും പ്രീമിയം എസ്‌യുവിയുടെ ഭാഗമാവും. സൗകര്യത്തിനും സാങ്കേതികവിദ്യയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ സ്കോഡ കൊഡിയാക്കിന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. നീളം കൂടിയതിനാൽ ക്യാബിൻ സ്പേസും ബൂട്ട് സ്പേസും അധികം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. 7 സീറ്റർ കോൺഫിഗറേഷനുമായി വരുന്ന എസ്‌യുവിയിൽ നിരവധി നൂതന സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ടേ.

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ആകർശണം. സ്‌കോഡയുടെ പുതിയ സ്മാർട്ട് ഡയൽ സജ്ജീകരണം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റിംഗും കൂളിംഗും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് കൊഡിയാക്കിലെ പ്രീമിയം ഫീച്ചറുകൾ.
സേഫ്റ്റിയിലും അഡാറാണ് കക്ഷി. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത്. യാത്രക്കാരുടെ സംരക്ഷണവും വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ ഡ്രൈവിംഗ് എളുപ്പവും ഉറപ്പാക്കുന്നതിന് 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവയും സ്കോഡ സമ്മാനിച്ചിട്ടുണ്ട്.

2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം. ഇത് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ നിർമിക്കും. സ്റ്റാൻഡേർഡായി 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ഫുൾ-സൈസ് എസ്‌യുവിയുടെ ഭാഗമാണ്. മുമ്പത്തേക്കാൾ പെർഫോമൻസ് കൂടുതലാണെങ്കിലും മൈലേജിൽ വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല കേട്ടോ. ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്കോഡ ഇതിൽ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








