അടിപൊളി വണ്ടിയായിരുന്നു, 7-സീറ്റർ എസ്‌യുവിയുടെ കച്ചോടം പൂട്ടിക്കെട്ടി കമ്പനി; സന്തോഷിക്കാതെ എതിരാളികൾ
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളാണ് സ്കോഡ. റാപ്പിഡ്, ഒക്‌ടാവിയ, സൂപ്പർബ് പോലുള്ള തട്ടുപൊളിപ്പൻ സെഡാൻ മോഡലുകളിലൂടെ ജനങ്ങളെ കൈയിലെടുത്ത ബ്രാൻഡ് ഇന്ന് അതിവേഗം വളരുകയാണ്. അതിന് കാരണക്കാരയത് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എത്തിയ സ്ലാവിയ സി-സെഗ്മെന്റ് സെഡാനും കുഷാഖ് എന്ന മിഡ്-സൈസ് എസ്‌യുവിയുമാണ്. സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം ഒന്നിച്ച് കൊടുത്ത് ആളുകളെ മയക്കിയ ഇരുവരും നന്നായി കച്ചോടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ ചെറിയ വിലയ്ക്ക് കൈലാക് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയെത്തിച്ച് തരംഗം സൃഷ്ടിക്കാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഏവരേയും നിരാശപ്പെടുത്തുന്നൊരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ (Skoda). മറ്റൊന്നുമല്ല, തങ്ങളുടെ നിരയിലെ 7-സീറ്റർ ഫാമിലി എസ്‌യുവിയെ നിർത്തലാക്കിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. വളരെ പെട്ടന്നുള്ള തീരുമാനമായിരുന്നില്ലെങ്കിലും മോഡലിനെ സ്കോഡ തങ്ങളുടെ ഔദ്യോഗിക ഇന്ത്യ വെബ്സൈറ്റിൽ നിന്നും വരെ ഒഴിവാക്കിയിട്ടുണ്ട്.

ഏതാണ് വാഹനം എന്നല്ലേ, കൊഡിയാക് എന്ന പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ കച്ചോടമാണ് ബ്രാൻഡ് പൂട്ടിക്കെട്ടിയിരിക്കുന്നത്. പരിമിതമായ സംഖ്യകളിൽ മാത്രം വിപണനം ചെയ്യുന്ന കൊഡിയാക് ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോടാണ് മത്സരിക്കുന്നത്. വളരെ പരിമിതമായ എണ്ണത്തിൽ മാത്രം എത്തുന്നതിനാൽ ഇന്ത്യൻ വിപണിക്കായി അനുവദിക്കുന്ന കൊഡിയാക്കിന്റെ യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ടായിരുന്നു.
ഫോർച്യൂണറിന് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ഈ എസ്‌യുവിക്ക് ചെയ്യാനാവുമെന്നതാണ് ഹൈലൈറ്റ്. പിന്നെ യാത്രാ സുഖവും കൂടുതലായിരിക്കും. എന്നിട്ടും നിർത്തലാക്കിയത് എന്താണെന്ന് ചോദിച്ചാൽ ഒരു ട്വിസ്റ്റുണ്ട്. കൊഡിയാക്കിന്റെ പുതുതലമുറ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന ആവർത്തനത്തെ സ്കോഡ ഒഴിവാക്കിയിരിക്കുന്നത്.

പുതിയ കൊഡിയാക്കിന്റെ വില ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നതിനാൽ ആരും നിരാശപ്പെടേണ്ട കാര്യവുമില്ല. രണ്ട് വേരിയന്റുകളിലായിരിക്കും ഇത്തവണ കൊഡിയാക് ലഭ്യമാവുകയെന്നാണ് വിവരം. മുമ്പ് ഒരൊറ്റ വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന സ്‌കോഡ കൊഡിയാക് L&K പതിപ്പിന് 41.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്.
190 bhp കരുത്തിൽ 320 Nm torque വരെ വികസിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനായിരുന്നു നിർത്തലാക്കിയ സ്കോഡ കൊഡിയാക്കിന് തുടിപ്പേകിയിരുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ് എസ്‌യുവി വാങ്ങാനാവുന്നത്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ കൊഡിയാക്കിൽ കിട്ടില്ലെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജുവൽ എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകളും ഓൾ-വീൽ ഡ്രൈവ് സംവിധാനവും സ്കോഡ കൊഡിയാക്കിൽ സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. പുതുതലമുറ മോഡൽ വരുമ്പോഴും ഇതേ എഞ്ചിൻ തന്നെയായിരിക്കും സ്കോഡ ഘടിപ്പിക്കുകയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് പുറത്തും അകത്തും നിരവധി മാറ്റങ്ങളുമുണ്ടാവും.
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക് അസംബിൾ ചെയ്യുന്നത് തുടരും. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് വാഹനം പിടിച്ചുനിന്നതും. എന്തായാലും അനിവാര്യമായ തലമുറ മാറ്റത്തിലൂടെ വമ്പൻമാരായ ടൊയോട്ട ഫോർച്യൂണറിനെയെല്ലാം പിടിച്ചുകെട്ടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








