ക്രെറ്റയെ ഒതുക്കി ആളാവണം, മുഖംമിനുക്കി സ്കോഡയുടെ ചക്രവർത്തി എത്തുന്നു! ഫീച്ചറുകൾ കേട്ടാൽ ഹ്യുണ്ടായി ഞെട്ടും
പുതിയ തന്ത്രങ്ങൾ പയറ്റി ഇന്ത്യൻ വാഹന വിപണിയിൽ മുന്നോട്ട് കുതിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി ആദ്യം എത്തിയ കുഷാഖ് വലിയ വിജയം കൊയ്‌തപ്പോൾ അവസാനമെത്തിയ കൈലാക് അതിലും വലിയ ഹിറ്റാണ് അടിച്ചെടുത്തത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ് കുഷാഖ്. വിപണിയിലെത്തിയിട്ട് ഏറെക്കാലമായതിനാൽ സെഗ്മെന്റിൽ എതിരാളികൾക്ക് പിന്നിലാണ് കക്ഷിയുടെ സ്ഥാനം. പുതിയ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് കൂടുതൽ ശക്തിയാർജിക്കാൻ ഒരുങ്ങുകയാണ് സ്കോഡയുടെ ചക്രവർത്തി. കുഷാഖിലൂടെ രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് കമ്പനി എത്തിയിട്ട് ഏകദേശം നാല് വർഷമായി.
അതിന്റെ ഭാഗമായി എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെയോ വാഹനം വിപണിയിലെത്തുമെന്നാണ് അനുമാനം. സെഗ്മെന്റിനെ കൈയിലെടുക്കാനും ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളോട് മല്ലിടാനുമായി കിടിലൻ ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയാണ് ഇത്തവണ കുഷാഖിനെ യൂറോപ്യൻ ബ്രാൻഡ് അണിയിച്ചൊരുക്കുന്നത്.

നിലവിൽ സജീവ പരീക്ഷണയോട്ടത്തിലുള്ള മിഡ്-സൈസ് എസ്‌യുവി നിലവിലുള്ള എഞ്ചിനുകൾ നിലനിർത്തിക്കൊണ്ട് 2026 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ശ്രദ്ധേയമായ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളും അവതരിപ്പിക്കും. മുഖംമിനുക്കിയെത്തുന്ന കുഷാഖിൽ അല്പം മെലിഞ്ഞ ലംബ സ്ലാറ്റുകളുള്ള ഒരു ഗ്രിൽ, കണക്റ്റഡ് ഡിആർഎൽ സജ്ജീകരണമുള്ള റീഡിസെൻ ചെയ്ത ഹെഡ്‌ലാമ്പുകൾ, ലോവർ-സെറ്റ് ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഉൾപ്പെടുമെന്നാണ് വിവരം.
ഇതുകൂടാതെ പുതിയ കൊഡിയാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കണക്റ്റഡ് ടെയിൽലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയും എസ്‌യുവിയിൽ ഉണ്ടാകും. അങ്ങനെ മൊത്തത്തിൽ മോഡേണാവാൻ കുഷാഖിന് സാധിക്കുമെന്നതാണ് രസകരമായ കാര്യം. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും ഉടച്ചുവാർക്കലുകളുണ്ടാവുമെന്നാണ് അനുമാനം.

സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), പനോരമിക് സൺറൂഫ് എന്നിവയായിരിക്കും ഇടംപിടിക്കുക. മറ്റ് ഫീച്ചറുകൾ നിലവിലെ മോഡലിൽ നിന്ന് അതേപടി കൊണ്ടുപോവും. അതായത് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയെല്ലാം അതേപടി നിലനിർത്തും.
8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ വെന്റുകളുള്ള ഓട്ടോ എസി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നീ മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മൊത്തത്തിൽ കളറാവും.

മെക്കാനിക്കലായി യാതൊരുവിധ നവീകരണങ്ങളും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന കുഷാഖിലെ അതേ 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ കമ്പനി അതേപടി നിലനിർത്തും. ഇതിൽ ആദ്യത്തെ ചെറിയ ശേഷിയുള്ള എഞ്ചിൻ 115 bhp പവറിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
1.0 ലിറ്റർ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 bhp കരുത്തിൽ 250 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയ്ക്ക് പുറമെ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ എന്നിവയുമായും കുഷാഖിന് മത്സരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








