ഇഷ്‌ടപ്പെട്ട വണ്ടിയിൽ ഇഷ്‌ടമുള്ള നിറം വേണമെങ്കിലും കാശ് അധികം വേണം, സ്കോഡയുടെ പുതിയ തീരുമാനം ഇങ്ങനെ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് സ്കോഡ. കുഷാഖ് സ്ലാവിയ മോഡലുകളിലൂടെ പിടിച്ചുകയറിയ ബ്രാൻഡ് കൈലാക് എന്നൊരു കൊച്ചുമിടുക്കനേയും നിരയിലേക്ക് കൊണ്ടുവന്നാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മലയാളി പേരിട്ട കോംപാക്‌ട് എസ്‌യുവി ഹിറ്റടിച്ച് മുന്നേറുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. അടുത്തിടെ മിഡ്-സൈസ് കാറുകളെ 2025 മോഡൽ ഇയർ പരിഷ്ക്കാരം നൽകി കമ്പനി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. ഡിസൈൻ അല്ലെങ്കിൽ ഫീച്ചർ തിരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെങ്കിലും വില കുറച്ചാണ് ഇരുവരേയും സ്കോഡ വിപണിയിൽ പുതുക്കി അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെക്ക് റിപ്പിബ്ലിക്കൻ വാഹന നിർമാതാക്കൾ.
സ്കോഡ കുഷാഖ്, സ്ലാവിയ എന്നിവയുടെ തെരഞ്ഞെടുത്ത മോണോടോൺ, ഡ്യുവൽ-ടോൺ നിറങ്ങളിൽ വാങ്ങിയാൽ ഇനി മുതൽ 10,000 രൂപ അധികം മുടക്കേണ്ടി വന്നേക്കും. അതായത് എൻട്രി ലെവൽ കുഷാഖ് ക്ലാസിക് വേരിയന്റിൽ കാൻഡിക് വൈറ്റ്, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, കാർബൺ സ്റ്റീൽ എന്നീ നിറങ്ങൾ സ്റ്റാൻഡേർഡായിരിക്കും. എന്നാൽ ലാവ ബ്ലൂ വേണമെന്നുള്ളവർ അധിക തുക നൽകേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം ടോപ്പ്-സ്പെക്ക് കുഷാഖ് പ്രസ്റ്റീജ് 6 മോണോടോണിലും 2 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്. കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ ഡ്യുവൽ ടോൺ, ലാവ ബ്ലൂ ഡ്യുവൽ ടോൺ എന്നിവ ഇനി മുതൽ അധികം മുടക്കിയാൽ മാത്രമേ വാങ്ങാനാവൂ. ഈ തെരഞ്ഞെടുത്ത നിറങ്ങൾക്ക് 10,000 രൂപ അധിക വില കണക്കിലെടുക്കുമ്പോൾ കുഷാക്കിന്റെ വിലയും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്.
മാരുതി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പൻമാരോട് ഏറ്റമുട്ടുന്ന സ്കോഡ കുഷാഖിന് ഇപ്പോൾ 10.99 ലക്ഷം മുതൽ 19.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇനി സെഡാനായ സ്ലാവിയയുടെ കാര്യത്തിലേക്ക് വന്നാലും കാര്യങ്ങൾ സമാനമാണെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. സ്ലാവിയയിൽ ലഭ്യമായ ഓപ്ഷണൽ കളർ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള നിറങ്ങൾ കുഷാഖിലേതിന് സമാനമാണ്.

എൻട്രി ലെവൽ സ്ലാവിയ ക്ലാസിക് കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. എന്നാൽ ഈ വേരിയന്റിൽ ലാവ ബ്ലൂ കളർ ഓപ്ഷൻ വേണ്ടവരിൽ നിന്നും സ്കോഡ 10,000 രൂപ കൂടുതൽ ഈടാക്കും. ടോപ്പ് എൻഡ് സ്ലാവിയ പ്രസ്റ്റീജ് മോഡൽ സ്റ്റാൻഡേർഡായി 6 മോണോടോണിലും 2 ഡ്യുവൽ-ടോൺ നിറങ്ങളിലുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതിൽ കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ ഡ്യുവൽ ടോൺ, ലാവ ബ്ലൂ ഡ്യുവൽ ടോൺ എന്നീ നിറങ്ങളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അധികമായി 10,000 രൂപ മുടക്കേണ്ടതായുണ്ട്. അങ്ങനെ സ്ലാവിയയുടെ എക്സ്ഷോറൂം വില ഇപ്പോൾ 10.34 ലക്ഷം മുതൽ 18.34 ലക്ഷം രൂപ വരെയാണ്. മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെർണ പോലുള്ള മോഡലുകളോടാണ് സ്ലാവിയയുടെ മത്സരം.

ഇതിന് പുറമെ രണ്ട് മോഡലുകളിലും മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. 114 bhp പവറിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 148 bhp കരുത്തിൽ 250 Nm ടോർക്ക് വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കുഷാഖിലും സ്ലാവിയയിലും പ്രവർത്തിക്കുന്നത്. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.
ഇന്ത്യയിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതിനാൽ 2025 കലണ്ടർ വർഷം സ്കോഡയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുതിയ സ്കോഡ കൊഡിയാക് ഏപ്രിലിൽ പുറത്തിറങ്ങും. തുടർന്ന് ഒക്ടാവിയ RS, ഒക്ടാവിയ ഡീസൽ എന്നിവയും സെപ്റ്റംബറോടെ പുറത്തിറങ്ങുമെന്നാണ് വിവരം. കൂടാതെ ബ്രാൻഡിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിനായി കുഷാഖ്, സ്ലാവിയ എന്നിവയുടെ ആനിവേഴ്‌സറി എഡിഷനുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും എത്തിയേക്കും.


Click it and Unblock the Notifications








