ആനിവേഴ്‌സറിക്ക് ഇന്ത്യക്കാർക്ക് ഗിഫ്റ്റ്, എസ്‌യുവികളുടെ പുതിയ ഗ്ലാമർ മോഡലുകളുമായി സ്കോഡ
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായി വളർന്നുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി പുറത്തിറക്കിയ കുഷാഖും സ്ലാവിയയും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നേറുകയാണ്. ഒപ്പം ചെറു എസ്‌യുവി വിഭാഗത്തിലേക്ക് കൈലാക് കൂടിയെത്തിയതോടെ ആളുകളുടെ ഫേവറീറ്റ് കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്കോഡ. സേഫ്റ്റിയും പെർഫോമൻസും ഒന്നിച്ച് വരുന്ന യൂറോപ്യൻ നിലവാരമുള്ള ഇന്ത്യൻ കാറുകളാണ് സ്കോഡ ഇപ്പോൾ പുറത്തിറക്കുന്നത്. ഇന്ത്യൻ വിപണിയിൽ 25 വർഷവും ആഗോളതലത്തിൽ 130 വർഷവും പൂർത്തിയാക്കിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ.
ഈ ആഘോഷങ്ങളുടെ ഭാഗമാടയി കുഷാഖ്, സ്ലാവിയ, കൈലാക് എന്നിവയുടെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ ഓട്ടോ. ഇവയെ കൂടുതൽ എക്സ്ക്ലൂസീവ് ആക്കുന്നതിനായി ഓരോ മോഡലുകളുടേയും 500 യൂണിറ്റുകൾ മാത്രമേ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് നിർമിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി പരിഷ്ക്കാരങ്ങളാണ് മൂന്ന് കാറുകൾക്കും കൊടുത്തിരിക്കുന്നത്.

ഈ ലേഖനത്തിൽ സ്കോഡയുടെ എസ്‌യുവി മോഡലുകളായ കൈലാക്, കുഷാഖ് എന്നിവയുടെ ആനിവേഴ്‌സറി എഡിഷനുകളെ കുറിച്ചാണ് വിശദീകരിക്കാൻ പോവുന്നത്. കമ്പനി പറയുന്നത് അനുസരിച്ച് 25-ാം ആനിവേഴ്‌സറി ബാഡ്ജിംഗാണ് ഇവയിലെ ആദ്യത്തെ പ്രത്യേകത. കൂടാതെ 360-ഡിഗ്രി ക്യാമറ സിസ്റ്റം, പാഡിൽ ലാമ്പുകൾ, അണ്ടർബോഡി ലൈറ്റിംഗ്, പ്രത്യേക ബോഡി ഗാർണിഷുകൾ തുടങ്ങിയ പ്രീമിയം ടച്ചുകൾ ഉൾക്കൊള്ളുന്ന സൗജന്യ ആക്‌സസറീസ് കിറ്റും മോഡലുകൾക്കൊപ്പം ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.
സ്കോഡ കുഷാഖ് മോണ്ടി കാർലോ ലിമിറ്റഡ് എഡിഷൻ ഡീപ് ബ്ലാക്ക് അല്ലെങ്കിൽ ടൊർണാഡോ റെഡ് കളർ ഓപ്ഷനുകളിൽ വ്യത്യസ്ത ആക്‌സന്റുകളോടെ ലഭിക്കും. പ്രസ്റ്റീജ്, സിഗ്നേച്ചർ പ്ലസ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ള കൈലാക് ലിമിറ്റഡ് എഡിഷൻ 7 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയുമാണ് വിപണിയിൽ എത്തുന്നത്. മെക്കാനിക്കലായി സമാനമായി തുടരുന്നതിനാൽ മറ്റ് മാറ്റങ്ങളൊന്നും മോഡലുകളിൽ നടപ്പിലാക്കിയിട്ടില്ല.

കുഷാഖ് ആനിവേഴ്‌സറി എഡിഷന്റെ 1.0 ലിറ്റർ ടിഎസ് പെട്രോൾ മാനുവലിന് 16.39 ലക്ഷവും ഓട്ടോമാറ്റിക് വേരിയന്റിന് 17.49 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സ്പെഷ്യൽ എഡിഷന്റെ 1.5 ലിറ്റർ മോഡൽ ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് 19.09 ലക്ഷമാണ് ചെലവാക്കേണ്ടി വരിക. ഇനി കൈലാക്കിന്റെ കാര്യത്തിലേക്ക് വന്നാൽ വില കുറച്ച് കുറയും.
പക്ഷേ സിഗ്നേച്ചർ പ്ലസ് അല്ലെങ്കിൽ പ്രസ്റ്റീജ് മാനുവൽ ഓപ്ഷനുകളിൽ മാത്രമേ കോംപാക്‌ട് എസ്‌യുവിയുടെ ആനിവേഴ്‌സറി എഡിഷൻ വാങ്ങാനാവൂവെന്ന് മാത്രം. ഇവയ്ക്ക് 11.25 ലക്ഷവും 12.89 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി സ്കോഡ നിശ്ചയിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൈലാക് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവലിന് 115 bhp പവറിൽ 178 Nm torque വരെ നിർമിക്കാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയാണ് കൈവരിക്കാനാവുന്നത്. അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. ഇനി കുഷാഖ് ആനിവേഴ്‌സറി എഡിഷനിലേക്ക് വന്നാൽ 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.
ഇതിൽ ആദ്യത്തെ ചെറിയ യൂണിറ്റ് കൈലാക്കിന് സമാനമായി പരമാവധി 115 bhp കരുത്തും 175 Nm ടോർക്കും വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ടാമത്തെ ഫോർ സിലിണ്ടർ 1.5 എഞ്ചിൻ 150 bhp പവറിൽ പരമാവധി 250 Nm ടോർക്ക് വരെ നിർമിക്കാൻ കഴിവുള്ളകാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും അടിപൊളിയാണ് സ്കോഡയുടെ രണ്ട് എസ്‍യുവികളും.


Click it and Unblock the Notifications








