മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ എസ്‌യുവി തിരിച്ചുവരുന്നു, ഈ ദിവസം മുതൽ ബുക്ക് ചെയ്യാമെന്ന് സ്കോഡ
ഇന്ത്യയിലെ സ്പോർട് യൂട്ടിലിറ്റി വാഹന വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കുഷാഖിലൂടെ തീർത്ത വിസ്‌മയം കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലും തീർക്കാനായി കൈലാക് എന്നൊരു തട്ടുപൊളിപ്പൻ മോഡലിന് കമ്പനി അടുത്തിടെ രൂപംകൊടുത്തിരുന്നു. കൈലാക് എന്ന് മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. സാധാരണക്കാരനും താങ്ങാനാവുന്ന വിലയിലെത്തിയ വാഹനത്തെ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുമാത്രമല്ല, ഒന്നാന്തരം ടിഎസ്ഐ പെട്രോൾ എഞ്ചിൻ, അഡാറ് സേഫ്റ്റി, മികച്ച ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തുചേർന്നാണ് കൈലാക് നിർമിച്ചിരിക്കുന്നതും.
ഇതെല്ലാം മനസിലാക്കിയ ഇന്ത്യക്കാർ സ്കോഡയുടെ കുഞ്ഞനെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളിൽ സ്കോഡയുടെ എൻട്രി ലെവൽ എസ്‌യുവി വാങ്ങാൻ എത്തിയത് 10,000 പേരാണ്. ഇതിൽ കൂടുതൽ ആളുകൾക്കും കൈലാക്കിന്റെ ബേസ് വേരിയന്റായ ക്ലാസിക്കായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ആദ്യ ബാച്ചിലെ ബേസ് മോഡലെല്ലാം വിറ്റഴിച്ച ബ്രാൻഡ് ഈ വകഭേദത്തിനായുള്ള ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചിരുന്നു.

ഇപ്പോഴിതാ സന്തോഷം തരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല, തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ കൈലാക്കിന്റെ ബേസ് ക്ലാസിക് വേരിയന്റിനായുള്ള ബുക്കിംഗ് ജനുവരി 27 മുതൽ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോഡ ഓട്ടോ ഇന്ത്യ. കൈലാക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നതിനെ തുടർന്ന് വേരിയന്റിനുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചിരുന്നു.
സ്കോഡയുടെ ആദ്യത്തെ കോംപാക്‌ട് എസ്‌യുവിക്കായുള്ള ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്ന് മുതൽ സ്കോഡ ടെസ്റ്റ് ഡ്രൈവുകൾക്കായി വാഹനം വാഗ്ദാനം ചെയ്യാൻ തുടങ്ങും. ഇതോടെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഷോറൂമിലെല്ലാം വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. വില കുറവാണെങ്കിലും നിർമാണ നിലവാരത്തിലും ഫീച്ചറുകളിലും സേഫ്റ്റിയിലും പെർഫോമൻസിലും ഒന്നും യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് കൈലാക് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക്കിന്റെ ബേസ് വേരിയന്റിൽ ഹെഡ്‌ലാമ്പുകൾക്കും ടെയിൽലാമ്പുകൾക്കും എൽഇഡി ലൈറ്റിംഗ്, 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൌണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളെല്ലാം സ്കോഡ സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് പ്രത്യേകത.
അതേസമയം കൈലാക്കിന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റുകളിൽ കൊടുത്തിരിക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ അല്ലെങ്കിൽ ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ക്ലാസിക് ട്രിമിൽ ഉണ്ടാവില്ല കേട്ടോ. എങ്കിലും എക്സ്ഷോറൂം വിലയായി മുടക്കുന്ന 7.89 ലക്ഷം രൂപയ്ക്കുള്ള എല്ലാത്തരം സംവിധാനങ്ങളും വണ്ടിയിലുണ്ടെന്ന് തന്നെ പറയാം.

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൈലാക്കിന് കരുത്ത് പകരുന്നത്. ഇത് 114 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്ലാസിക് വേരിയന്റിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂവെങ്കിലും മിഡ്, ടോപ്പ് വേരിയന്റുകളിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓപ്ഷനും ലഭിക്കുമെന്ന് സ്കോഡ അറിയിച്ചിട്ടുണ്ട്.
ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ 7 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് കൈലാക് വാങ്ങാനാവുക. സ്കോഡ കൈലാക് വാങ്ങുന്ന ആദ്യത്തെ 33,333 ഉപഭോക്താക്കൾക്ക് പ്രത്യേക മെയിൻ്റനൻസ് പാക്കേജും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുവഴി എസ്‌യുവിയുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 0.24 രൂപയായി കുറയ്ക്കാൻ സാധിക്കും.
സ്റ്റാൻഡേർഡായി 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടിയും കൈലിക്കിന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് നൽകുന്നുണ്ടെന്നതിനാൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ട. ക്ലാസിക്കിന് ശേഷം സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം രൂപയുമാണ് വില. സിഗ്നേച്ചർ പ്ലസ് മാനുവലിന് 11.40 ലക്ഷം രൂപ, ഓട്ടോമാറ്റിക്കിന് 12.40 ലക്ഷം എന്നിങ്ങനെ വില വരുമ്പോൾ 14.40 ലക്ഷം രൂപ വരെയാണ് കൈലാക്ക് പ്രസ്റ്റീജ് ടോപ്പ് എൻഡിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








