ഒന്നാമതെ വില കുറവ്, കൈലാക്കിൽ മൈലേജ് കൂടുന്ന മാന്ത്രികവിദ്യയും പരീക്ഷിക്കാൻ സ്കോഡ; എട്ടിന്റെ പണി ബ്രെസയ്ക്ക്
സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Volkswagen). ഫോക്‌സ്‌വാഗണുമായി (Volkswagen) ചേർന്ന് അവതരിപ്പിച്ച ഇന്ത്യ 2.0 പദ്ധതികളുടെ ഭാഗമായി പുറത്തിറക്കിയ കുഷാഖും സ്ലാവിയയും ഇന്ത്യക്കാരുടെ കണ്ണിലുണ്ണികളായപ്പോൾ ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കമ്പനി പുത്തനൊരു കോംപാക്‌ട് എസ്‌യുവിക്കും അടുത്തിടെ രൂപംകൊടുത്തിരുന്നു. മാരുതി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ മിഡിൽ-ക്ലാസുകാരന്റെ എസ്‌യുവികളോട് മത്സരിക്കാനെത്തിയ കൈലാക് വിജയം കാണുകയും ചെയ്‌തിട്ടുണ്ട്. അതിന്റെ പ്രധാനകാരണം മത്സരാധിഷ്‌ഠിതമായ വില നിർണയവും യൂറോപ്യൻ നിർമാണ നിലവാരവും ഒന്നിച്ച് കിട്ടുമെന്നത് തന്നെയാണ്.
ഒപ്പം ബ്രാൻഡിന്റെ ടിഎസ്ഐ പെട്രോൾ എഞ്ചിൻ കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുമുണ്ട്. നിലവിൽ കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡൽ കൂടിയാണ് കൈലാക്. നിലവില്‍ പ്രതിമാസം 5,000 യൂണിറ്റ് കൈലാക്കുകളാണ് ഹോണ്ട കൈമാറി വരുന്നത്. കുറഞ്ഞ വിലയില്‍ മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചെത്തിയ എസ്‌യുവി ഇതിലൊന്നും ഒതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നതാണ് പുതിയ വാർത്ത.

കൈലാക്കിന്റെ ആകർഷണം വർധിപ്പിക്കുന്നതിനായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിർമാതാക്കൾ മോഡിലിന് ഒരു പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ കൈലാക്കിന്റെ പുതിയ വകഭേദം പുറത്തിറക്കിയേക്കാമെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്തയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
സാധാരണക്കാരന് വേണ്ടിയുള്ള എസ്‌യുവിയായതിനാൽ കൈലാക്കിലേക്ക് ഒരു ബേസ് വേരിയന്റാവും എത്തുക. കൈലാക് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ള ഓപ്ഷനുകൾ വർധിപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ഉന്നംവെക്കുന്നത്. ഈ വകഭേദം വിപണിയിലെത്തിക്കാൻ കമ്പനിക്ക് ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെ എടുക്കുമെന്നും ആശിഷ് ഗുപ്ത പറഞ്ഞു. അങ്ങനെയെങ്കിൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുത്തൻ വേരിയന്റ് സ്കോഡ കൈലാക് നിരയിൽ ചേരുമെന്ന് പ്രതീക്ഷിക്കാം.

സാധാരണ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്ക് പുറമെ, ഈ സെഗ്‌മെന്റിലെ മറ്റൊരു ജനപ്രിയ ചോയ്‌സാണ് സിഎൻജി. കൈലാക്കിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എസ്‌യുവിയിലേക്ക് പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ പവർട്രെയിൻ അവതരിപ്പിക്കാനുള്ള പദ്ധതി സ്കോഡ പരിഗണിക്കുന്നുമുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള വാഹനം കിട്ടുന്നത് ഇന്ത്യക്കാർക്ക് എന്നും സന്തോഷമുള്ള കാര്യമാണ്.
എന്നാൽ ഈയൊരു കാര്യത്തെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല കേട്ടോ. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ കൈലാക്കിന് ഇപ്പോൾ 8.25 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേണമെങ്കിൽ 13.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതായുണ്ട്. സ്കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും പണിതിറക്കിയിരിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്.

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി നിയമിച്ചിരിക്കുന്നത്. 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന എഞ്ചിൻ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നത്. വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയാണ് കൈവരിക്കാനാവും.
അതേസമയം സ്കോഡ കൈലാക്കിന്റെ ടോപ്പ് സ്പീഡ് 188 കിലോമീറ്ററാണ്. മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.


Click it and Unblock the Notifications








