വില 7.89 ലക്ഷം, മൈലേജ് 19.68 കി.മീ, സേഫ്റ്റി 5-സ്റ്റാർ! ഈ കുഞ്ഞൻ എസ്‌യുവി ഇതുവരെ ബുക്ക് ചെയ്‌തത് 20,000 പേർ
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് സ്കോഡ വരുന്നുവെന്ന് കേട്ടപ്പോഴെ മാരുതി സുസുക്കിക്കും ടാറ്റ മോട്ടോർസിനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും ഹ്യുണ്ടായിക്കും കിയക്കുമെല്ലാം നെഞ്ചിടിപ്പ് കൂടിയിരുന്നു. താങ്ങാനാവുന്ന വിലയിട്ട് ആളുകളെ കൈയിലെടുക്കാൻ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് കഴിഞ്ഞതോടെ എതിരാളികൾക്ക് പണികിട്ടികഴിഞ്ഞുവെന്ന് മനസിലായി. കുറഞ്ഞ വിലയാണെങ്കിലും യൂറോപ്യൻ നിലവാരത്തിൽ പണികഴിപ്പിച്ച കൈലാക് ഇതിനോടകം പലരുടേയും ഡ്രീം കാറുകളിൽ ഒന്നായി മാറിയിട്ടുണ്ട്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്കോഡയുടെ എസ്‌യുവി കിട്ടിയാൽ എങ്ങനെ മുഖംതിരിക്കും അല്ലേ.
അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും. ഡിസംബർ രണ്ടിന് സ്കോഡ കൈലാക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ 10 ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗുകളാണ് ചെക്ക് ബ്രാൻഡിന്റെ കുഞ്ഞൻ എസ്‌യുവി വാരിക്കൂട്ടിയത്. ഇപ്പോഴിതാ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 20,000 കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ആധിപത്യം പുലർത്തുന്ന വിപണിയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താൻ സ്കോഡ കൈലാക്കിന് അതിവേഗം സാധിച്ചുവെന്ന് വേണം കരുതാൻ. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വ്യത്യസ്ത വേരിയന്റുകളിലാണ് സ്കോഡയുടെ കോംപാക്‌ട് എസ്‌യുവി ലഭ്യമാകുന്നത്.
വേരിയന്റ് തിരിച്ചുള്ള വിലകളിലേക്ക് നോക്കിയാൽ സ്കോഡ കൈലാക് ബേസ് മോഡലായ ക്ലാസിക്കിന് 7.89 ലക്ഷമാണ് വില വരുന്നത്. 20,000 ബുക്കിംഗ് ലഭിച്ചതിൽ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങാനെത്തിയും ബേസ് വേരിയന്റാണെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ആദ്യ ബാച്ചിൽ കരുതിവെച്ചിരുന്ന കൈലാക്കിന്റെ ബേസ് മോഡൽ പൂർണമായും വിറ്റഴിക്കാനും സ്കോഡയ്ക്കായി.

പിന്നെ കുറച്ച് ദിവസത്തേക്ക് കൈലാക്കിന്റെ ബേസ് മോഡലിനായുള്ള ബുക്കിംഗും കമ്പനി നിർത്തിവെക്കുകയുണ്ടായി. ഇപ്പോൾ രണ്ടാം ഘട്ടത്തിൽ ഇത് പുരാരംഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കൈലാക് സിഗ്നേച്ചറിലേക്ക് നോക്കിയാൽ ഇതിന് 9.59 ലക്ഷമാണ് വില വരുന്നത്. ഈ വേരിയന്റിന്റെ ഓട്ടോമാറ്റിക് വേണമെങ്കിൽ 10.59 ലക്ഷവും മുടക്കേണ്ടി വരും. സിഗ്നേച്ചർ പ്ലസ് മാനുവലിന് 11.40 ലക്ഷവും ഓട്ടോമാറ്റിക്കിന് 12.40 ലക്ഷവുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
സ്കോഡ കൈലാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റായ പ്രസ്റ്റീജ് മാനുവലിന് 13.35 ലക്ഷവും ഓട്ടോമാറ്റിക്കിന് 14.40 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുന്നത്.

മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 188 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന സ്കോഡ കൈലാക്കിന് 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാനാവുമെന്നും കമ്പനി പറയുന്നു. അഡാറ് പെർഫോമൻസാണുള്ളതെങ്കിലും മൈലേജിന്റെ കാര്യത്തിൽ കുറവൊന്നും വരുത്തിയിട്ടില്ല കേട്ടോ. ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.
അതേസമയം ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നും സ്കോഡ പറയുന്നു. സെഗ്മെന്റിലെ മറ്റ് പെട്രോൾ എസ്‌യുവികളുടെ മൈലജുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ നെക്സോണിനേയും ബ്രെസയേയും വരെ കൈലാക്കിന് തൂക്കിയടിക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ. ഇക്കഴിഞ്ഞ ദിവസം ഡെലിവറി ആരംഭിച്ചതിനാൽ കൈലാക്കിനെ തേടി കൂടുതൽ ആളുകൾ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications








