വെച്ചടി വെച്ചടി മേലോട്ട്, വില കൂട്ടിയിട്ടും മിഡിൽ ക്ലാസുകാരന്റെ സ്കോഡ എസ്‌യുവി വാങ്ങാൻ ആളുകളുടെ ക്യൂ
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ അവതരിപ്പിച്ച കരുത്തനാണ് കൈലാക്. യൂറോപ്യൻ നിർമാണ നിലവാരം, അഡാറ് സേഫ്റ്റി, താങ്ങാനാവുന്ന വില, ഒന്നാന്തരം ഫീച്ചറുകൾ, പൊളപ്പൻ എഞ്ചിൻ തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നിച്ച് കിട്ടുന്ന അപൂർവം സബ്-കോംപാക്‌ട് എസ്‌യുവിയാണ് സ്കോഡ കൈലാക്. മലയാളി പേരിട്ട വണ്ടി എന്തായാലും ആളുകൾക്ക് പെരുത്തിഷ്‌ടായിട്ടുണ്ട്. 2024 നവംബറിൽ അവതരിപ്പിച്ച മോഡലിന്റെ ഡെലിവറി തുടങ്ങിയത് ഈ വർഷം ജനുവരി അവസാനത്തോടെയായിരുന്നു.
അവിടുന്ന് ഇങ്ങോട്ട് സ്കോഡയുടെ കച്ചോടത്തിലുണ്ടായ വർധവിന് കാരണമായിരിക്കുന്നത് കൈലാക് തന്നെയാണ്. വിൽപ്പന ആരംഭിച്ച 2025 ജനുവരിയിൽ സ്കോഡ 1,245 യൂണിറ്റുകളാണ് വിറ്റഴിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ കൈലാക്കിന്റെ 3,636 യൂണിറ്റുകളും മാർച്ചിൽ 5,327 യൂണിറ്റുകളുമായി എസ്‌യുവിയുടെ വിൽപ്പന ഉയർന്നു. പോയമാസം അതായത് 2025 ഏപ്രിലിൽ ഈ സംഖ്യ 5,364 ആയി വർധിച്ചു.

സ്കോഡ കൈലാക്കിനോട് ഇന്ത്യക്കാർ എത്രത്തോളം നന്നായി പ്രതികരിച്ചുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം വിപണിയിലെത്തിയ വാഹനത്തിലെ സേഫ്റ്റിയും ഫീച്ചറുകളുമാണെന്ന് വേണമെങ്കിൽ പറയാം. ഒപ്പം വിലയുടെ കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ കൈലാക്കിന് ഇപ്പോൾ 8.25 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.
അതേസമയം ടോപ്പ് എൻഡ് വേണമെങ്കിൽ 13.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും. സ്കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും പണിതിറക്കിയിരിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി നിയമിച്ചിരിക്കുന്നത്.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സ്കോഡ കൈലാക്കിന് 115 bhp പവറിൽ 178 Nm torque വരെ നിർമിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയാണ് കൈവരിക്കാനാവുന്നത്. അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.
മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്. ഫീച്ചറുകളിലേക്ക് വന്നാൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ എന്നിവയെല്ലാം എസ്‌യുവിയിൽ കിട്ടും.

കഴിഞ്ഞില്ല, ഇതിന് പുറമെ ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും അടിപൊളിയാണെന്ന് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയായ കൈലാക് തെളിയിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യത്തിലാണ് കൈലാക് പണിതിറക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയന്റിൽ പോലും സ്റ്റാൻഡേർഡായിട്ടാണ് കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications








