ബ്രെസയുടെ കച്ചോടം ഇന്ന് മുതൽ കുറയും, രാജ്യം കാത്തിരുന്ന എസ്‌യുവി നിരത്തിലേക്ക്; വില 7.89 ലക്ഷം മുതൽ
രാജ്യം കാത്തിരുന്ന കുഞ്ഞൻ സ്കോഡ (Skoda Kylaq) എസ്‌യുവിക്കായുള്ള ഡെലിവറി ഇന്ന് ആരംഭിക്കും. നവംബറിൽ ഇന്ത്യക്കായി സമർപ്പിച്ച കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം നിരത്തിലിറങ്ങാൻ വാഹന പ്രേമികൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നുവെന്ന് വേണം പറയാൻ. കുറഞ്ഞ വില, നല്ല സേഫ്റ്റി, ഉഗ്രൻ പെർഫോമൻസ് എന്നിവയുടെ സംയോജനവുമായി വരുന്ന കൈലാക്കിന് പേരിട്ടത് ഒരു മലയാളികൂടിയാണെന്ന് പറഞ്ഞാൽ നമ്മുടെ സന്തോഷം ഇരട്ടിയാവും. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് സ്കോർ കൈലാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക് ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്.

കാഴ്ച്ചയിൽ ബേബി കുഷാഖ് പോലെ തോന്നിക്കുന്നതിനാൽ ആളുകൾ വേഗം ആകൃഷ്‌ടരായിട്ടുമുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് പുതിയ കൈലാക്കിൽ അവതരിപ്പിക്കുന്നത്. ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും
സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് ട്രിമ്മുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് വേരിയന്റുകളിലായിരിക്കും ലഭിക്കുക.

അതേസമയം താഴ്ന്ന വേരിയന്റുകളിൽ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സെമി-ഡിജിറ്റൽ ക്ലസ്റ്ററുമായിരിക്കും ലഭ്യമാവുക. മുൻ നിരയിൽ വെന്റിലേഷനോടുകൂടിയ ഇലക്ട്രിക്കായി ക്രമീകരിക്കാനാവുന്ന സീറ്റുകളാണ് കൈലാക്കിൽ ഉള്ളത്. കൂടാതെ തിരഞ്ഞെടുത്ത വകഭേദത്തെ ആശ്രയിച്ച് ക്യാബിനിൽ സിംഗിൾ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ലഭിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് എന്നിവയിൽ വ്യത്യസ്ത തരം ഫാബ്രിക് അപ്ഹോൾസ്റ്ററിയും ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജിൽ ലെതറെറ്റ് സീറ്റുകളും ലഭിക്കും.
കൈലാക്കിന്റെ ബൂട്ട് കപ്പാസിറ്റി 446 ലിറ്ററാണെന്നും സ്കോഡ പറയുന്നു. കൂടാതെ പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ ലഗേജ് സ്പേസ് 1,265 ലിറ്ററായി വികസിപ്പിക്കാനുമാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.ആറ് എയർബാഗുകൾ, മൾട്ടി-കൊളീഷൻ ബ്രേക്ക്, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഇബിഡി സഹിതമുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയുൾപ്പെടെ 25 ലധികം ആക്‌ടിവ് ആൻഡ് പാസീവ് സുരക്ഷാ സവിശേഷതകളും കാറിൽ ഉണ്ട്.
ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോഴേക്കും സ്കോഡ കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 10,000 കടന്നിരുന്നു. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഉയർന്ന മത്സരാധിഷ്ഠിത സബ്‌കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള വരവ് എന്തായാലും സ്കോഡ ഉഷാറാക്കിയിട്ടുണ്ടെന്ന് തെളിക്കുന്നതാണീ ബുക്കിംഗ് കണക്കുകൾ.


Click it and Unblock the Notifications








