വണ്ടിയിടിച്ചാൽ പണികിട്ടും, സ്കോഡയുടെ 25,772 കാറുകൾ തിരിച്ചുവിളിച്ച് കമ്പനി! കാര്യം നിസാരമാണെങ്കിലും സൂക്ഷിച്ചോ
ഇന്ത്യൻ വാഹന വിപണിയിലെ പ്രബല ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). കുഷാഖ് (Kushaq), സ്ലാവിയ (Slavia) തുടങ്ങിയ മോഡലുകളിലൂടെ തുടക്കം കുറിച്ച പദ്ധതികൾ വലിയ വിജയം നേടിയപ്പോൾ ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുത്തനൊരു കോംപാക്‌ട് എസ്‌യുവിക്കും സ്കോഡ രൂപം കൊടുക്കുകയുണ്ടായി. കൈലാക് (Kylaq) എന്ന് പേര് സ്വീകരിച്ചിരിക്കുന്ന വണ്ടി എന്തായാലും മിഡിൽ ക്ലാസുകാരന്റെ സ്പോർട് യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ പണംവാരുകയാണ്. സാധാരണക്കാരോട് ചേർന്ന് നിൽക്കാൻ കമ്പനി കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു കൈലാക്കിന്റെ വരവ്.
ഇന്ത്യയിൽ തന്നെ പ്രാദേശികവൽക്കരിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മൂന്ന് മോഡലുകളും ഒരേ എഞ്ചിൻ, ട്രാൻസ്മിഷൻ, സേഫ്റ്റി എന്നിവയാണ് പങ്കിടുന്നത്. ത്രിമൂർത്തികൾ ഹിറ്റടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്ത് കമ്പനിക്ക് ചെറിയൊരു പണികിട്ടിയിരിക്കുകയാണ്. സ്കോഡ ഓട്ടോ ഇന്ത്യയുടെ കുഷാഖ്, കൈലാക്, സ്ലാവിയ തുടങ്ങിയ ഇന്ത്യൻ നിർമ്മിത കാറുകൾ ബ്രാൻഡ് തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോൾ.

ചെറിയൊരു നിർമാണ തകരാറാണ് ഈ തിരിച്ചുവിളിക്ക് കാരണമായിരിക്കുന്നതെന്നാണ് വിവരം. റിയർ സീറ്റ് ബെൽറ്റിലെ തകരാറിനെ തുടർന്ന് മാസ്-സെഗ്‌മെന്റ് മോഡലുകളുടെ 25,000-ത്തിലധികം യൂണിറ്റുകളെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നതും. പിൻ യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റിൽ പ്രശ്നമുണ്ടെന്ന് നിർമാതാവ് സൂചിപ്പിച്ചു. അപകടമോ മുൻവശത്തെ കൂട്ടിയിടിയോ ഉണ്ടായാൽ പിൻ സീറ്റ് ബെൽറ്റ് ബക്കിൾ ലാച്ച് പ്ലേറ്റ് പൊട്ടിപ്പോകാനാണ് സാധ്യത.
റിയർസീറ്റിലെ സെന്റർ സീറ്റ് ബെൽറ്റ് അസംബ്ലിയുടെ വെബ്ബിംഗും റിയർ റൈറ്റ് സീറ്റ് ബെൽറ്റിന്റെ ബക്കിളും അപകടസമയത്ത് കൃത്യമായി പ്രവർത്തിച്ചില്ലെന്ന് വരാം. റിപ്പോർട്ടുകൾ പ്രകാരം 2024 മെയ് 24-നും 2025 ഏപ്രിൽ ഒന്നിനും ഇടയിൽ നിർമിച്ച കുഷാഖ്, സ്ലാവിയ, കൈലാക് മോഡലുകളേയാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്. വിശദാംശങ്ങൾ അനുസരിച്ച് മൂന്ന് മോഡലുകളിലുമായി ഏകദേശം 25,772 യൂണിറ്റുകളെ തകരാർ ബാധിച്ചിട്ടുണ്ട്.

ഈ കാലയളവിൽ നിർമിച്ച ഈ ഏതെങ്കിലും വാഹനം ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അംഗീകൃത ഡീലർഷിപ്പിൽ നിന്നോ സർവീസ് സെന്ററിൽ നിന്നോ നിങ്ങൾക്ക് ഒരു കോൾ ലഭിക്കും. ഇനി ഇതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ കുഷാഖ്, സ്ലാവിയ, കൈലാക് ഉടമകൾക്ക് അവരുടെ സർവീസ് സെന്ററുമായി ബന്ധപ്പെടാനും കഴിയും. ഈ പ്രശ്നം ബാധിച്ച കാറുകൾ ഫ്രീയായി തന്നെ കമ്പനി പരിഹരിച്ച് നൽകും.
മൂന്ന് കാറുകളും ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗുകൾ നേടിയിട്ടുണ്ടെന്നതിനാൽ സേഫ്റ്റിയുടെ കാര്യത്തിൽ സ്കോഡയുടെ ത്രിമൂർത്തികൾ കിടുവാണ്. ഇതൊരു ചെറിയ പ്രശ്‌നമായതിനാൽ തന്നെ വിൽപ്പനയെ ഇതൊന്നും ബാധിക്കാനിടയില്ല. കൈലാക്കിനായുള്ള ആമുഖ വില ഏപ്രിൽ അവസാനം വരെ സ്കോഡ നീട്ടി നൽകിയിട്ടുണ്ട്. ഏതാനും മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ പുതിയ വില നിലവിൽ വരും.

നിലവിൽ ഏപ്രിൽ 30 വരെ 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപയാണ് സ്കോഡയുടെ കോംപാക്‌ട് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക്കിന് ബേബി കുഷാഖിന്റെ രൂപമാണുള്ളത്. പുതുതായി നടപ്പിക്കാൻ വരുന്ന വില വർധനവ് എത്രത്തോളമായിരിക്കുമെന്ന് സ്കേഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ തന്നെയാണ് കൈലാക്കിന്റെ ഹൃദയം. എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. മൈലേജിലും നിസാരക്കാരനല്ല കക്ഷിയെന്ന് തെളിയിച്ചിട്ടുണ്ട്. മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജുമാണ് കൈലാക് വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








