ബ്രെസയേക്കാൾ മൈലേജുള്ള 3-സിലിണ്ടർ എസ്‌യുവി, വില 8 ലക്ഷം പോലുമില്ല; ഒരു ലിറ്റർ പെട്രോളിൽ 19.68 കി.മീ ഓടും
ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന അപൂർവം ചില വിഭാഗങ്ങളാണിത് എന്നതിനാൽ തന്നെ കാണാൻ ഭയങ്കര ചേലാണ്. ഇക്കൂട്ടത്തിൽ ഏതെങ്കിലും ഒരു മോഡൽ വാങ്ങാനിറങ്ങിയാൽ കൺഫ്യൂഷനടിച്ച് പണ്ടാരമടങ്ങുമെന്നതിൽ സംശയമൊന്നും വേണ്ട. ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്നത് മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ആണ് കേട്ടോ. പിന്നാലെ മഹീന്ദ്ര XUV 3X0, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ഫീച്ചർ റിച്ച് മോഡലുകളുമുണ്ട്. മറുവശത്ത് കുറഞ്ഞ വിലയിൽ എസ്‌യുവി നോക്കുന്നവർക്ക് നിസാൻ മാഗ്നൈറ്റും റെനോ കൈഗറുമുണ്ട്.
ഇനിയുമുണ്ട് മിടുക്കൻമാരായ ചില വണ്ടികൾ. പക്ഷേ അന്നും ഇന്നും മൈലേജ് നോക്കി കാറുകൾ വാങ്ങുന്നവരെല്ലാം ചെന്നെത്തുന്നത് ബ്രെസയിലേക്കാവും. എന്നാൽ ഇതിന് വിരാമമിടാൻ ഒരുങ്ങുകയാണ് സ്കോഡയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈലാക്. ത്രീ സിലിണ്ടർ എഞ്ചിനല്ലേ ഇതിലെന്നും പറഞ്ഞ് തഴയാൻ നിൽക്കേണ്ട കേട്ടോ, പെർഫോമൻസിലായാലും സേഫ്റ്റിയിലായാലും ആള് യൂറോപ്യൻ നിലവാരമാണ് കരുതിവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ മാരുതി സുസുക്കിയുടേയും ടാറ്റയുടേയും എല്ലാം നെഞ്ചിൽ തീകോരിയിട്ട് കൈലാക്കിന്റെ മൈലേജ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. തലക്കെട്ടിൽ പറഞ്ഞതുപോലെ ബ്രെസയേക്കാൾ മൈലേജുള്ള 3-സിലിണ്ടർ എസ്‌യുവിയായി ഇവൻ ഇനി പേരെടുക്കും. സ്കോഡ കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന കൈലാക്കിന് 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
കിടിലൻ പെർഫോമൻസിന് പേരുകേട്ട ടിഎസ്ഐ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് വാഹനം ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.

അതേസമയം ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നും കമ്പനി പറയുന്നു. അതായത് കൈലാക്കിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലുകൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ അൽപ്പം മികച്ചവയാണെന്ന് സാരം. ഇനി സെഗ്മെന്റിലെ മറ്റ് പെട്രോൾ എസ്‌യുവികളുടെ മൈലജുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ നെക്സോണിനേയും ബ്രെസയേയും വരെ കൈലാക്കിന് തൂക്കിയടിക്കാനായിട്ടുണ്ടെന്ന് വേണം പറയാൻ.
മാരുതി ബ്രെസ മാനുവലിന് 17.38 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 19.80 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്. അതേസമയം നെക്സോൺ പെട്രോൾ മാനുവലിന് 17.44 കിലോമീറ്റും ഓട്ടോമാറ്റിക്കിൽ 17.01 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് തരിക. വെന്യുവിലേക്ക് നോക്കിയാൽ പെട്രോൾ മാനുവൽ 17.50 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.31 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

കിയ സോനെറ്റ് പെട്രോൾ മാനുവലാണെങ്കിൽ 18.80 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 19.2 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്. സെഗ്മെന്റിലെ മറ്റൊരു എതിരാളിയായ XUV 3XO മോഡലിനാണ് ഈ വിഭാഗത്തിൽ പെട്രോളിൽ ഏറ്റവും ഇന്ധനക്ഷമതയുള്ളതെന്ന് വേണം പറയാൻ. മഹീന്ദ്ര പറയുന്നതനുസരിച്ച് എസ്‌യുവിക്ക് മാനുവലിൽ 20.1 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.2 കിലോമീറ്റർ മൈലേജും നൽകാനാവും.
സ്കോഡ കൈലാക്കിന്റെ 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൈലാക്കിൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications








