ഈ കാറുകൾ വാങ്ങിയവർ ഒന്ന് ശ്രദ്ധിക്കണേ, ചെറിയ പണി വീണ്ടും കിട്ടിയിട്ടുണ്ട് വേഗം സർവീസ് സെന്ററിലേക്ക് വിട്ടോ
ടൊയോട്ടയും മാരുതിയുടെ പോലെ പ്രത്യക്ഷത്തിൽ രണ്ട് കമ്പനികളാണെങ്കിലും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയും ഒന്നാണെന്ന് പറയുന്നതാവും ശരി. ഇക്കാര്യം വണ്ടിഭ്രാന്തൻമാർക്കെല്ലാം കൃത്യമായി അറിയാവുന്ന കാര്യവുമാണ്. കുഷാഖ്, ടൈഗൂൺ, സ്ലാവിയ, വെർട്ടിസ് എന്നിവയെല്ലാം അടിസ്ഥാനപരമായി എഞ്ചിനും ട്രാൻസ്മിഷനും പ്ലാറ്റ്ഫോമുമെല്ലാം പങ്കിടുന്നവരാണ്. ഇപ്പോഴിതാ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 4 കാറുകളിൽ ചില നിർമാണ തകരാറുകൾ കണ്ടുപിടിച്ചിരിക്കുകയാണ് കമ്പനികൾ. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ തങ്ങളുടെ മോഡലുകളെയെല്ലാം തിരിച്ചുവിളിച്ചിരിക്കുകയാണ്.
പ്രശ്‌നം ഗുരുതരമല്ല കേട്ടോ, സീറ്റ് ബെൽറ്റ് സംബന്ധിയായ തകരാറിനെ തുടർന്നാണ് കുഷാഖ്, ടൈഗൂൺ, സ്ലാവിയ, വെർട്ടിസ് മോഡലുകളെ കമ്പനി ഔദ്യോഗികമായി തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതിന് പുറമെ അടുത്തിടെ വിപണിയിലെത്തി തരംഗമായ കൈലാക്കും തിരിച്ചുവിളിക്കലിന്റെ ഭാഗമാണെന്നാണ് കമ്പനി പറയുന്നത്. ഈ വർഷം ഇത് രണ്ടാംതവണയാണ് സമാനമായ പ്രശ്നം കമ്പനി നേരിടുന്നത്.

2021 ഡിസംബർ മുതൽ 2025 മെയ് വരെ നിർമിച്ച സ്കോഡ കൈലാക്, കുഷാഖ്, സ്ലാവിയ എന്നിവയുടെ 1,821 യൂണിറ്റുകളും 2021 ഡിസംബർ മുതൽ 2025 മെയ് വരെ നിർമിച്ച ഫോക്സ്‌വാഗൺ വെർട്ടിസ്, ടൈഗൂൺ എന്നിവയുമാണ് ഉടനടി തിരികെ സർവീസ് സെന്ററിലേക്ക് എത്തിക്കേണ്ടതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ ഡാറ്റ പറയുന്നു. 2025 മെയ് മാസത്തിൽ SAVWIPL ഇതേ മോഡലുകൾ മുമ്പ് തിരിച്ചുവിളിച്ചിരുന്നു.
അന്ന് 47,235 യൂണിറ്റുകളെയായിരുന്നു സീറ്റ് ബെൽറ്റ് സംബന്ധിയായ തകരാർ ബാധിച്ചിരുന്നത്. 860 സ്കോഡ സ്ലാവിയ, കുഷാഖ്, കൈലാഖ് യൂണിറ്റുകളുടെ റിയർ സീറ്റ് ബെൽറ്റ് അസംബ്ലിയിൽ മെറ്റൽ ബേസിൽ ഫ്രെയിം വിള്ളൽ ഉണ്ടാകാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അപകടമോ മുൻവശത്തെ കൂട്ടിയിടിയോ ഉണ്ടായാൽ പിൻ സീറ്റ് ബെൽറ്റ് ബക്കിൾ ലാച്ച് പ്ലേറ്റ് പൊട്ടിപ്പോകാനാണ് സാധ്യത.

റിയർസീറ്റിലെ സെന്റർ സീറ്റ് ബെൽറ്റ് അസംബ്ലിയുടെ വെബ്ബിംഗും റിയർ റൈറ്റ് സീറ്റ് ബെൽറ്റിന്റെ ബക്കിളും അപകടസമയത്ത് കൃത്യമായി പ്രവർത്തിച്ചില്ലെന്ന് വരാം. എന്തായാലും പ്രശ്‌നങ്ങൾ കണ്ടുപിടിക്കുന്ന എല്ലാ കാറുകളും ഫ്രീയായി സർവീസ് ചെയ്‌ത് ഉടമൾക്ക് തിരികെ നൽകുമെന്ന് സ്കോഡ അറിയിച്ചിട്ടുണ്ട്. ഇനി ഫോക്‌സ്‌വാഗണിന്റെ കാര്യത്തിലേക്ക് വന്നാൽ ഇതേ പ്രശ്നം 961 ഫോക്‌സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് മോഡലുകളേയും ബാധിക്കും.
ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ, ടിഗുവാൻ ഈ-ലൈൻ എന്നിവയെ സീറ്റ് ബെൽറ്റ് തകരാർ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അന്താരാഷ്ട്ര വിപണികളിൽ മറ്റൊരു സുരക്ഷാ പ്രശ്‌നത്തിന്റെ പേരിൽ ഫോക്‌സ്‌വാഗൺ അടുത്തിടെ പോളോ, പസാറ്റ്, ടൈഗോ, ID 7, ID 7 ടൂറർ, ID ബസ് എന്നിവ തിരിച്ചുവിളിച്ചിരുന്നു. എന്തായാലും ഉടമകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

സാധാരണയായി തിരിച്ചുവിളിക്കലുകളുടെ കാര്യത്തിലെന്നപോലെ പ്രശ്‌നം പരിഹരിക്കാൻ കമ്പനി ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി അല്ലാത്ത ഉഫഭോക്താക്കൾക്ക് തങ്ങളുടെ വാഹനത്തെ പ്രശ്നം ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ അതത് ബ്രാൻഡുകളുടെ സൈറ്റുകളിൽ ഉടമകൾക്ക് ലോഗിൻ ചെയ്യാനും അവരുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ അല്ലെങ്കിൽ വിഐഎൻ നൽകി പരിശോധിക്കാനും കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








