നെക്സോണിനേക്കാൾ സേഫ്റ്റിയുള്ള കാർ, ഇടിപ്പരീക്ഷയിൽ '5-സ്റ്റാറായി' സ്കോഡയുടെ 7.89 ലക്ഷത്തിന്റെ എസ്‌യുവി
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് വരവറിയിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കൈലാക് (Skoda Kylaq) എന്ന കുഞ്ഞനുമായി എത്തിയ ബ്രാൻഡ് വില പ്രഖ്യാപിച്ചപ്പോൾ തന്നെ എതിരാളികളുടെ നെഞ്ചിൽ തീയായി. കുഞ്ഞൻ എസ്‌യുവി സെഗ്മെന്റിലേക്ക് സാക്ഷാൽ സ്കോഡ തന്നെ വരുന്നുവെന്ന് കേട്ടപ്പോൾ എതിരാളികളുടെ നെഞ്ചിലൊരു ഭയമായിരുന്നു. മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും കിയയും ഹ്യുണ്ടായിയുമെല്ലാം പേടിച്ചതുപോലെ തന്നെ സംഭവം എന്തായാലും കയറി കൊളുത്തിയിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളിൽ കൈലാക്ക് വാരിക്കൂട്ടിയത് 10,000 യൂണിറ്റ് ബുക്കിംഗാണ്.
വെറും 7.89 ലക്ഷത്തിന് സ്കോഡയുടെ എസ്‌യുവി കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ... ഇപ്പോഴിതാ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും കിടുവാണെന്ന് തെളിയിച്ചിരിക്കുകയാണ് കൈലാക്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത സ്കോഡ കൈലാക് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) കാറായി മാറിയിരിക്കുകയാണ്.

അതായത് ടാറ്റ നെക്സോണിനേക്കാളും മഹീന്ദ്ര XUV 3XO മോഡലിനെക്കാളും സുരക്ഷിതമായ സ്പോർട് യൂട്ടിലിറ്റി വാഹനമായി കൈലാക് മാറുന്നുവെന്ന് സാരം. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) സുരക്ഷാ പരിശോധനകളിൽ സ്കോഡ കൈലാക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. മുതിർന്നവരുടെ സേഫ്റ്റിയിൽ (AOP) 32 പോയിന്റിൽ 30.88 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് (COP) 49 പോയിന്റിൽ 45 പോയിന്റും വാഹനത്തിന് നേടാനായി.
മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച ടോപ്പ് എൻഡ് കൈലാക് പ്രസ്റ്റീജ് വേരിയന്റാണ് ഇടിപ്പരീക്ഷയിൽ പരിശോധിക്കപ്പെട്ടത്. പക്ഷേ ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് വേരിയന്റുകൾ ഉൾപ്പെടുന്ന മുഴുവൻ കൈലാക് ലൈനപ്പിനും ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ബാധകമാണെന്ന് കമ്പനി പറയുന്നു. എൻട്രി ലെവൽ ക്ലാസിക് ഒഴികെയുള്ള മറ്റെല്ലാ ട്രിമ്മുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും.

മുതിർന്നവരുടെ സേഫ്റ്റിയെങ്ങനെയുണ്ടെന്ന് കണ്ടെത്താൻ നടത്തിയ ഫ്രണ്ടൽ ഓഫ്‌സെറ്റ് ബാരിയർ ടെസ്റ്റിൽ സ്കോഡ കൈലാക് 94 ശതമാനം വിജയം നേടി. സ്ഥിരതയുള്ള ക്യാബിൻ ഘടനയാണ് മോഡലിനുള്ളതെന്ന് പ്രകടമായിട്ടുണ്ട്. സൈഡ്-മൂവിംഗ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 പോയിന്റിൽ 15.84 പോയിന്റുകൾ നേടി കൈലാക് മികവ് പുലർത്തി. ഒന്നര വയസ് മുതൽ 3 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഫ്രണ്ടൽ, സൈഡ് ടെസ്റ്റുകളിലും എസ്‌യുവി പരമാവധി സ്കോറുകൾ നേടുകയുണ്ടായി.
കൂടാതെ ചൈൽഡ് സീറ്റ് അസസ്‌മെന്റിലും ഉയർന്ന സ്കോറുകൾ നേടാൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ സ്കോഡ കൈലാക്കിൽ ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും റിമൈൻഡറുകളുള്ള മൂന്ന്-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ ഔട്ട്ബോർഡ് സീറ്റുകൾക്കുള്ള ISOFIX ആങ്കറുകൾ എന്നീ ഫീച്ചറുകളും വണ്ടിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

കൈലാക് AIS-100 പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും പാലിക്കുന്നു. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി കൈലാക് ഒരു ട്രിമിലും ADAS സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടില്ല. എങ്കിലും ക്രാഷ് ടെസ്റ്റിൽ കിടിലമാവാൻ സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ടെന്ന് വേണം പറയാൻ. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് കൈലാക്കിന്റെ എക്സ്ഷോറൂം വില വരുന്നത്.
6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ കൈലാക്കിന്റെ ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ കഴിയും. കൊടുക്കുന്ന പൈസയ്ക്കുള്ള ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








