ബുക്ക് ചെയ്‌തവർക്ക് കോളടിച്ചു, വില പ്രതീക്ഷിച്ചതിലും കുറവ്! സ്കോഡയുടെ പെർഫോമൻസ് സെഡാൻ ഇങ്ങെത്തി മക്കളേ
ഒക്‌ടാവിയ മുതൽ കൈലാക് വരെയുള്ള എണ്ണം പറഞ്ഞ കിടിലൻ കാറുകൾ നമുക്ക് സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ്, യെതി അങ്ങനെ നീളുന്ന അഡാറ് മോഡലുകളാൽ സമ്പന്നമായിരുന്നു ഒരുകാലത്ത് സ്കോഡയുടെ വാഹനനിര. ഇപ്പോൾ കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ നാല് മോഡലുകൾ മാത്രമാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നുള്ളൂ. ഇക്കൂട്ടത്തിലേക്ക് പുത്തനൊരു പെർഫോമൻസ് സെഡാനെ കൂടി അവതരിപ്പിച്ച് ശക്തിയാർജിച്ചിരിക്കുകയാണ് കമ്പനി. ഏറെ നാളായി കാത്തിരിക്കുന്ന ഒക്‌ടാവിയ RS പതിപ്പാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ കാറിന്റെ ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞുവെന്നതാണ് ഹൈലൈറ്റ്. അതും വിലയറിയുന്നതിന് മുമ്പേ ആദ്യ ബാച്ചിലെത്തിയ 100 യൂണിറ്റുകളും വിറ്റുതീർന്നുവെന്നതാണ് ഹൈലൈറ്റ്. പക്ഷേ ബുക്ക് ചെയ്‌തവർക്ക് കോളടിച്ചുവെന്ന് തന്നെ പറയാം. കാരണം ഒക്‌ടാവിയ RS മോഡലിന് പ്രതീക്ഷിച്ചതിലും കുറവ് വില മുടക്കിയാൽ മതിയാവുമെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്.

49.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്കോഡ ഒക്‌ടാവിയ RS ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത എതിരാളിയായ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഹാച്ച്ബാക്കിനേക്കാൾ കുറഞ്ഞ വിലയിൽ സെഡാൻ അവതരിപ്പിക്കാൻ കഴിഞ്ഞത് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് വരും ദിവസങ്ങളിൽ മേൽകൈ നൽകും. രണ്ടും ഒരേ കമ്പനിയുടെ കീഴിലാണ് വരുന്നതെങ്കിലും മത്സരം കാണാൻ ചേലായിരിക്കും.
എന്നാൽ വേറൊരു രസകരമായ കാര്യമെന്തെന്നാൽ മുൻ തലമുറ ഒക്ടാവിയ RS 245 മോഡലിനെ അപേക്ഷിച്ച്, പുതിയ പെർഫോമൻസ് സെഡാൻ വാങ്ങണമെങ്കിൽ 14 ലക്ഷം രൂപ അധികം കൊടുക്കേണ്ടതായി വരും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും അധികം പൈസ മുടക്കേണ്ടതായി വരുന്നതെന്ന് മാത്രം. ഗോൾഫ് GTI യിലും ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഒക്ടാവിയ RS-ന്റെ ഹൃദയം.

7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ നിർമിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം.
സെഡാന് സ്റ്റാൻഡേർഡായി ഒരു സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ വിൽക്കുന്ന ഒക്ടാവിയ RS-ൽ ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) ഇല്ല. ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി കാറിന്റെ സസ്‌പെൻഷൻ ഡാംപിംഗ്, സ്റ്റിയറിംഗ് സിസ്റ്റം, ട്രാൻസ്മിഷൻ എന്നിവ ഈ ഫംഗ്ഷൻ നിരന്തരം മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ വരെ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇത് ഹൈ-സ്പീഡിൽ പോലും ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്താനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്. സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാർ കൂടിയാണിത്.
യൂറോപ്യൻ നിർമാണ നിലവാരത്തിനൊപ്പം പുതിയ ഒക്ടാവിയ RS-ൽ 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറിനേക്കാൾ ആഡംബരത്തിലാണ് കാറിന്റെ അകത്തളം പണിതിറക്കിയിരിക്കുന്നത്.
ഡ്രൈവ് മോഡുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ചുവന്ന ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം, പാഡിൽ ഷിഫ്റ്ററുകളുള്ള ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, HUD, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയെല്ലാം സ്കോഡ ഒക്ടാവിയ RS പതിപ്പിന്റെ ഇന്റീരിയറിന് മാറ്റേകും.
അതോടൊപ്പം 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് മൊബൈൽ കണക്റ്റിവിറ്റി, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ എന്നിവയുള്ള ഫ്രണ്ട് സ്‌പോർട് സീറ്റുകൾ എന്നിവ കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലായിരിക്കുമെന്നതിൽ ആർക്കും തർക്കങ്ങൾ ഒന്നും തന്നെ വേണ്ടവേണ്ട.


Click it and Unblock the Notifications








