5 ലക്ഷം കാറുകൾ വിറ്റ ഫോറിൻ കമ്പനി, നേട്ടം വേഗത്തിലാക്കിയത് മിഡിൽ ക്ലാസുകാരൻ്റെ എസ്‌യുവി
ഒക്‌ടാവിയ എന്ന കിടിലൻ കാറിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പിന്നീട് സൂപ്പർബ്, ഫാബിയ, യെതി, കൊഡിയാക്, റാപ്പിഡ് എന്നിങ്ങനെ കിടിലൻ മോഡലുകളും നമുക്ക് സമ്മാനിച്ച ബ്രാൻഡിന് പക്ഷേ മെയിൻ്റനെൻസ് കോസ്റ്റിൻ്റെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. എന്നാൽ പഴയ കാറുകളെയെല്ലാം ഒഴിവാക്കി ഇന്ത്യക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ച സ്കോഡ കുഷാഖ്, സ്ലാവിയ എന്നീ പുത്തൻ എസ്‌യുവിയും സെഡാനും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ വിശ്വാസം വീണ്ടെടുത്ത കമ്പനി മൂന്നാമനായി ഒരു സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തേയും വിപണിയിലെത്തിക്കുകയുണ്ടായി.
മലയാളി പേരിട്ട കൈലാക് എന്ന കുഞ്ഞൻ എസ്‌യുവി കളത്തിലിറങ്ങിയതോടെ സ്കോഡയുടെ വിൽപ്പന കുതിച്ചുയരുകയും ചെയ്‌തു. ഇതിനിടയിൽ ന്യൂജെൻ കൊഡിയാക്കും ഒക്‌ടാവിയ RS പെർഫോമൻസ് സെഡാനും വരെ അവതരിപ്പിച്ച് കമ്പനി ഇമേജ് വർധിപ്പിച്ചു. ഇതിൻ്റെയെല്ലാം ഫലമായിതാ സ്കോഡ ഇന്ത്യയിൽ 5 ലക്ഷം കാറുകളുടെ വിൽപ്പന നേട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയിലെത്തി അടുത്തിടെ 25 വർഷം പൂർത്തിയാക്കിയ ബ്രാൻഡിന് പുതിയ നേട്ടം മൈലേജാവുമെന്ന് ഉറപ്പാണ്.

2025 നവംബറിൽ സ്കോഡ മൊത്തം 5,491 വാഹനങ്ങളുടെ വിൽപ്പന നേടിയതോടെയാണ് 5 ലക്ഷം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിടാനായത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 90 ശതമാനം വാർഷിക വളർച്ചയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് സ്വന്തമാക്കുകയുണ്ടായി. 2025 കലണ്ടർ വർഷത്തിലെ ആദ്യ 10 മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയും കമ്പനി അടുത്തിടെ രേഖപ്പെടുത്തിയിരുന്നു. അങ്ങനെ മൊത്തത്തിൽ ഫോമിലാണ് സ്കോഡയിപ്പോൾ.
അടുത്തിടെ പുറത്തിറക്കിയ ഒക്ടാവിയ RS പെർഫോമൻസ് കാറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യത്തെ ബാച്ചിൽ പുറത്തിറക്കിയ 100 യൂണിറ്റുകളും 20 മിനിറ്റിനുള്ളിലാണ് വിറ്റുതീർന്നത്. അടുത്തതായി ഇറക്കുമതി ചെയ്യാൻ പോവുന്ന 100 എണ്ണവും ഇതിനോടകം വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗോൾഫ് GTI ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ അതേ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കടമെടുത്ത് കൊണ്ടാണ് പെർഫോമൻസ് സെഡാൻ ഇന്ത്യയിലേക്ക് എത്തുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവും. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഒക്‌ടാവിയ RS മോഡലിനാവും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം.
യൂറോപ്യൻ നിർമാണ നിലവാരത്തിനൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും ഡബിൾ സ്ട്രോംഗാണ് കക്ഷി. 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് കംപ്ലീറ്റ്ലി ബിൽറ്റ് അപ് യൂണിറ്റുകളായി കൊണ്ടുവരുന്ന പെർഫോമൻസ് കാറിൽ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് സ്‌പോർട് സീറ്റുകൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, എന്നിവയാണ് ഇൻ്റീരിയറിലെ ഫീച്ചറുകൾ.
360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്റർ, ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, HUD, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയും സ്കോഡ ഒക്‌ടാവിയ RS മോഡലിൻ്റെ പ്രത്യേകതകളാണ്. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്.


Click it and Unblock the Notifications








