ഫുൾടാങ്ക് ഡീസലിൽ ഓടിയത് 2,831 കിലോമീറ്റർ, ഗിന്നസ് വേൾഡ് റെക്കോർഡുമായി സ്കോഡ കാർ
കാർ വാങ്ങിക്കുന്നവരുടേയും ഉപയോഗിക്കുന്നവരുടേയും വലിയൊരു ആശങ്കയാണ് മൈലേജ്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുമല്ലോ ഏവർക്കും താത്പര്യം. അതിനാൽ ഇന്ധനക്ഷമതയുള്ള കാറുകൾ തേടിപ്പിടിച്ച് വാങ്ങുന്നത് ഇന്ത്യക്കാരുടെ പൊതുവായുള്ളൊരു സ്വഭാവമാണ്. മൈലേജ് കൂടുതൽ വേണ്ടവർ അന്നും ഇന്നും ഏറ്റവും കൂടുതൽ വാങ്ങുന്നത് ഡീസൽ മോഡലുകളാവും. വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ കൈയടക്കുകയാണെങ്കിലും ഓയിൽ ബർണറുകളോട് എല്ലാവർക്കും പ്രത്യേക ഇഷ്‌ടമാണ്. നല്ല ഇന്ധനക്ഷമതയുള്ളതാണ് ഇതിന്റെ പ്രധാന കാരണം. ഫുൾടാങ്ക് ഡീസലിൽ 2,831 കിലോമീറ്റർ ഓടി ഗിന്നസ് വേൾഡ് റെക്കോർഡ് ഇട്ടിരിക്കുകയാണ് ഒരു കാർ.
ടൊയോട്ടയോ മാരുതി സുസുക്കിയോ ഒന്നുമല്ല, സ്കോഡയുടെ സൂപ്പർബ് സെഡാനാണ് ഫുൾടാങ്ക് ഡീസലിൽ 2,831 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് സെഡാന്റെ 2.0 ലിറ്റർ ടിഡിഐ എഞ്ചിനാണ് നേട്ടം തന്റെ പേരിൽ കുറിച്ചുവെച്ചത്. ഡീസൽ റീഫിൽ ചെയ്യാതെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിന്റെ പുതിയ ലോക റെക്കോർഡാണ് സൂപ്പർബ് സ്ഥാപിച്ചിരിക്കുന്നത്.

ഹൈബ്രിഡ് അല്ലാത്ത പെട്രോൾ എഞ്ചിനുകൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഇന്ധനക്ഷമത കണക്കുകൾ ഡീസൽ എഞ്ചിനുകൾക്ക് നൽകാൻ കഴിയുമെന്നതിന്റെ പുത്തൻ തെളിവാണിത്. സ്കോഡ പുറത്തിറക്കുന്ന 2.0 ലിറ്റർ ടിഡിഐ സ്റ്റോക്ക് എഞ്ചിൻ വെച്ചാണ് സ്കോഡ സൂപ്പർബ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്. അതായത് പ്രത്യേക ട്യൂണിംഗ് ഒന്നും ഇതിൽ നൽകിയിട്ടില്ലെന്ന് സാരം.
148 bhp പവറിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഈ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവ് ഡ്രൈവുമായി വരുന്ന സ്കോഡ സൂപ്പർബിന്റെ എസെൻസ് ട്രിം ആയിരുന്നു ഇതിനായി ഉപയോഗിച്ച കാർ. ഇതിന്റെ ഔദ്യോഗിക WLTP ഇന്ധന ഉപഭോഗം 100 കിലോമീറ്ററിന് 4.8 ലിറ്ററാണ്. ഇത്രയും വലിപ്പമുള്ളൊരു മോഡൽ ഇത്രയും മൈലേജ് നൽകുന്നത് അത്ഭുതകരമാണെന്ന് വേണം പറയാൻ.

ഏകദേശം അഞ്ച് മീറ്റർ നീളമുള്ള എക്സിക്യൂട്ടീവ് സെഡാന് 1.6 ടൺ ഭാരമാണ് മൊത്തത്തിലുള്ളത്. ശരാശരി 100 കിലോമീറ്ററിന് 2.61 ലിറ്റർ അല്ലെങ്കിൽ ലിറ്ററിന് 38.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്കോഡ സൂപ്പർബ് ഡീസൽ നൽകിയിരിക്കുന്നത്. സംഭവം പരീക്ഷണം നടത്തിയത് ഇന്ത്യയിലല്ല കേട്ടോ. അതിനാൽ നല്ല റോഡും കുറഞ്ഞ ട്രാഫിക്കുമെല്ലാം ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പോളണ്ടിൽ നിന്ന് ജർമനി, ഫ്രാൻസ് വഴിയും നെതർലാൻഡ്‌സ്, ബെൽജിയം, ജർമനി വഴിയും തിരിച്ചുള്ള യാത്രയിലുമാണ് വാഹനം പരീക്ഷിക്കപ്പെട്ടത്. ഈ റൂട്ടിലൂടെയുള്ള താപനില കൂടുതലും തണുപ്പുള്ളതും ചിലപ്പോൾ 1 ഡിഗ്രി സെൽഷ്യസാൽ താഴുന്നതുമായിരുന്നു. ഇക്കാരണത്താലാണ് 66 ലിറ്റർ ഫ്യുവലിൽ 2,831 കിലോമീറ്റർ സിംഗിൾ ടാങ്ക് റേഞ്ച് കാറിന് നൽകാനായിരിക്കുന്നത്. സ്റ്റോക്ക് കണ്ടീഷനിൽ 66 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് സൂപ്പർബിനുള്ളത്.
എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് 15 മില്ലീമീറ്റർ കുറയ്ക്കുന്നതിന് 16 ഇഞ്ച് അലോയ് വീലുകളിലെ ലോ-റെസിസ്റ്റൻസ് ടയറുകളും സ്പോർട്ട്ലൈൻ വേരിയന്റിൽ നിന്നുള്ള സസ്പെൻഷൻ സ്പ്രിംഗുകളും മാത്രമാണ് റെക്കോർഡ് കൈവരിക്കാനായി മാറിയത്. മിക്ക സമയത്തും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത നിലനിർത്തിക്കൊണ്ടാണ് ഡ്രൈവർ തന്റെ സ്കോഡ സൂപ്പർബ് ഓടിച്ചത്. ഫാബിയ RS റാലി2-വിൽ സ്കോഡയ്ക്കായി 2025 യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് നേടിയ പോളിഷ് റാലി ഡ്രൈവറായ മിക്കോ മാർസിക്കാണ് ഈയൊരു പരീക്ഷണത്തിനായി മുതിർന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








