ചെറിയ വലിപ്പം വലിയ സേഫ്റ്റി, ഉരുക്കിൻ്റെ കരുത്തുള്ള കുഞ്ഞൻ കാറുകൾ; വില തുടങ്ങുന്നത് 6.30 ലക്ഷം മുതൽ
പുതിയ കാർ വാങ്ങുന്നവർക്ക് വാഹനങ്ങളുടെ സേഫ്റ്റി അല്ലെങ്കിൽ നിർമാണ നിലവാരം വളരെ നിർണായക ഘടകമായി മാറിയിരിക്കുന്നു. സേഫ്റ്റി വേണമെങ്കിൽ വലിയ കാർ തന്നെ വാങ്ങണമെന്ന ധാരണയായിരുന്നു പണ്ടുകാലങ്ങളിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് ബജറ്റ് ഫ്രണ്ട്ലി വാഹനങ്ങളിൽ പോലും 6 എയർബാഗുമായി വാങ്ങാനാവുമെന്നതിനാൽ ആളുകൾക്ക് സുരക്ഷയുടെ കാര്യമോർത്ത് ആശങ്കകളൊന്നും വേണ്ട. അതായത് മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ K10 വരെ ഈയൊരു ഫീച്ചർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ എയർബാഗ് മാത്രം പോരാ ക്രാഷ് ടെസ്റ്റിലെ മികച്ച റേറ്റിംഗും വേണമെന്നുള്ളവർക്ക് അധിക ഓപ്ഷനുകളൊന്നും ഉണ്ടാവില്ലെന്നാണ് മിക്കവരും കരുതിയിരിക്കുന്നത്.
പക്ഷേ അങ്ങനെയല്ല കേട്ടോ, ഇന്ത്യയിൽ വിൽക്കുന്ന വലിപ്പത്തിൽ ചെറുതും എന്നാൽ സുരക്ഷയുടെ കാര്യത്തിൽ വലുതുമായ കാറുകൾ ഇഷ്‌ടം പോലെ വാങ്ങാൻ കിട്ടും. 4 മീറ്ററിൽ താഴെയുള്ള ചെറിയ കാറുകളിൽ ഉയർന്ന സേഫ്റ്റിയുള്ള മോഡലുകളെ പരിചയപ്പെടുത്തി തരാം. ടാറ്റ മുതൽ സ്കോഡ വരെ നീളുന്ന ചെറിയ വലിപ്പത്തിൽ പോലും വലിയ സേഫ്റ്റി നൽകുന്ന കാറുകൾ ഇതാ...

ടാറ്റ ആൾട്രോസ്
വലിപ്പത്തിലും വിലയിലും ആളൊരു കുഞ്ഞനാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആളൊരു പുലിക്കുട്ടൻ തന്നെയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 പോയിൻ്റിൽ 26.65 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.90 പോയിൻ്റുമാണ് നേടായിട്ടുള്ളത്. പെട്രോൾ, സിഎൻജി, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ആൾട്രോസ് ലഭ്യമാണ്. 6.30 ലക്ഷം മുതലാണ് ഇതിൻ്റെ വില ആരംഭിക്കുന്നത്.
ഹോണ്ട അമേസ്
രാജ്യത്തെ കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ മാരുതി ഡിസയറിന് ശേഷം ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കുന്ന മിടുക്കനാണ് അമേസ്. മുതിർന്നവരുടെ സുരക്ഷയിൽ സെഡാൻ 28.33 പോയിൻ്റും കുട്ടികളുടെ സേഫ്റ്റിക്കായി 49 പോയിൻ്റിൽ 40.81 പോയിൻ്റും നേടിയാണ് കരുത്ത് അറിയിച്ചിരിക്കുന്നത്. ഹോണ്ട അമേസിന് നിലവിൽ 7.45 രൂപ മുതലാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി ഡിസയർ
ചെറിയ വലിപ്പം വലിയ സേഫ്റ്റി നൽകുന്ന പട്ടികയിലെ അടുത്ത സെഡാൻ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടേതാണ്. മാരുതി സുസുക്കി ഈ വർഷം പുറത്തിറക്കിയ പുതുതലമുറ ഡിസയർ ഇടിപ്പരീക്ഷയിൽ ഏവരേയും ഞെട്ടിച്ച മോഡലായിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 29.46 സ്കോറും കുട്ടികളുടെ സുരക്ഷയിൽ 41.57 സ്കോറും സ്വന്തമാക്കിയാണ് വാഹനം കരുത്ത് തെളിയിച്ചത്. 6.26 ലക്ഷം മുതലാണ് സെഡാന് വരുന്ന വില.
കിയ സിറോസ്
കോംപാക്‌ട് എസ്‌യുവി വിപണിക്കായുള്ള കിയയുടെ രണ്ടാമത്തെ മോഡലായിരുന്നു സിറോസ്. കാര്യമായ വിൽപ്പന നേടുന്നില്ലെങ്കിലും ഉഗ്രൻ സേഫ്റ്റിയുള്ള മോഡൽ നോക്കുന്നവർക്ക് കണ്ണുംപൂട്ടി സിറോസ് വാങ്ങിക്കാം. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ വാഹനത്തിന് 30.21 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 44.42 പോയിൻ്റുമാണ് നേടാനായത്. വില തുടങ്ങുന്നത് 8.67 ലക്ഷം മുതലാണ്.

സ്കോഡ കൈലാക്
ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ എൻട്രി ലെവൽ എസ്‌യുവിയായ കൈലാക്കും ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഈ എസ്‌യുവി മുതിർന്നവരുടെ സുരക്ഷയിൽ 30.88 പോയിൻ്റുകളും കുട്ടികളുടെ സുരക്ഷയിൽ 45 പോയിൻ്റുകളുമാണ് നേടിയത്. 7.55 ലക്ഷം രൂപ മുതലാണ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
മഹീന്ദ്ര XUV 3XO
മുമ്പ് XUV300 എന്നറിയപ്പെട്ടിരുന്ന മഹീന്ദ്ര XUV 3XO ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ കാറുകളിൽ ഒന്നായിരുന്നു. ഭാരത് NCAP ഇടിപ്പരീക്ഷയിൽ XUV 3XO പരീക്ഷിച്ചപ്പോഴും റേറ്റിംഗ് അതേപടി തുടർന്നു. മുതിർന്നവരുടെ സുരക്ഷയിൽ 29.36 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 43 പോയിൻ്റും നേടിയ എസ്‌യുവിക്ക് നിലവിൽ 7.28 ലക്ഷം മുതലാണ് എക്സ്ഷോറൂം വില വരുന്നത്.
ടാറ്റ നെക്സോൺ
സേഫ്റ്റി എന്ന് കേൾക്കുമ്പോൾ തന്നെ വാഹനപ്രേമികൾക്ക് ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ. മുതിർന്നവരുടെ സുരക്ഷയിൽ 29.41 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 43.83 പോയിൻ്റും നേടിയ കോംപാക്‌ട് എസ്‌യുവി പെട്രോൾ, സിഎൻജി, ഡീസൽ, ഇലക്‌ട്രിക് ഓപ്ഷനുകളിൽ വാങ്ങാനാവും. നെക്സോണിന് 8 ലക്ഷം മുതലാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








