ടാറ്റക്കും എംജിക്കും ഷോക്ക്! കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളുമായി ജീപ്പിന്റെ ഇവിക്കമ്പനി ഇന്ത്യയിലേക്ക്
ടൂവീലർ സെഗ്മെന്റ് പതിയെ ഇവികൾ കീഴടക്കാൻ തുടങ്ങിയതിന് പിന്നാലെ രാജ്യത്തെ പാസഞ്ചർ കാർ വിപണിയും വൈദ്യുത വാഹനങ്ങളാൽ നിറയുകയാണ്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് (Electric Vehicles) ഏറ്റവും സാധ്യതയുള്ള വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് ഏവരും മനസിലാക്കി കഴിഞ്ഞു. അതിനാൽ പുതിയ ബ്രാൻഡുകളുടെ വരവിനാണ് രാജ്യമിപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. വിയറ്റ്നാമീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ വിൻഫാസ്റ്റ് അധികം വൈകാതെ തന്നെ രാജ്യത്ത് തങ്ങളുടെ ആദ്യ മോഡൽ പുറത്തിറക്കും. നിലവിൽ സെഗ്മെന്റ് കൈയടിക്കിവെച്ചിരിക്കുന്ന ടാറ്റയ്ക്കും (Tata) എംജിക്കും (MG) തന്നെയാണ് ഇതിന്റെയെല്ലാം ക്ഷീണം.
വിൻഫാസ്റ്റിന് പിന്നാലെ ഇപ്പോഴിതാ അന്താരാഷ്‌ട തലത്തിൽ ഹിറ്റടിച്ച മറ്റൊരു ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റാരുമല്ല, ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസാണ് അവരുടെ സബ്-ബ്രാൻഡായ ലീപ്മോട്ടോറുമായി രാജ്യം കീഴടക്കാനായി എത്തുന്നത്. പോയ കലണ്ടർ വർഷം അതായത് 2024-ൽ കമ്പനി ആഗോളതലത്തിൽ 3,00,000 വാഹനങ്ങൾ വിതരണം ചെയ്‌ത് വളർച്ച ഇരട്ടിയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കമ്പനി ഇന്ത്യയിലേക്കുള്ള വരവും പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, റൊമാനിയ, ഫ്രാൻസ്, ഇറ്റലി, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങി ചില രാജ്യങ്ങളിൽ ലീപ്‌മോട്ടോർ ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ വാഹന നിരയിൽ T03, B10, C10, C10 റീവ് എന്നിങ്ങനെ നാല് ഇലക്ട്രിക് കാറുകളാണുള്ളത്. നിലവിൽ കമ്പനി ഏത് മോഡലാവും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കുറച്ചുകൂടി സമയം കാത്തിരിക്കേണ്ടിവരും. ജീപ്പിനും സിട്രണിനും ശേഷം ഇന്ത്യയിലെ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള മൂന്നാമത്തെ ബ്രാന്‍ഡായിരിക്കും ലീപ്‌മോട്ടോര്‍. ആംസ്റ്റർഡാം ആസ്ഥാനമായുള്ള സ്റ്റെല്ലാൻ്റിസ് സ്വന്തമാക്കിയ ചൈനീസ് ഇവി ബ്രാൻഡാണിത് കേട്ടോ. ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ഇവി ഇന്ത്യൻ സാഹചര്യങ്ങൾ പറ്റിയ വണ്ടിയാണെന്നാണ് അനുമാനം.

ടാറ്റ ടിയാഗോ, സിട്രൺ eC3 തുടങ്ങിയ എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കുകളെ നേരിടാൻ സ്റ്റെല്ലാന്റിസിന് ഈയൊരു വാഹനം മാത്രം മതിയാവും. ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതും.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഏകദേശം 95 bhp കരുത്തോളം നിർമിക്കാൻ ശേഷിയുള്ള T03 ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കാറിന് വെറും 12.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിലും മോശമാക്കാതെ തന്നെയാണ് ഹാച്ച്ബാക്ക് പണികഴിപ്പിച്ചിരിക്കുന്നത്. 8 ഇഞ്ച് ഫുള്‍ LCD ഡാഷ്ബോര്‍ഡ് സ്‌ക്രീനും ടച്ച് കണ്‍ട്രോളുകളുള്ള 10.1 ഇഞ്ച് HD സെന്‍ട്രല്‍ ഡിസ്പ്ലേയുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണവുമാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്.

KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുള്ള ബ്രാന്‍ഡിന്റെ ഒഎസ് ഇന്റലിജന്റ് കാര്‍ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്. ഇതിന് പുറമെ BYD അറ്റോ 3, എംജി ZS ഇവി, വരാനിരിക്കുന്ന കെറ്റ ഇവി, മാരുതി eVX എന്നിവയെ നേരിടാൻ ശേഷിയുള്ള 5-സീറ്റർ C10 ഇലക്ട്രിക് എസ്‌യുവിയും സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഇവി ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.
ഇതിന് 69.9 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. WLTP സൈക്കിളിൽ ലീപ്മോട്ടോർ C10 ഇലക്ട്രിക് എസ്‌യുവിയിൽ 423 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. ബാറ്ററി പായ്ക്ക് 30 മിനിറ്റിനുള്ളിൽ 0 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. മോഡലിലെ ഇലക്ട്രിക് മോട്ടോർ ഏകദേശം 215 bhp പവറോളം ഉത്പാദിപ്പിക്കാൻ കഴിവുള്ളതായതിനാൽ വെറും 7.5 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C10 ഇവിക്കാവും.


Click it and Unblock the Notifications








