സ്റ്റോക്ക് മാർക്കറ്റിംഗ് സംഭവം തന്നെ! ഒറ്റ ട്രേഡിംഗിലൂടെ ഈ ചെറുപ്പക്കാരൻ വാങ്ങിയത് 31.20 ലക്ഷത്തിൻ്റെ എസ്‌യുവി
സ്റ്റോക്ക് മാർക്കറ്റിംഗും ട്രേഡിംഗുമെല്ലാം ഇന്ത്യക്കാർക്ക് സുപചിതമായ വാക്കുകളായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഓഹരി വിപണിയിലെ ഈ കളി അപകടസാധ്യതയുള്ളതും പ്രവചനാതീതവുമായതിനാൽ പലരും ഇതിലേക്ക് ഇറങ്ങാൻ താത്പര്യം കാണിക്കാറില്ലെന്നതാണ് സത്യം. പക്ഷേ നിയമാനുസൃതമായ വരുമാന സ്രോതസായി ട്രേഡിംഗ് നടത്തുന്നവരും അനേകമാണ്. അച്ചടക്കം, ക്ഷമ, കഠിനാധ്വാനം എന്നിവയുണ്ടെങ്കിൽ ട്രേഡിംഗിലൂടെ കോടികൾ സമ്പാദിക്കാനാവുമെന്നതാണ് സത്യം. ഇത്തരത്തിൽ ക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന നിരവധി വൈദഗ്ധ്യമുള്ളവർ നമുക്ക് ചുറ്റമുണ്ട്. ഇപ്പോഴിതാ ഒരൊറ്റ ട്രേഡിംഗിലൂടെ ലഭിച്ച ലാഭത്തിൽ നിന്നും പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബംഗാളിൽ നിന്നുമുള്ളൊരു ചെറുപ്പക്കാരൻ.
മഹീന്ദ്ര XEV 9E ഇവിയാണ് സ്റ്റോക്ക് മാർക്കറ്റിംഗിലെ ഒറ്റ ട്രേഡിംഗിലൂടെ സൗമിക് സിൻഹ റോയ് എന്ന ചെറുപ്പക്കാരൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും ഇദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. "ട്രേഡിംഗ് ചൂതാട്ടമാണെന്ന് എന്നോട് പറഞ്ഞ ആളെ ഇപ്പോഴും തിരയുകയാണ്. എനിക്ക് XEV 9E ലഭിച്ച ഒരു മാസത്തെ ഒരൊറ്റ ട്രേഡ് ഇതാ" എന്ന അടിക്കുറിപ്പോടെയാണ് വാഹനം വാങ്ങിയ സന്തോഷം സൗമിക് പങ്കുവെച്ചിരിക്കുന്നത്.

ടാംഗോ റെഡ് ഷേഡ് കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന മഹീന്ദ്ര XEV 9E ഇലക്‌ട്രിക് എസ്‌യുവിക്ക് അരികിൽ സൗമിക് സിൻഹ റോയിയുടെ അമ്മയെയും ഭാര്യയെയും കാണാം. 21.90 ലക്ഷം മുതൽ 31.20 ലക്ഷം രൂപ വരെയാണ് ഇവിക്കായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. ടോപ്പ് വേരിയൻ്റിന് 11 kW ചാർജറും ഒപ്പം ലഭിക്കുമെന്നതിനാൽ വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാനും സാധിക്കുന്നതാണ്. ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്.
മഹീന്ദ്ര XEV 9E ഇവിയിലെ 59 kWh ബാറ്ററി പതിപ്പ് 228 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തിൽ 380 Nm ടോർക്ക് വരെ നിർമിക്കാൻ യോഗ്യമാണെന്നും കമ്പനി പറയുന്നു. ഈ മോഡലുകൾ ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്.

ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്. കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്. മിക്ക ആധുനിക മഹീന്ദ്ര വാഹനങ്ങളെയും പോലെ XUV 9E ഇവിയും ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണെന്ന് കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും.
ഇൻ്റീരിയറും ലോകോത്തരമായാണ് പണികഴിച്ചിരിക്കുന്നത് കേട്ടോ. ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകൾ പോലുള്ള പ്രീമിയം സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ പിന്നിലിരിക്കുന്നവർക്ക് യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ രണ്ട് അധിക സ്‌ക്രീനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ.

7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംഗതികളും മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലെ അടിപൊളിയാക്കുന്നുണ്ട്. എന്തായാലും ഇനി നിരത്തുകളിൽ മഹീന്ദ്രയുടെ ഇന്ത്യൻ നിർമിത വൈദ്യുത എസ്‌യുവികൾ ചീറിപ്പായുന്നത് കാണാം.
. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും XEV 9E ഇലക്ട്രിക് എസ്‌യുവിക്കാവും. സെലിബ്രിറ്റികൾക്കിടയിൽ ഹിറ്റായ ഇലക്‌ട്രിക് എസ്‌യുവി ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളെ പോലും നാണിപ്പിക്കുന്ന ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ ഇലക്ട്രിക് കൂപ്പെ എസ്‌യുവി ഡിസൈൻ തരംഗമായിട്ടുണ്ടെന്ന് പറയാം.


Click it and Unblock the Notifications








