ഥാറിനെ പേടിപ്പിക്കാനല്ല, ജിംനിക്ക് ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ഒരുങ്ങി കമ്പനി; സുരക്ഷ കൂട്ടാൻ ഇത്തവണ ADAS ടെക്കും
മാരുതി സുസുക്കിയോട് ഇന്ത്യക്കാർ ചോദിച്ച് പുറത്തിറക്കിയ എസ്‌യുവിയായിരുന്നു ജിംനി (Maruti Suzuki Jimny). ജിപ്‌സിയുടെ ആത്മീയ പിൻഗാമിയെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ വമ്പൻ ഹിറ്റടിച്ച കുട്ടികൊമ്പൻ പക്ഷേ മാരുതിയുടേയും ഇന്ത്യക്കാരുടേയും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നതാണ് സത്യം. കമ്പനിക്ക് വിൽപ്പന കണക്കുകൾ തിരിച്ചടിയായപ്പോൾ ജനത്തിന് ആളെ കാര്യമായി ബോധിച്ചില്ലെന്നതാണ് സത്യം. മഹീന്ദ്ര ഥാറിനെ പോലെ അന്യായ റോഡ് പ്രസൻസില്ലാത്തതും പെർഫോമൻസ് കണക്കുകളിൽ ചീറ്റപ്പുലിയാവാഞ്ഞതുമെല്ലാമാണ് ജിംനിക്ക് ഇന്ത്യയിൽ തിരിച്ചടിയായത്. കൂട്ടത്തിൽ വിലയും അൽപം കൂടുതലാണെന്ന പരാതി ഉയർന്നതോടെ എസ്‌യുവി മൂക്കുകുത്തി താഴെ വീഴുകയായിരുന്നു.
ജിംനിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി ഇടയ്ക്ക് 3 ലക്ഷം രൂപയ്ക്ക് അടുത്ത് മാരുതി ഓഫറുകളും അണിനിരത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും കിട്ടിയില്ല. ഇപ്പോഴിതാ ജിംനിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാക്ഷാൽ സുസുക്കി. ഈ ഓഗസ്റ്റിൽ എസ്‌യുവിയുടെ മുഖംമിനുക്കി അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് ഓട്ടോഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നത്.

പക്ഷേ ഇന്ത്യയിലെ ജിംനിക്കായിരിക്കില്ല നവീകരണങ്ങൾ ആദ്യം ലഭിക്കുക. ഏറ്റവും ഡിമാന്റുള്ള അന്താരാഷ്ട്ര വിപണികൾക്കാവും മാറ്റങ്ങൾ ലഭിക്കുക. ഡിസൈനിലോ എഞ്ചിനിലോ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട് കേട്ടോ. പകരം, ഇത്തവണ ശ്രദ്ധ പ്രധാനമായും നൂതന സുരക്ഷാ സാങ്കേതികവിദ്യകളിലാവുമെന്നാണ് വിവരം. ഹമ്പടാ സേഫ്റ്റിയുടെ കാര്യത്തിൽ ജിംനി പുലിയാവാൻ പോവുന്നോയെന്നായിരിക്കും പലരും മനസിൽ ഓർക്കുന്നുണ്ടാവുക അല്ലേ.
എന്തായാലും അപ്‌ഡേറ്റ് ആദ്യം സുസുക്കിയുടെ സ്വദേശമായ ജപ്പാനിലാവും അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ സേഫ്റ്റി സപ്പോർട്ട് സ്യൂട്ട് ജിംനി, ജിംനി സിയറ വേരിയന്റുകളിൽ കൊണ്ടുവരും. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഡ്യുവൽ ക്യാമറ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, പോസ് ഉള്ള ട്രാഫിക് സൈൻ റെക്കഗ്നിഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് വേരിയന്റുകൾക്കുള്ള റിവേഴ്സ് ബ്രേക്ക് സപ്പോർട്ട് തുടങ്ങിയ മെച്ചപ്പെടുത്തലുകൾ നവീകരണങ്ങളിൽ ഉൾപ്പെടും.

എന്തായാലും പരുക്കൻ ശൈലിയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാതെ ജിംനിയെ ഇത്തരം കാര്യങ്ങളിൽ മിടുക്കനാക്കുന്നത് സുസുക്കിക്ക് ഗുണംചെയ്യുമെന്നതിൽ സംശയമൊന്നും വേണ്ട. ഇനി ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലല്ലോയെന്ന് നിരാശപ്പെടുന്നവരും ഉണ്ടാവും അല്ലേ. പലരും ഒരു മുഖംമിനുക്കൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ജിംനിയുടെ സിഗ്നേച്ചർ ബോക്സി ഡിസൈൻ നിലനിർത്താൻ സുസുക്കി തീരുമാനിച്ചത് കൈയടി നേടും.
അതിനുള്ള കാരണം വേറെ തിരക്കേണ്ട കേട്ടോ, ആഗോള വിപണികളിൽ മെയ്‌ഡ് ഇൻ ഇന്ത്യ 5-ഡോർ ജിംനിക്ക് നല്ല ഡിമാന്റാണ് ലഭിക്കുന്നത് എന്നതാണ് പ്രധാന കാരണം. ഡിമാൻഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സുസുക്കി കോസ്മെറ്റിക് മാറ്റങ്ങളേക്കാൾ നിർമാണ സ്ഥിരതയ്ക്ക് മുൻഗണന നൽകുകയാണ്. ജപ്പാനിൽ ജിംനി നോമാഡ് എന്ന പുത്തൻ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കിയപ്പോൾ നാല് ദിവസത്തിനുള്ളിൽ 50,000-ത്തിലധികം ബുക്കിംഗുകൾ നേടിയിരുന്നു.

ഇത് മൂന്ന് വർഷത്തിലധികം ആസൂത്രണം ചെയ്ത ഔട്ട്പുട്ടിന് തുല്യമാണെന്നാണ് കമ്പനി പറയുന്നത്. സുസുക്കിയുടെ ജിംനി തന്ത്രത്തിന് ഇന്ത്യ ഒരു പ്രധാന വിപണിയാണ്. രാജ്യത്ത് വിൽക്കുന്ന 5 ഡോർ മോഡൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യൻ സുരക്ഷാ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന മോഡൽ ജപ്പാൻ ഇറക്കുമതി ചെയ്യുന്നതോടെ, കമ്പനിയുടെ ആഗോള വിതരണ ശൃംഖലയിൽ മാരുതി സുസുക്കി ഇന്ത്യയുടെ പ്രാധാന്യം എന്താണെന്നും തെളിഞ്ഞു.
എന്തായാലും ഇന്ത്യക്കാർക്ക് വേണ്ടെങ്കിലും ആഗോള തലത്തിൽ ശ്രദ്ധിക്കാനായത് സുസുക്കി ജിംനിക്ക് മൈലേജാണ്. വൈദ്യുത വാഹനങ്ങൾക്കുള്ള ആവശ്യം കൂടിവരുന്നുണ്ടെങ്കിലും ജിംനിയെ വൈദ്യുതീകരിക്കുന്നതിനെക്കുറിച്ച് സുസുക്കി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വൈദ്യുതീകരിക്കാത്ത പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചായിരിക്കും മോഡൽ തുടരുകയെന്ന് കമ്പനി മേധാവി തോഷിഹിരോ സുസുക്കി അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള അതേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ തുടർന്നും ലഭിക്കുമെന്ന് സാരം.


Click it and Unblock the Notifications








