ഓഫ്-റോഡ് പോവാൻ ഇനി ഫോർച്യൂണർ ഒന്നും വേണ്ട! ഓൾവീൽ ഡ്രൈവുള്ള സ്വിഫ്റ്റ് പുറത്തിറക്കി സുസുക്കി
വണ്ടികളോട് അധികം താത്പര്യമില്ലാത്ത സ്ത്രീകൾക്ക് പോലും കണ്ടാൽ അറിയാവുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. കാലംകുറേയായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാറുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ കോംപാക്‌ട് ഹാച്ച്ബാക്ക് ഇതിനോടകം 30 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്വന്തമാക്കിയിരിക്കുന്നത്. നാല് തലമുറ ആവർത്തനങ്ങളിലൂടെ കടന്നുപോയിരിക്കുന്ന മോഡൽ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ മുൻപന്തിയിലുണ്ട്. നല്ല മൈലേജ്, നല്ല പെർഫോമൻസ്, നല്ല ഡിസൈൻ, നല്ല ഇന്റീരിയർ എന്നിങ്ങനെ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സന്നാഹങ്ങളും ഒരുക്കിയെത്തുന്ന മോഡൽ ഇന്നും പലരുടേയും ഡ്രീം കാറാണ്.
ഇന്ത്യയിലേത് പോലെ തന്നെ വിദേശ രാജ്യങ്ങളിലും കോംപാക്‌ട് ഹാച്ച്ബാക്ക് വാങ്ങാൻ ആളുകൾ ഏറെ എത്തുന്നുണ്ട്. ഒരു സിറ്റി കാറായിട്ടാണ് രൂപകൽപ്പന ചെയ്‌തിരുന്നെങ്കിലും സുസുക്കിയുടെ നെതർലാൻഡ്‌സ് ഡിവിഷൻ സ്വിഫ്റ്റ് ഓൾഗ്രിപ്പ് FX എന്നൊരു ഓഫ്-റോഡർ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഓൺ-റോഡിലേത് പോലെ ചെറിയ ഓഫ്-റോഡുകളിലും കാറിനെ കൊണ്ടുപോവാനാവുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഇതിൽ നടപ്പിലാക്കിയിരിക്കുന്നത്.

തൂൾ റൂഫ് റാക്ക് സുസുക്കി സ്വിഫ്റ്റ് FX മോഡലിൽ കൂട്ടിച്ചേർത്തതാണ് ശ്രദ്ധേയമായ കാര്യം. സ്പെയർ വീൽ, സ്നോ ട്രാക്കുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള ഒരു മൗണ്ടായി മാത്രമല്ല, വാഹനത്തിന്റെ ഭാരം വഹിക്കാനുള്ള ശേഷിയും ഇത് വളരെയധികം വർധിപ്പിക്കുന്നുണ്ട്. ഈ പ്രായോഗികതയ്ക്ക് പുറമെ ഫ്രണ്ട് ഗ്രില്ലിൽ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന ട്രാലർട്ട് എൽഇഡി ലൈറ്റ് ബാറും ഈ മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
വീൽ ആർച്ചുകൾ ഹൈ ഗ്ലോസ് ബ്ലാക്ക് ട്രിമ്മുകൾ ഉപയോഗിച്ച് നവീകരിച്ചതും അടിപൊളിയായിട്ടുണ്ട്. ഇതിൽ തന്നെയാണ് സുസുക്കി എംബ്ലങ്ങളും ഓൾഗ്രിപ്പ് ഡീക്കലുകളും കൊടുത്തിരിക്കുന്നത്. പ്രൊട്ടക്ഷൻ റബർ ട്രിം ഉപയോഗിച്ച് റിയർ ബമ്പറും റീഡിസൈൻ ചെയ്‌തിട്ടുണ്ടെന്ന് വേണം പറയാൻ. ഓഫ്-റോഡ് ലുക്ക് സമ്മാനിക്കാനായി സ്റ്റാൻഡേർഡ് ബ്ലാക്ക് അലോയ് വീലുകളിൽ 196/55R16 സെക്ഷൻ വലിപ്പമുള്ള ഓൾ-സീസൺ ടയറുകളുമായാണ് സ്വിഫ്റ്റ് ഓഫ്-റോഡർ വരുന്നത്.

ഇത് ഓൺ-റോഡിലും ഓഫ്-റോഡിലും ഒരുപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും കോംപാക്‌ട് ഹാച്ച്ബാക്കിനെ സഹായിക്കും. ഇനി ഇന്റീരിയിറിലേക്ക് കയറിയാൽ സ്വിഫ്റ്റിന്റെ പ്രീമിയം ഫീലും ഉപയോഗക്ഷമതയും മെച്ചപ്പെടുത്തുന്നതിൽ സുസുക്കി നെതർലാൻഡ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ മോഡലിന്റെ അതേ ലേഔട്ട് നിലനിർത്തിക്കൊണ്ടുതന്നെ സീറ്റുകൾ ലെതറിലാണ് പൊതിഞ്ഞെടുത്തിരിക്കുന്നത്.
ഓഫ്-റോഡിംഗിലേക്ക് ഇറക്കുമ്പോൾ പറ്റുന്ന അഴുക്കുകൾ വൃത്തിയാക്കാൻ റബർ മാറ്റുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി സ്വിഫ്റ്റ് ഓൾഗ്രിപ്പ് FX പതിപ്പിൽ കൊടുത്തിരിക്കുന്നത്. കൂടാതെ, ദീർഘദൂര റോഡ് യാത്രകൾക്കും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും കാറിന് വൈവിധ്യം നൽകുന്നതിന് ഒരു ഡൊമെറ്റിക് കൂൾ ബോക്സും സ്റ്റോറേജ് ബോക്സും ചേർത്തിട്ടുണ്ടെന്നും എടുത്ത് പറയേണ്ട സംഗതിയാണ്.

ജപ്പാനിലെ കീ കാർ വിപണിയിൽ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റംസ് വ്യാപകമാണെങ്കിലും ഈ സംവിധാനം ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ യൂറോപ്യൻ കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ്. കുറഞ്ഞ ട്രാക്ഷൻ സാഹചര്യങ്ങളിൽ പോലും മികച്ച പെർഫോമൻസ് കൊണ്ടുവരാനായി ഓൾഗ്രിപ്പ് സിസ്റ്റം കൊടുത്തിരിക്കുന്നതും വലിയ നേട്ടം തന്നെയാണ്. ഇത് മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ കണ്ടതിന് സമാനമാണ്.
ഓഫ്-റോഡ് സാഹചര്യങ്ങളിൽ ഫ്രണ്ട് വീലിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ കൺട്രോളും സ്റ്റെബിലിറ്റിയും മെച്ചപ്പെടുത്തുന്നതിന് ഒരു വിസ്കോസ് കപ്ലിംഗിന് റിയർ വീലുകളിലേക്ക് പവർ സമർത്ഥമായി കൈമാറുന്ന ടെക്നിക്കാണിത്. ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന 2024 സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ട് നിലനിർത്തിക്കൊണ്ട് വിപുലമായ എഞ്ചിൻ, ഫീച്ചർ പരിഷ്ക്കരണങ്ങളോടെയാണ് യൂറോപ്യൻ ഓൾഗ്രിപ്പ് FX ഒരുക്കിയിരിക്കുന്നത്.

സ്വിഫ്റ്റ് ഓൾഗ്രിപ്പിൽ ആഗോള മോഡലുകളിലെ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ എഞ്ചിനും 12V മൈക്രോ-ഹൈബ്രിഡ് സിസ്റ്റവും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അങ്ങനെ കാറിന് 82 bhp കരുത്തോളം ഉത്പാദിപ്പിക്കാനുമാവും. നെതർലാൻഡിൽ 22,299 യൂറോ മുതൽ 28,449 യൂറോ വരെയാണ് കാറിന് വരുന്ന വില. അതായത് ഏകദേശം 21.65 ലക്ഷം രൂപ മുതൽ 27.62 ലക്ഷം രൂപ വരുമെന്ന് സാരം.


Click it and Unblock the Notifications








