മാരുതിക്ക് ഇതുവരെ തോന്നാത്ത കാര്യം, ക്ലച്ചിന്റെ ശല്യമില്ലാതെ 26.90 കി.മീ മൈലേജുള്ള ടാറ്റ കാർ ഓടിക്കാം
പ്രീമിയം ഹാച്ച്ബാക്ക് വിപണിയെ ഇളക്കിമറിച്ചുകൊണ്ട് പുത്തൻ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് (Tata Altroz Facelift) ഇക്കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. കിടിലൻ വിലയും അന്യായ മൈലേജുമെല്ലാമായി എത്തിയ മോഡൽ ട്രെൻഡ്സെറ്ററാവുമെന്നാണ് വിലയിരുത്തൽ. സെഗ്മെന്റ് ഇതുവരെ കാണാത്ത കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചെത്തിയിരിക്കുന്ന മോഡൽ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന കാറിന് 6.89 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മാരുതിയുമായി നേരിട്ട് മത്സരിക്കുന്നതിനാൽ മൈലേജിലും യാതൊരു കുറവും വരുത്താതെയാണ് ആൾട്രോസ് മുഖംമിനുക്കി എത്തിയിരിക്കുന്നത്.
ടാറ്റ മോട്ടോര്‍സ് പറയുന്നത് അനുസരിച്ച് 2025 ആള്‍ട്രോസിന്റെ പെട്രോള്‍ എഞ്ചിൻ ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജാണ് അവകാശപ്പെടുന്നത്. അതേസമയം ഡീസല്‍ 23.60 കിലോമീറ്റര്‍ ഇന്ധക്ഷതയും സിഎന്‍ജി കിലോഗ്രാമിന് 26.90 കിലോമീറ്റര്‍ മൈലേജും പറയുന്നുണ്ട്. അങ്ങനെ സെഗ്മെന്റിൽ മൈലേജ് വിപ്ലവം കൊണ്ടുവരാൻ ടാറ്റ ശ്രമിക്കുകയാണ്. പുതിയ മോഡലിന്റെ ആരവം കെട്ടടങ്ങുന്നതിന് മുമ്പായി മറ്റൊരു സർപ്രൈസും കാറിൽ ഒരുക്കിവെച്ചിട്ടുണ്ട് കമ്പനി.

മറ്റൊന്നുമല്ല, ആൾട്രോസ് സിഎൻജി ഓട്ടോമാറ്റിക് പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അധികം വൈകാതെ എത്തുന്ന മോഡലിനായി കാത്തിരിക്കുന്നതും നിരവധി പേരാണ്. സിഎൻജി വിഭാഗത്തിൽ അവഗണിക്കപ്പെട്ട മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കിയെ വെല്ലുവിളിക്കാനാണ് ടാറ്റയുടെ പദ്ധതി. ടിഗോർ, ടിയാഗോ പോലുള്ള സിഎൻജി വാഹനങ്ങളിൽ എഎംടി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന് എളുപ്പത്തിൽ ആൾട്രോസിലേക്കും എഎംടി ട്രാൻസ്മിഷൻ അവതരിപ്പിക്കാനാവും.
നിലവിൽ ആൾട്രോസ് സിഎൻജി എഎംടി പതിപ്പ് എന്ന് വിപണിയിൽ എത്തുമെന്ന കാര്യമൊന്നും ടാറ്റ മോട്ടോർസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് സിഎൻജി ക്ലച്ചില്ലാതെ വിപണിയിലെത്തിയേക്കുമെന്നാണ് അനുമാനം. ആൾട്രോസ് സിഎൻജി നിലവിൽ സ്മാർട്ട്, പ്യുവർ, പ്യുവർ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, അക്കംപ്ലിഷ്ഡ് S എന്നീ 6 വേരിയന്റുകളിൽ ലഭ്യമാണ്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്ന സിഎൻജി പതിപ്പിന് 6,000 ആർപിഎമ്മിൽ 72.4 bhp പവറും 3,500 ആർപിഎമ്മിൽ 103 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. നിലവിൽ ആൾട്രോസ് സിഎൻജി 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വാങ്ങാനാവുന്നത്. കുറച്ച് മാസങ്ങൾക്കുള്ളിൽ എഎംടി കൂടി എത്തുന്നതോടെ ഓട്ടോമാറ്റിക് വാഹന പ്രേമികളെ കൂടി ആകർഷിക്കാൻ കാറിനാവും.
ഫീച്ചറുകളിലേക്ക് വന്നാൽ 6 എയർബാഗുകൾ, 16 ഇഞ്ച് വീലുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, 4 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, റിമോട്ട് കീലെസ് എന്നിവ ആൾട്രോസ് സിഎൻജിയിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡൽ കൂടിയാണ് ടാറ്റയുടെ ഹാച്ച്ബാക്ക്.

ട്വിൻ സിലിണ്ടർ 60 ലിറ്റർ സിഎൻജി ടാങ്കുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായിരുന്നു ആൾട്രോസ്. പുതിയ കാറും ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുന്നതിനാൽ ബുട്ട് സ്പേസിലൊന്നും യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്തേണ്ട കാര്യവുമില്ല. ഈ ഡ്യുവൽ ടാങ്ക് സെറ്റപ്പ് കാരണം ആൾട്രോസ് സിഎൻജിക്ക് 210 ലിറ്ററിന്റെ പ്രായോഗിക ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യാനാവും. അതിനാൽ എത്ര സാധനങ്ങൾ വേണമെങ്കിലും കയറ്റാമെന്ന് സാരം.
ഒരു അഡ്വാൻസ്ഡ് ഇസിയു ഉപയോഗിച്ച് സിഎൻജി, പെട്രോൾ മോഡുകൾക്കിടയിൽ യാന്ത്രികമായി മാറാനും ആൾട്രോസിനാവും. ഇത്തരത്തിലുള്ള മാറ്റം ഇന്ധനക്ഷമതയെ ബാധിക്കാതെ തന്നെയാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹാച്ച്ബാക്ക് നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ട് ചെയ്യാൻ കഴിയുമെന്നതും വലിയൊരു മേൻമയാണ്. ഈയൊരു ഫീച്ചറും പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ആദ്യത്തേതാണ്.

ഫ്യുവൽ ലിഡ് തുറന്നിരിക്കുമ്പോൾ ഇഗ്നിഷൻ യാന്ത്രികമായി ഓഫാക്കുന്ന ഒരു അധിക സുരക്ഷാ സവിശേഷതയും ടാറ്റ മോട്ടോർസ് ആൽട്രോസ് സിഎൻജിയിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എൽഇഡി ഫോഗ് ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും കാറിൽ ലഭ്യമാണ്.


Click it and Unblock the Notifications








