നെക്സോണിന് 1.55 ലക്ഷം വരെ കുറയും, ജിഎസ്‌ടി പരിഷ്ക്കാരത്തിലൂടെ ടാറ്റ കാറുകൾക്ക് വില കുറയുന്നത് ഇത്രത്തോളം
വാഹന ലോകം ഏറ്റവും കൂടുതൽ കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ജിഎസ്‌ടി നിരക്ക് പരിഷ്ക്കാരം (GST Price Reduction). 28 ശതമാനമുണ്ടായിരുന്ന നികുതി 18 ശതമാനമായി കുറച്ചത് ആളുകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22-ാം തീയതി മുതൽ രാജ്യത്തെ കാറുകളുടേയും ബൈക്കുകളുടേയുമെല്ലാം വില കുറയുമെന്നും വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ തീരുമാനത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ കാർ ശ്രേണിയിലുടനീളം വ്യാപകമായ വില പരിഷ്ക്കരണം പ്രഖ്യാപിച്ചും കഴിഞ്ഞിരിക്കുകയാണ്. പുതുക്കിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
നികുതി ഇളവിന്റെ മുഴുവൻ ആനുകൂല്യവും വാങ്ങുന്നവർക്ക് ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ജനങ്ങൾ കാത്തിരിക്കുന്നതു പോലെ തന്നെ കാറുകളുടെ വിലയിൽ കാര്യമായ കുറവ് തന്നെയാണ് സംഭവിക്കാൻ പോവുന്നത്. പുതിയ ജിഎസ്‌ടി നിരക്ക് പ്രകാരം ടാറ്റ മോട്ടോർസ് നിരയിൽ നെക്‌സോണിനാണ് ഏറ്റവും വലിയ കുറവ് സംഭവിക്കുക. അതായത് കോംപാക്‌ട് എസ്‌യുവിക്ക് 1.55 ലക്ഷം രൂപ വരെ വിലക്കുറവ് ഉണ്ടാവുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

സഫാരി, ഹാരിയർ പോലുള്ള കൂടുതൽ പ്രീമിയം എസ്‌യുവികൾക്ക് യഥാക്രമം 1.45 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വരെ ഇളവ് ലഭിക്കുമെന്നതും ആരാധകരെ സന്തോഷിപ്പിക്കും. ഹാച്ച്ബാക്കുകളുടെ കാര്യത്തിലേക്ക് വന്നാൽ ആൾട്രോസിന് 1.10 ലക്ഷം രൂപ വരെ വിലക്കുറവുണ്ടാകും. അതേസമയം എൻട്രി ലെവൽ ടിയാഗോ കോംപാക്ട് ഹാച്ച്ബാക്കിനും ടിഗോർ കോംപാക്ട് സെഡാനും യഥാക്രമം 75,000 രൂപയും 80,000 രൂപയും വിലക്കുറവിൽ ലഭ്യമാകും.
ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായ പഞ്ച് മൈക്രോ എസ്‌യുവിയുടെ വില 85,000 രൂപ വരെ കുറയുന്നതും ആഘോഷമാക്കേണ്ട സംഗതി തന്നെയാണ്. അടുത്തിടെ അവതരിപ്പിച്ച കർവ് കൂപ്പെ എസ്‌യുവിയുടെ വിലയിൽ 65,000 രൂപ വരെയാവും കുറയുക. നികുതി ഇളവിനെ "പുരോഗമന പരിഷ്ക്കരണം" എന്നാണ് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്.

ഉത്സവ സീസൺ സമയത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത് എന്തുകൊണ്ടും സ്വാഗതാർഹമായ കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന സമയമാണ് സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങൾ. വാഹനങ്ങൾക്ക് വില കുറയുന്നതോടെ കാറുകൾ വാങ്ങാൻ ഇനിയും കൂടുതൽ ആളുകൾ എത്തുമെന്നതിൽ തർക്കമൊന്നുമില്ല. ആയതിനാൽ ഡെലിവറി കിട്ടാനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ മോഡലുകൾ നേരത്തെ ബുക്ക് ചെയ്‌തിടുന്നത് തന്നെയാവും ഉചിതം.
എൻട്രി ലെവൽ, പ്രീമിയം വിഭാഗങ്ങളിൽ ടാറ്റ തങ്ങളുടെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴുള്ളത്. ജിഎസ്ടി പരിഷ്ക്കാരം മോഡലുകളുടെ വില കൂടുതൽ ആകർഷകമാക്കുകയും ബ്രാൻഡിന്റെ മത്സരക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്കുറവ് ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ നികുതി പരിഷ്കരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ ഹൈബ്രിഡ് വാഹന വിഭാഗമാണ്. അതേസമയം പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി, ഹൈബ്രിഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോംപാക്‌ട് കാറുകൾക്ക് ഇനി 18 ശതമാനം മാത്രമേ ഈടാക്കൂ. നേരത്തെ നിരക്ക് 28 ശതമാനം ജിഎസ്ടിയായിരുന്നു. 1500 സിസിയിൽ താഴെ എഞ്ചിനുകളുള്ളതും 4,000 മില്ലീമീറ്റർ വരെ നീളമുള്ളതുമായ വാഹനങ്ങൾക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








