ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ ടാറ്റ കുടുംബത്തിലെ അംഗം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
സർപ്രൈസുകൾ നൽകാൻ പ്രത്യേക താത്പര്യം കാണിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി കാശ് വാരാനും ഇവർക്കുള്ള മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ടാറ്റയുടെ നിരയിൽ ഏറ്റവും ജനപ്രിയമായ സീരീസാണ് ഡാർക്ക് എഡിഷനുകൾ. സഫാരിയും ഹാരിയറും നെക്സോണും ആൾട്രോസും എല്ലാം ഇത്തരത്തിൽ ആളെക്കൂട്ടിയവരാണ്. ഇപ്പോഴിതാ കർവിന്റെ ഡാർക്ക് എഡിഷൻ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിലൊരു സർപ്രൈസ് കൂടിയുണ്ട് കേട്ടോ. എന്താണല്ലന്നല്ലേ ഈ മാസം ആരംഭിക്കാനിരിക്കുന്ന 2025 ഐപിഎല്ലിന്റെ ഔദ്യോഗിക കാറായിട്ടാവും ഇതിനെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുക.
അതോടൊപ്പം ഒരു ബോളിവുഡ് സെലിബ്രിറ്റിയെ കർവിൻ്റെ ബ്രാൻഡ് അംബാസഡറായും നിയമിക്കുമെന്നാണ് വിവരം. നിലവിൽ കാര്യമായി ക്ലിക്കാവാതെ പോയ ടാറ്റയുടെ കൂപ്പെ എസ്‌യുവിക്ക് ഇതോടെ കരകയറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിൻ്റെ ഔദ്യോഗിക കാർ ടാറ്റ പഞ്ച് ഇവി ആയിരുന്നു. ഇതിന് പകരക്കാരനായിട്ടാവും ഈ വർഷം ചുമതല കർവ് ഡാർക്ക് എഡിഷൻ കൈമാറുക.

ഡാർക്ക് എഡിഷനിലൂടെ ഐപിഎല്ലില്ലിന്റെ ഔദ്യോഗിക കാറായി മാറുന്നതോടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനും കർവിനാവും. കാഴ്ച്ചയിൽ ഇതിനോടകം സ്റ്റൈലൻ എസ്‌യുവിയാണെങ്കിലും കറുപ്പ് നിറം കൂടി ചേരുന്നതോടെ വണ്ടി വേറെ ലെവലാവും. ഹൈപ്പീരിയൻ 1.2 ലിറ്റർ ടർബോ പെട്രോൾ ജിഡിഐ, ക്രിയോജെറ്റ് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാവും കർവ് ഡാർക്ക് എഡിഷൻ പുറത്തിറക്കുക.
ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത ഒരു പുതിയ അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിലേക്ക് വന്നാൽ ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവിക്ക് 4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

500 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ കർവിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ടാം നിര സീറ്റുകൾ മടക്കിയാൽ 973 ലിറ്ററായും ഇത് വികസിപ്പിക്കാനാവും. ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാവും കർവിന്റെ ഡാർക്ക് എഡിഷൻ പണികഴിപ്പിക്കുക. അതിനാൽ തന്നെ 18 ഇഞ്ച് അലോയ് വീലുകളായിരിക്കും എസ്‌യുവിയിലുണ്ടായിരിക്കുക. ഇതിന് ഡ്യുവൽ ടോണിന് പകരം കറുപ്പ് നിറം തന്നെയായിരിക്കും കമ്പനി നൽകുക.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ചരിഞ്ഞിറങ്ങുന്ന കൂപ്പെ റൂഫ്‌ലൈൻ, എൽഇഡി ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, പെയിന്റഡ് പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗുകൾ, ഹാരിയർ-പ്രചോദിത ഫാസിയ എന്നിവയായിരിക്കും കർവ് ഡാക്ക് എഡിഷനിലെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങൾ. എക്സ്റ്റീരിയറിന് സമാനമായ ശൈലിയായിരിക്കും ഇന്റീരിയറിലും ടാറ്റ മോട്ടോർസ് പിന്തുടരുക. ഡാഷ്‌ബോർഡിനും അപ്‌ഹോൾസ്റ്ററിക്കും ഡാർക്ക് ഷേഡുകളായിരിക്കും സമ്മാനിക്കുക.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഫുൾ സ്‌ക്രീൻ നാവിഗേഷനെ പിന്തുണയ്‌ക്കുന്ന 10.2 ഇഞ്ച് ഇൻസ്‌ട്രുമെൻ്റ് സ്‌ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിംഗ് വീൽ എന്നിവയായിരിക്കും ഫീച്ചർ നിരയിലുണ്ടാവുക. തീർന്നില്ല, വെൻ്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ ലെവൽ-2 ADAS, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയും ടാറ്റ കർവ് ഡാർക്ക് എഡിഷന് മൊഞ്ചേകാനായി എത്തും.
നിലവിൽ 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിലാണ് കർവിന്റെ ഡീസൽ, പെട്രോൾ എഞ്ചിൻ മോഡലുകൾ വിപണനം ചെയ്യുന്നത്. പുതിയ മോഡൽ എത്തുമ്പോൾ ചെറിയൊരു വിലക്കയറ്റം പ്രതീക്ഷിക്കാം കേട്ടോ. ഐപിഎൽ തുടങ്ങുന്നതോടെ സ്റ്റേഡിയത്തിൽ കറുപ്പഴകിൽ കർവ് ഡാർക്ക് എഡിഷനും ഇടംപിടിക്കും. ഇന്ത്യയിൽ മിഡ്-സൈസ് എസ്‍യുവി സെഗ്മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റടോയും മാരുതി ഗ്രാൻഡ് വിറ്റാരയോടും മത്സരിക്കുന്ന കൂപ്പെ എസ്‌യുവിക്ക് ഐപിഎല്ലിലെ ഔദ്യോഗിക വാഹനമെന്ന ബഹുമതി മൈലേജാവും.


Click it and Unblock the Notifications








