സ്റ്റൈലൻ കാർ പഴയ വിലയ്ക്ക് കിട്ടാൻ ഇനി വഴിയൊന്നുമില്ല, കച്ചോടം കുറഞ്ഞ വണ്ടിയിൽ ലാഭമുണ്ടാക്കാൻ ടാറ്റയുടെ ഐഡിയ
ഇന്ത്യയിൽ അത്ര പ്രചാരമില്ലാതിരുന്ന വാഹന വിഭാഗമായിരുന്നു കൂപ്പെ എസ്‌യുവികളുടേത്. മാസ്മാർക്കറ്റ് വിഭാഗത്തിൽ ഇത്തരത്തിലൊരു മോഡലിനെ ആളുകൾ കണ്ടിട്ടുമില്ല. ആകെ പരിചയമുള്ള ലംബോർഗിനി ഉറൂസ് എന്ന ആഡംബര എസ്‌യുവി മാത്രമായിരുന്നു. ഇതുവാങ്ങണേലോ കോടികൾ പോക്കറ്റിലുണ്ടാകുവേം വേണം. ഇതിന് ഒരു പരിഹാരമായിട്ടാണ് ടാറ്റ മോട്ടോർസ് കർവ് എന്ന വെറൈറ്റി വാഹനത്തിന് രൂപം കൊടുത്തത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ അരങ്ങുവാഴുന്ന ഹ്യുണ്ടായി ക്രെറ്റയുടേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ആധിപത്യം തകർക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ടായിരുന്നു. സംഭവം അത്രകണ്ട് ക്ലച്ചുപിടിച്ചില്ലെങ്കിലും സെഗ്മെന്റിലേക്കുള്ള ബ്രാൻഡിന്റെ വരവ് എല്ലവരും അറിഞ്ഞു.
ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വണ്ടി വാങ്ങാമെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ പുറത്തിറങ്ങി ഇതുവരെ മോഡലിന് വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സാധിച്ചോയെന്ന് സംശയിക്കുന്നവരുണ്ടാവാം. നിരത്തിലിറങ്ങിയാൽ ടാറ്റ കർവ് അങ്ങനെയൊന്നും കാണാൻ കിട്ടില്ലെന്നതാണ് കാരണം. എന്തായാലും നല്ല ഫീച്ചറുകളും നല്ല ലുക്കും നല്ല സ്പേസുമുള്ള മോഡലിനെ ഇന്ത്യക്കാർ എന്നെങ്കിലും തിരിച്ചറിയുമെന്ന വിശ്വാസത്തിലാണ് കമ്പനി.

ഒന്ന് വാങ്ങിയാലോ എന്ന് ആലോചിച്ചിരിക്കുന്നവർക്ക് പക്ഷേ നിരാശപ്പെടേണ്ടി വരുന്നൊരു വാർത്തയാണ് ടാറ്റ മോട്ടോർസിൽ നിന്നും പുറത്തുവരുന്നത്. വണ്ടി നിർത്തിയൊന്നുമില്ല കേട്ടോ, കർവ് കൂപ്പെ എസ്‌യുവിയുടെ വിലയിൽ ഉടനടി വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മോഡൽ ശ്രേണിയിലെ തെരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 13,000 രൂപ വരെയാണ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നതെന്നാണ് വിവരം.
കർവ് കൂടാതെ, ടിയാഗോ, ടിയാഗോ എൻആർജി, ടിഗോർ എന്നിവയുടെ വിലയിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. അത് വേറൊരു ലേഖനത്തിൽ വിശദീകരിക്കാം. കർവിന്റെ വില വർധനവിലേക്ക് വരുമ്പോൾ എൻട്രി-ലെവൽ മോഡലിന്റെ വിലയിൽ കൈതൊടാതെയാണ് ടാറ്റ പുതിയ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. കൂപ്പെ എസ്‌യുവിയുടെ ബേസ് മോഡൽ ഇപ്പോഴും 10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും.

അക്കംപ്ലിഷ്ഡ് S GDI ടർബോ-പെട്രോൾ മാനുവൽ ഡാർക്ക് എഡിഷൻ, അക്കംപ്ലിഷ്ഡ് S GDI ടർബോ-പെട്രോൾ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് പ്ലസ് A GDI ടർബോ-പെട്രോൾ മാനുവൽ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് പ്ലസ് A GDI ടർബോ-പെട്രോൾ ഡിസിഎ ഡാർക്ക് എഡിഷൻ, സ്മാർട്ട് ഡീസൽ മാനുവൽ, അക്കംപ്ലഷ്ഡ് S ഡീസൽ മാനുവൽ ഡാർക്ക് എഡിഷൻ എന്നിവയുടെ വിലയിലും മാറ്റമില്ലെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.
കൂടാതെ അക്കംപ്ലഷ്ഡ് S ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് പ്ലസ് A ഡീസൽ മാനുവൽ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് പ്ലസ് A ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് പ്ലസ് A ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ എന്നീ ടാറ്റ കർവ് കൂപ്പെ എസ്‌യുവിയുടെ വേരിയന്റുകളുടെ വിലയിലും ടാറ്റ കൈവെച്ചിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇനി അധികം മുടക്കേണ്ടി വരുന്ന വേരിയന്റുകൾ ഏതെല്ലാമാണെന്ന് പറഞ്ഞുതരാം.

ക്രിയേറ്റീവ് S GDI ടർബോ-പെട്രോൾ മാനുവൽ, അക്കംപ്ലിഷ്ഡ് പ്ലസ് A GDI ടർബോ-പെട്രോൾ ഡിസിഎ, ക്രിയേറ്റീവ് പ്ലസ് S GDI ടർബോ-പെട്രോൾ മാനുവൽ, ക്രിയേറ്റീവ് പ്ലസ് S GDI ടർബോ-പെട്രോൾ ഡിസിഎ, അക്കംപ്ലിഷ്ഡ് S GDI ടർബോ-പെട്രോൾ മാനുവൽ, അക്കംപ്ലഷ്ഡ് പ്ലസ് A GDI ടർബോ-പെട്രോൾ മാനുവൽ, അക്കംപ്ലഷ്ഡ് പ്ലസ് A GDI ടർബോ-പെട്രോൾ ഡിസിഎ പതിപ്പുകൾ എന്നിവയ്ക്ക് 3,000 രൂപയുടെ വില വർധനവാണ് കമ്പനി കൊണ്ടുവന്നിരി്കുന്നത്.
ടാറ്റ കർവിന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 13,000 രൂപയുടെ ഏകീകൃത വില വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. അങ്ങനെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഹ്യുണ്ടായി ക്രെറ്റയുടേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും എതിരാളിയായ മോഡലിന് ഇപ്പോൾ 10 ലക്ഷം മുതൽ 19.52 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില വർധനവിന് പുറമെ വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടുമില്ല കേട്ടോ.
6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിഎ ഗിയർബോക്സുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ജിഡിഐ ടർബോ-പെട്രോൾ എഞ്ചിനുകളിൽ ടാറ്റ കർവ് സ്വന്തമാക്കാനാവും. പെട്രോൾ, ഡീസൽ എന്നിവ വേണ്ടെന്നുള്ളവർക്ക് ഇലക്ട്രിക് പതിപ്പിലും കർവ് വാങ്ങിക്കാനാവും. 40.5kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലെത്തുന്ന വണ്ടിക്ക് 17.49 ലക്ഷം മുതൽ 22.24 ലക്ഷം വരെയാണ് വില വരിക.


Click it and Unblock the Notifications








