275 KM റേഞ്ചുള്ള ഇലക്ട്രിക് കാറിന് 1 ലക്ഷം വിലക്കുറച്ച് ടാറ്റ, എല്ലാവരേയും ഇവി വാങ്ങിപ്പിക്കുമെന്നാ തോന്നുന്നേ
ഇന്ത്യയിലെ സാധാരണക്കാരുടെ ഇലക്‌ട്രിക് കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി തന്നവരാണ് ടാറ്റ മോട്ടോർസ്. ആംഡംബര വാഹന വിഭാഗത്തിൽ ഇവികൾ കുന്നുപോലെ വന്നപ്പോൾ മിഡിൽ ക്ലാസുകാരൊക്കെ കൊതിയോടെ നോക്കിനിന്നിട്ടുണ്ടാവണം. ഈയൊരു കാര്യം മനസിലാക്കി ഏറ്റവും കൂടുതൽ കച്ചോടമുള്ള നെക്സോൺ എസ്‌യുവിയെ തന്നെ ബാറ്ററി കാറാക്കി പുറത്തിറക്കാൻ രത്തൻ ടാറ്റ കാണിച്ച മാസ് ചെറുതൊന്നുമല്ലായിരുന്നു. പിന്നീട് ടിഗോർ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി, കർവ് ഇവി, ഇപ്പോഴിതാ ഹാരിയർ ഇവിയും പുറത്തിറക്കി തങ്ങളുടെ വൈദ്യുത വാഹന നിര വിപുലീകരിച്ചിരിക്കുകയാണ് ബ്രാൻഡ്.
മഴക്കാലം തുടങ്ങിയതോടെ കാർ വാങ്ങാൻ കാത്തിരിക്കുന്നവരെ ഇവികളിലേക്ക് ആകർഷിക്കാനുള്ള ഓഫറുകളുടെ പെരുമഴക്കാലമാണ് ടാറ്റ ജൂൺ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഗ്രീൻ ബോണസുകളും എക്സ്ചേഞ്ച്/സ്ക്രാപ്പേജ് ഓഫറുകളും അടങ്ങുന്ന 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെത്തുന്നവരേയും കാത്തിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാലോ?

ടാറ്റ ടിയാഗോ ഇവി വാങ്ങാനെത്തുന്നവർക്ക് 2024 XE ബേസ് വേരിയന്റിൽ മൊത്തം 55,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ടോപ്പ്-എൻഡ് XZ+, XZ+ ടെക് ലക്സ് ACFC (7.2kW) വേരിയന്റുകൾക്ക് പരമാവധി 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ടിയാഗോ ഇവിയുടെ മിഡ്-സ്പെക്ക് XT LR വേരിയന്റിന് 1 ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി ഈ മാസം വാഗ്‌ദാനം ചെയ്യുന്നത്.
ഇതെല്ലാം സ്റ്റോക്കുള്ള 2024 മോഡൽ ഇയർ മോഡലുകൾക്കാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. അതേസമയം 2025 ടിയാഗോ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും 40,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെ വിലയുള്ള ടാറ്റയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാർ 19.2kWh, 24kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് വരുന്നത്. ഇവ യഥാക്രമം 221 കിലോമീറ്റർ, 275 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

ടാറ്റ പഞ്ച് ഇവിയുടെ 2025 ജൂൺ മാസത്തെ ഓഫറുകളിലേക്ക് വന്നാൽ ഇലക്ട്രിക് എസ്‌യുവിയുടെ 2024 മോഡൽ LR ACFC വേരിയന്റുകൾക്ക് പരമാവധി 90,000 രൂപയുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവും. അതേസമയം എൻട്രി ലെവൽ സ്മാർട്ട്, സ്മാർട്ട് പ്ലസ് വേരിയന്റുകളാണ് നോക്കുന്നതെങ്കിൽ പരമാവധി 45,000 രൂപ വരെയാവും ഡിസ്‌കൗണ്ട് ലഭിക്കുക. ശേഷിക്കുന്ന എല്ലാ വേരിയന്റുകൾക്കും 70,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും.
പഞ്ച് ഇവിയുടെ 2025 മോഡലിലെ എല്ലാ വേരിയന്റുകൾക്കും 40,000 രൂപ വരെയുള്ള ഓഫറാണ് ടാറ്റ നൽകുന്നത്. നിലവിൽ 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വിലയുള്ള പഞ്ച് ഇവിയിൽ രണ്ട് ബാറ്ററി (25kWh, 35kWh), ചാർജർ (3.3kWh, 7.2kW) ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി. 25kWh ബാറ്ററിയുള്ള മോഡലുകൾ ഫുൾ ചാർജിൽ 315 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ 35kWh പതിപ്പുകൾ 421 കിലോമീറ്റർ വരെ റേഞ്ച് നൽകും.

ഇനി നെക്സോൺ ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും പരമാവധി 40,000 രൂപ മാത്രമാണ് വിലക്കുറവായി ലഭ്യമാവുക. ഗ്രീൻ ബോണസുകളും എക്സ്ചേഞ്ച്, സ്ക്രാപ്പേജ് ഓഫറുകളും തുല്യമായി വിഭജിച്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. 12.49 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വിലയുള്ള നെക്സോൺ ഇവി 30kWh, 45kWh ബാറ്ററി ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. ഇവ യഥാക്രമം 275 കിലോമീറ്ററും 489 കിലോമീറ്ററും റേഞ്ചാണ് സമ്മാനിക്കുക.
ഇനി കർവ് ഇവിയുടെ 2024 മോഡൽ ഇയറിലുള്ള എല്ലാ വകഭേദങ്ങൾക്കും 70,000 രൂപയുടെ ഓഫറുകളാണ് ടാറ്റ ഒരുക്കിവെച്ചിരിക്കുന്നത്. ഇതിൽ 50,000 രൂപ ഗ്രീൻ ബോണസും 20,000 രൂപ വരെ എക്സ്ചേഞ്ച്, സ്ക്രാപ്പേജ് ഓഫറുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 17.49 ലക്ഷം രൂപ മുതൽ 22.24 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് 45kWh, 55kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണുള്ളത്. ഇവ യഥാക്രമം 430 കിലോമീറ്ററും 502 കിലോമീറ്ററും റേഞ്ചും തരും.


Click it and Unblock the Notifications








