ഹാരിയറിന്റേയും സഫാരിയുടേയും വില കുറയും, എതിരാളികളോട് മുട്ടാൻ വജ്രായുധം പ്രയോഗിക്കാൻ ടാറ്റ
ഇന്ത്യയിലെ എസ്‌യുവികൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം വളരെ വേഗത്തിൽ കണ്ടെത്തിയവരാണ് ടാറ്റ ഹാരിയറും സഫാരിയും (Tata Harrier And Safari). എതിരാളികൾക്കിടയിൽ പഴയ പകിട്ട് നഷ്‌ടപ്പെട്ട് പോയെങ്കിലും ആളുകൾക്ക് ഈ ഇരട്ടകളോട് വല്ലാത്തൊരു ഇഷ്‌ടമുണ്ട്. നല്ല സേഫ്റ്റിയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തുന്നതാണ് ഇഷ്‌ടം കൂടാൻ കാരണം. എന്നിരുന്നാലും ഡിസൈൻ ഓറവാക്കി ചളമാക്കിയെന്ന വശം പറയുന്നവരുമുണ്ട്.എംജി ഹെക്‌ടർ, മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ സെഗ്മെന്റിലെ എതിരാളികളെല്ലാം പെട്രോളിലും ഡീസലിലും വാങ്ങാൻ കിട്ടുമ്പോൾ ഹാരിയറിലും സഫാരിയിലും ഡീസൽ എഞ്ചിൻ മാത്രമാണുള്ളത്.
പെട്രോൾ കൂടിയുണ്ടായിരുന്നെങ്കിൽ പവറായാനേയെന്ന് പലരും ഏറെനാളായി അഭിപ്രായം നൽകുകയും ചെയ്‌തിരുന്നു. എന്തായാലും അഭ്യർഥന പരിഗണിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോർസ് കുറേ നാളുകളായി പറയുന്നുണ്ട്. ഹാരിയറിനും സഫാരിക്കും വേണ്ടി പുതിയ പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനും തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ കാരണം പദ്ധതി വൈകിയെന്ന് മാത്രം.

ഇപ്പോഴിതാ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഹാരിയറിന്റെയും സഫാരിയുടെയും ശ്രേണി വിപുലീകരിക്കുന്നതിനായി ടാറ്റ മോട്ടോർസ് പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉടൻ അവതരിപ്പിക്കും. ഗാഡിവാഡിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം നവംബറിൽ തന്നെ എസ്‌യുവികൾക്ക് പെട്രോൾ ഹൃദയം ലഭിക്കും.
ഹാരിയറിനും സഫാരിക്കും പുറമെ ICE, ഇലക്ട്രിക് വകഭേദങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സിയറയ്‌ക്കൊപ്പവും ഈ എഞ്ചിൻ വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഐക്കണിക് എസ്‌യുവിയുടെ ഇവി പതിപ്പായിരിക്കും ആദ്യം വിപണനത്തിന് എത്തുകയെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം. മിഡ്-സൈസ് എസ്‌യുവി വിപണിയിൽ പെട്രോൾ-പവർ എസ്‌യുവികൾക്ക് ശക്തമായ ഡിമാൻഡാണുള്ളത്.

ഈയൊരു അവസരം മുതലെടുക്കാനും ഒപ്പം ഹാരിയറിന്റേയും സഫാരിയുടേയും പ്രാരംഭ വില കുറയ്ക്കാനും പെട്രോൾ എഞ്ചിന്റെ വരവ് സഹായകരമാവും. 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവികളിലേക്ക് വരിക. ഇതിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉണ്ടാവും.
പെട്രോൾ എഞ്ചിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ മഹീന്ദ്ര XUV700, സ്കോർപിയോ മോഡലുകൾക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ഹാരിയറിനും സഫാരിക്കും സാധിച്ചേക്കും. നിലവിൽ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. എന്തായാലും ഹാരിയറിനും സഫാരിക്കും പെട്രോൾ എഞ്ചിനുകൾ ലഭിക്കുന്നത് ഇതാദ്യമായിരിക്കും. വേരിയന്റുകളുടെയും ട്രാൻസ്മിഷൻ ഓപ്ഷനുകളുടെയും കാര്യത്തിൽ ഈ എസ്‌യുവികളുടെ പെട്രോൾ വകഭേദങ്ങൾക്ക് ഡീസൽ മോഡലുകളേക്കാൾ ഏകദേശം 1 ലക്ഷം രൂപയോളം കുറവുണ്ടാവാനും സാധ്യതയുണ്ട്.
സംഗതി ക്ലിക്കായാൽ മഹീന്ദ്രയേയും ഹ്യുണ്ടായിയേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനും ടാറ്റയ്ക്ക് സാധിച്ചേക്കും. കൂടാതെ ഇപ്പോൾ ഹാരിയറിനും സഫാരിക്കും നേരിടുന്ന ജനപിന്തുണ വർധിപ്പിക്കാൻ പെട്രോൾ എഞ്ചിന്റെ വരവ് സഹായകരമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഒപ്പം സെഗ്മെന്റിൽ രണ്ട് എസ്‌യുവികളുടേയും ഗമയും കൂടും. എന്തായാലും നവംബറോടെ കാര്യങ്ങൾക്കൊരു തീരുമാനമാവുമെന്നത് ആരാധകർക്ക് ആശ്വാസമേകുന്ന കാര്യമാണ്.


Click it and Unblock the Notifications








