പുതിയ ലുക്കിനൊപ്പം ഇനി പെട്രോൾ എഞ്ചിനും, സ്കോർപിയോയ്ക്ക് പണികൊടുക്കാൻ ടാറ്റയുടെ വജ്രായുധം,
ഇന്ത്യയിൽ ഒരിടയ്ക്ക് ചൂടപ്പം പോലെ വിറ്റഴിച്ചിരുന്ന എസ്‌യുവികളായിരുന്നു ടാറ്റ ഹാരിയറും (Tata Harrier) സഫാരിയും (Tata Safari). പിന്നീട് എതിരാളികൾക്കിടയിൽ പെട്ടുപോയ മോഡലുകൾ ഇപ്പോൾ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട് കേട്ടോ. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ കൂടുതൽ കളർഫുള്ളായെങ്കിലും മസ്ക്കുലാർ ലുക്കിന്റെ കാര്യത്തിൽ പഴയ മോഡലുകളോടാണ് ആളുകൾക്ക് താത്പര്യം. എംജി ഹെക്‌ടർ, മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ സെഗ്മെന്റിലെ എതിരാളികളെല്ലാം പെട്രോളിലും ഡീസലിലും വാങ്ങാൻ കിട്ടുമ്പോൾ ടാറ്റയുടെ ഇരട്ടകൾക്ക് ഡീസൽ എഞ്ചിൻ മാത്രമാണുള്ളത്. പെട്രോൾ കൂടിയുണ്ടായിരുന്നെങ്കിൽ പവറായാനേയെന്ന് ഫാൻസ് ഏറെനാളായി പറയുന്നുണ്ട്.
ഇത് പരിഗണിച്ച കമ്പനി ഹാരിയറിനും സഫാരിക്കും വേണ്ടി പുതിയ പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനും തുടങ്ങിയിരുന്നു. എന്നാൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ കാരണം പദ്ധതി വൈകുകയായിരുന്നു. പക്ഷേ ഇനിയും കാത്തിരുന്ന് മുഷിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഈ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലായിരിക്കും പെട്രോൾ എഞ്ചിൻ അരങ്ങേറ്റം കുറിക്കുക.

സഫാരിയും ഹാരിയറും പുതുക്കിയ പെട്രോൾ എഞ്ചിനുമായി പുറത്തിറങ്ങാൻ കാത്തിരിക്കുന്നവരും അനേകമാണ്. 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവികൾക്ക് തുടിപ്പേകാനായി എത്തുക. ഇത് ഏകദേശം 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
ടാറ്റ മോട്ടോർസിന് ഇതിനകം തന്നെ കർവിൽ 1.2 ലിറ്റർ TGDi എഞ്ചിനുള്ളതിനാൽ പുതിയ 1.5 യൂണിറ്റിന്റെ പണികളും എളുപ്പമാവും. കൂപ്പെ എസ്‌യുവിയിലെ 1.2 എഞ്ചിൻ 118 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. എന്തായാലും പെട്രോൾ എഞ്ചിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ മഹീന്ദ്ര XUV700, സ്കോർപിയോ മോഡലുകൾക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ഹാരിയറിനും സഫാരിക്കും സാധിച്ചേക്കും.

നിലവിൽ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
എന്തായാലും ഹാരിയറിനും സഫാരിക്കും പെട്രോൾ എഞ്ചിനുകൾ ലഭിക്കുന്നത് ഇതാദ്യമായിരിക്കും. വേരിയന്റുകളുടെയും ട്രാൻസ്മിഷൻ ഓപ്ഷനുകളുടെയും കാര്യത്തിൽ ഈ എസ്‌യുവികളുടെ പെട്രോൾ വകഭേദങ്ങൾക്ക് ഡീസൽ മോഡലുകളേക്കാൾ ഏകദേശം 1 ലക്ഷം രൂപയോളം കുറവുണ്ടാവാനും സാധ്യതയുണ്ട്. സംഗതി ക്ലിക്കായാൽ മഹീന്ദ്രയേയും ഹ്യുണ്ടായിയേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനും ടാറ്റയ്ക്ക് സാധിച്ചേക്കും.

2025 ഏപ്രിൽ മാസം 45,199 യൂണിറ്റുകളുടെ വിൽപ്പനയായിരുന്നു ടാറ്റ മോട്ടോർസിന് മൊത്തത്തിൽ നേടാനായത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 47,885 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 6 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ടാറ്റയുടെ മുൻനിര എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവ കഴിഞ്ഞ മാസം യഥാക്രമം 1,012 യൂണിറ്റുകളും 1,340 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്.
ഹാരിയറിന്റെ വിൽപ്പനയിൽ 42 ശതമാനത്തിന്റെ നഷ്‌ടം ടാറ്റ മോട്ടോർസ് നേരിട്ടപ്പോൾ സഫാരിയുടെ കച്ചോടം 22 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. രണ്ട് മോഡലുകളും കഴിഞ്ഞ വർഷം ഏപ്രിലിൽ 3,462 യൂണിറ്റുകളുടെ സംയോജിത വിൽപ്പനയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്തായാലും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പെട്രോൾ എഞ്ചിനും എല്ലാം കൂടി ഒരുമിച്ചെത്തുമ്പോൾ സംഗതി ഉഷാറാവുമെന്ന് കരുതാം.


Click it and Unblock the Notifications








