ഇലക്‌ട്രിക് എസ്‌യുവികളിലെ രത്തൻ ടാറ്റ, 627 കി.മീ. റേഞ്ചുമായി ഹാരിയർ ഇവി വിപണിയിൽ; ടാറ്റ ഇനി കത്തിക്കയറും
ടാറ്റ മോട്ടോർസ് കൈയടക്കിവെച്ചിരുന്ന ഇലക്ട്രിക് കാർ വിപണിയെ കോമെറ്റും വിൻഡ്‌സറും പുറത്തിറക്കി കൈയടക്കിയവരാണ് എംജി മോട്ടോർ. പക്ഷേ പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്ന് എംജിക്ക് മനസിലാക്കി കൊടുക്കാൻ ടാറ്റയ്ക്ക് അധിക സമയമൊന്നും വേണ്ടിവരില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഇലക്‌ട്രിക് എസ്‌യുവികളിലെ രത്തൻ ടാറ്റ ജനനം കൊണ്ടിരിക്കുകയാണ്. അസാമാന്യ പ്രകടനവും അന്യായ റേഞ്ചുമായി ഹാരിയർ ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യക്കാരുടെ സ്വന്തം വണ്ടിക്കമ്പനി. ഒപ്പം ആരേയും മോഹിപ്പിക്കുന്ന വില കൂടിയായതോടെ ഇവി വിപണി ഹാരിയർ ഇവി തൂക്കുമെന്ന് ഉറപ്പിക്കാം.
21.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ഇതൊരു ആമുഖവിലയായിരിക്കുമെന്നും കമ്പനി പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ടേ. ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിച്ചിരിക്കുന്ന ഇവിക്ക് ഓൾവീൽ ഡ്രൈവ് സവിശേഷത വരെയുണ്ടെന്നതാണ് ശ്രദ്ധേയം. കാലങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ വാഹന നിരയിലേക്ക് ഈയൊരു ഫീച്ചർ കടന്നുവരുന്നത്.

ഇക്കഴിഞ്ഞ ദിവസം വാഗമണ്ണിലെ ആനപ്പാറയുടെ മുകളിൽ വലിഞ്ഞുകയറുന്ന ഹാരിയർ ഇവിയുടെ പരസ്യ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ട്രെൻഡായിരുന്നു. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നീ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമായ ടാറ്റ ഹാരിയർ ഇവി നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ലഭ്യമാവും. കൂടാതെ ഒരു പ്രത്യേക ബ്ലാക്ക്-ഔട്ട് സ്റ്റെൽത്ത് എഡിഷനും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണ്. ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ ഹാരിയർ ഡീസലിന്റെ അതേ രൂപമാണ് ഇവിയും സ്വീകരിച്ചിരിക്കുന്നത്.

എങ്കിലും കറണ്ടിലോടുന്ന കാറാണെന്ന് അറിയിക്കാനുള്ള ഇവി നിർദ്ദിഷ്ട ഡിസൈൻ വിശദാംശങ്ങളും എക്സ്റ്റീരിയറിൽ കാണാം. മുൻവശത്ത് എയറോഡൈനാമിക്സ് കാര്യക്ഷമതക്കായി ക്ലോസ്-ഓഫ് ഗ്രില്ലാണ് ഹാരിയർ ഇവിയിൽ കൊടുത്തിരിക്കുന്നത്. ഇതിന് താഴെയായി ബാറ്ററി പായ്ക്ക്, മോട്ടോറുകൾ തുടങ്ങിയ ആന്തരിക ഘടകങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രണ്ട് ബമ്പറിൽ വെർട്ടിക്കൽ സാറ്റിൻ സിൽവർ സ്ലാറ്റുകൾ ഉപയോഗിച്ചതും കാണാം.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ഹാരിയർ ഇവിയുടെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ എയറോഡെനാമിക് സ്റ്റൈലിലുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് പ്രധാന ആകർഷണം. ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ പോലുള്ള ഗിമ്മിക്കുകളും ഇലക്ട്രിക് എസ്‌യുവിയിൽ കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പിൻവശത്ത് കണക്റ്റഡ് ടെയിൽ ലൈറ്റ് സജ്ജീകരണമാണ് ഹൈലൈറ്റായി പറയാനാവുന്നത്.

ഇനി അകത്തളത്തിലേക്ക് കയറിയാൽ ഡ്യുവൽ-ടോൺ ഇന്റീരിയർ ഫിനിഷ് പ്രീമിയംനെസ് വർധിപ്പിക്കുന്ന കാര്യമാണ്. തെരഞ്ഞെടുക്കുന്ന വകഭേദത്തെ ആശ്രയിച്ച് നിറങ്ങളിലും വ്യത്യാസമുണ്ടാവും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
നോർമൽ, സാൻഡ്, മഡ് റട്ട്‌സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നീ ആറ് വ്യത്യസ്ത റെറെയ്‌ൻ മോഡുകൾ സെലക്‌ട് ചെയ്യാനുള്ള പുതിയ റോട്ടറി ഡയലും കിടിലമാണ്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളും ലഭ്യമാണ്. ഹാരിയർ ഇവിയുടെ താഴ്ന്ന വകഭേദങ്ങൾ 65 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം ടോപ്പ് വേരിയന്റുകൾക്ക് 75 kWh ബാറ്ററിയും കിട്ടും.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷന് RWD, QWD എന്നീ രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകൾ ലഭിക്കുന്നു. QWD വകഭേദങ്ങൾ 391 bhp കരുത്തിൽ 504 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം RWD വകഭേദങ്ങൾക്കുള്ള പെർഫോമൻസ് കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടില്ല. 75 kWh ബാറ്ററി പായ്ക്കുള്ള RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോർസ് പറയുന്നത്.


Click it and Unblock the Notifications








