ടാറ്റയൊരു സംഭവം തന്നെ! ഇ-വിറ്റാരയെ തൂക്കാൻ ഓൾ-വീൽ ഡ്രൈവ് ടെക്കുമായി ഹാരിയർ ഇവി, ഒറ്റ ചാർജിൽ 500 കി.മീ. റേഞ്ചും
ഇലക്‌ട്രിക് വാഹന രംഗത്ത് മായാജാലം തീർക്കുന്ന ടാറ്റ മോട്ടോർസ് (Tata Motors) ഇത്തവണയും ഓട്ടോ എക്സ്പോ കളറാക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവിന്യ കൺസെപ്റ്റ്, സിയെറ ഇവി എന്നീ കിടിലൻ മോഡലുകൾ അവതരിപ്പിച്ച ബ്രാൻഡ് ഏറെ നാളായി കാത്തിരിക്കുന്ന ഹാരിയർ ഇലക്ട്രിക് എസ്‌യുവിയെയും വാഹന മേളയിൽ കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് കൺസെപ്റ്റ് പതിപ്പിൽ ഒതുങ്ങി നിന്നിരുന്ന ഹാരിയർ ഇവിയുടെ പ്രൊഡക്ഷൻ പതിപ്പിനെയാണ് കമ്പനി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. അതായത് നിർമാണ ഘട്ടത്തിലേക്ക് കടക്കാൻ മോഡൽ തയാറായെന്ന് സാരം.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഹാരിയർ ഇവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. ഡിസൈനിലായാലും കക്ഷി അതിന്റെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ മോഡലിന് സമാനമാണ്. പക്ഷേ ഇലക്ട്രിക് എസ്‌യുവിയുടെ പിൻവശം ടാറ്റ വെട്ടി ഒതുക്കിയിട്ടുണ്ട്. മഹീന്ദ്ര XEV 9e, മാരുതി സുസുക്കി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടൊയോട്ട അർബൻ ക്രൂയിസർ ഇവി, സിട്രൺ ബസാൾട്ട് ഇവി പോലുള്ള വരാനിരിക്കുന്ന മോഡലുകളുമായി മത്സരിക്കാൻ ഇറങ്ങുമ്പോൾ ഹാരിയർ ചുമ്മാതൊന്നും വരില്ലല്ലോ.

ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള നവീകരിച്ച ഹെഡ്‌ലാമ്പുകൾ, എയ്‌റോ അലോയ് വീലുകൾ, അൽപ്പം നവീകരിച്ച എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഇതെല്ലാം ഹാരിയറിനെ അതിന്റെ ICE പതിപ്പിൽ നിന്ന് വേറിട്ടുനിർത്താൻ സഹായിച്ചിട്ടുണ്ട്. സ്‌റ്റെൽത്ത് എഡിഷൻ എന്ന് ടാറ്റ വിളിക്കുന്ന മാറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ കൂടിയാവുമ്പോൾ ഹാരിയർ ഇലക്ട്രിക് എസ്‌യുവി കളറാവും.
ഇന്റീരിയറിലും ഹാരിയർ ഇവി ഡീസൽ-പവർ മോഡലിന് സമാനമായ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ HVAC നിയന്ത്രണങ്ങൾക്കായി ടച്ച് അടിസ്ഥാനമാക്കിയുള്ള പാനലും ടാറ്റ ഒരുക്കിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളും എസ്‌യുവിയിലുണ്ടാവും.
പുതിയ ടെറെയ്ൻ മോഡുകൾ, കണക്റ്റഡ് കാർ ടെക്, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ക്ലൗഡ് കണക്റ്റഡ് ടെലിമാറ്റിക്‌സ് എന്നിവ പോലുള്ള അധിക ഫീച്ചറുകളും ഹാരിയർ ഇവിയുടെ ഭാഗമാവും. ഇതുകൂടാതെ ഒന്നിലധികം സൗണ്ട് മോഡുകളുള്ള ജെബിഎൽ 10-സ്പീക്കർ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളാലും ഹാരിയർ ഇവി സമ്പന്നമായിരിക്കും.
ടാറ്റയുടെ ജെൻ 2 ആക്‌ടി ഡോട്ട് ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഹാരിയർ ഇവി പണികഴിപ്പിക്കുക. ദീർഘകാലത്തിന് ശേഷം ടാറ്റ കാറിൽ ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വന്നെത്തുന്ന അസുലഭ നിമിഷത്തിനാണ് ഹാരിയർ ഇവി സാക്ഷ്യംവഹിക്കുക. ഇലക്ട്രിക് എസ്‌യുവിയിൽ ഡ്യുവൽ-മോട്ടോർ ഇലക്ട്രിക് AWD സിസ്റ്റം അവതരിപ്പിക്കുന്നതോടെ വാഹനപ്രേമികളും ആവേശത്തിലാവും.
ഓരോ ആക്സിലിലും 500 Nm പീക്ക് ടോർക്ക് നൽകുന്ന ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ഹാരിയർ ഇലക്ട്രിക് എസ്‌യുവിയുടെ വലിയ 75 kWh ബാറ്ററി പായ്ക്ക് ജോടിയാക്കുക. അങ്ങനെ സിംഗിൾ ചാർജിൽ ടാറ്റയുടെ ഇവിക്ക് പരമാവധി 500 കിലോമീറ്ററിലധികം റേഞ്ച് വരെ നൽകാനും പ്രാപ്‌തമാണ്. ഈ വർഷം മാർച്ചോടെ മോഡൽ വിപണിയിലേക്ക് എത്തുമെന്നാണ് വിവരം. 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് ഹാരിയർ ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








