മലകയറാൻ മാത്രമല്ല, ഇക്കാര്യത്തിലും ആള് 5-സ്റ്റാറാ... ഇടിയുടെ കാര്യത്തിൽ അന്തസ് തെളിയിച്ച് ടാറ്റ ഹാരിയർ ഇവി
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന ബ്രാൻഡായി പേരെടുത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). സേഫ്റ്റി എന്നൊരു ഘടകം മുൻനിർത്തി ജനപ്രിയരായ കമ്പനിയുടെ മിക്കകാറുകളും ഇടിപ്പരീക്ഷയിൽ ഫുൾ മാർക്ക് നേടി ജയിച്ചവരാണ്. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ടാറ്റയുടെ കുത്തകയാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഹാരിയർ ഇവിയുടെ (Tata Harrier EV) ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലവും പുറത്തുവന്നിരിക്കുകയാണ്. ഏവരും പ്രതീക്ഷിക്കുന്നത് പോലെ ഇടിക്കൂട്ടിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയാണ് ഇലക്ട്രിക് എസ്‌യുവി വെന്നിക്കൊടി പാറിച്ചത്.
വാഗമണ്ണിലെ ആനപ്പാറ കയറാൻ മാത്രമല്ല, ഇവിയിൽ യാത്ര ചെയ്യുന്ന ആളുകളെ സുരക്ഷിതമാക്കാനും ഹാരിയർ ഇവിക്കാവുമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ് ടാറ്റ. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി 5-സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. ഹാരിയർ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇനി ഭാരത് NCAP ക്രാഷ് ടെസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ മുതിർന്നവർക്കായുള്ള സേഫ്റ്റിയിൽ ഹാരിയർ ഇവിക്ക് 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 ൽ 16 പോയിന്റും ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.
കുട്ടികളുടെ സേഫ്റ്റിയുടെ ഭാഗമായുള്ള ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്കോറും ഹാരിയർ ഇലക്ട്രിക്കിൽ മികച്ചതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിൾ അസെസ്മെന്റ് സ്‌കോറിൽ ഹാരിയർ ഇവിക്ക് 13 ൽ 9 പോയിന്റും ലഭിച്ചു. നിലവിൽ ടാറ്റ നിരയിലുള്ള വാഹനങ്ങളുടെ സേഫ്റ്റിയുടെ അന്തസ് നിലനിർത്താൻ മോഡലിനായത് കൈയടി അർഹിക്കുന്ന കാര്യമാണ്.

അങ്ങനെ എല്ലാക്കാര്യത്തിലും മിടുക്കനായി അറിയപ്പെടാനും ടാറ്റയുടെ സുമുഖനായിട്ടുണ്ട്. ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നുണ്ട്. ഹാരിയർ ഇവിയുടെ QWD വകഭേദങ്ങൾ 391 bhp കരുത്തിൽ പരമാവധി 504 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ RWD വേരിയന്റുകളുടെ പെർഫോമൻസ് കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നനായി എത്തിയിരിക്കുന്ന ഹാരിയർ ഇവിയിൽ പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻബിൽറ്റ് മാപ്പുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പോലുള്ള സവിശേഷതകൾ കാണാനാവും. അതോടൊപ്പം നോർമൽ, സാൻഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 വ്യത്യസ്‌ത ടെറെയ്ൻ മോഡുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
21.49 ലക്ഷം രൂപ മുതൽ 27.49 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയർ ഇവിയുടെ RWD വേരിയന്റുകളുടെ എക്സ്ഷോറൂം വില വരുന്നത്. പുതിയ ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗുകൾ 2025 ജൂലൈ രണ്ടിന് കമ്പനി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ഒപ്പം എംജിയുടെ വിൻഡ്‌സർ ഇവി പ്രോ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകൾക്കും ഹാരിയർ ഇലക്ട്രിക്കിന്റെ വരവ് ഭീഷണിയാണെന്ന് പറയാം.


Click it and Unblock the Notifications








