എംജിയുടെ കഷ്‌ടകാലം നാളെ തുടങ്ങും, 600 കി.മീ. റേഞ്ചുള്ള ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി നാളെ എത്തും
ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിയും ടാറ്റയും തമ്മിലുള്ള പോര് മുറുകുകയാണ്. കോമെറ്റും വിൻഡ്‌സറും പുറത്തിറക്കി ഇവി സെഗ്മെന്റ് കൈയിലെടുത്ത് ചൈനീസ് ബ്രാൻഡ് മുന്നേറുമ്പോൾ പുതിയ പദ്ധതികളുമായി കളംനിറയുകയാണ്. നെക്സോൺ ഇവി, പഞ്ച് ഇവി പോലുള്ള വജ്രായുധങ്ങൾ വിൻഡ്‌സറിന് മുന്നിൽ പതറിയപ്പോൾ അടുത്തതായി ടാറ്റ കണ്ടുവെച്ചിരിക്കുന്നത് ഒറ്റയടിക്ക് വൈദ്യുത വാഹന പ്രേമികളെയെല്ലാം ഷോറൂമിലെത്തിക്കാൻ പോവുന്നൊരു കാറാണ്. മറ്റേതുമല്ല കുറച്ചുനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഹാരിയർ ഇവിയാണ് മറനീക്കി നാളെ വിപണിയിലേക്ക് എത്താനിരിക്കുന്നത്. ഇതോടെ എംജിയുടെ കഷ്‌ടകാലം നാളെ തുടങ്ങുമെന്നാണ് ടാറ്റ ഫാൻസിന്റെ വിലയിരുത്തൽ.
ഇതുവരെ ഒരു ടാറ്റ ഇലക്ട്രിക് കാറിലും കാണാത്ത കഴിവുകളുള്ള എസ്‌യുവിയായിരിക്കും ഹാരിയർ ഇവി. കേരളത്തിലെ ഏറ്റവും വലിയ പാറക്കെട്ടായ ആനപ്പാറ നിഷ്പ്രയാസം കയറിപ്പോവുന്ന വണ്ടിയുടെ വീഡിയോയും കമ്പനി ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. "എലിഫന്റ് റോക്ക് ചലഞ്ച്" എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. 3,937 അടി ഉയരമുള്ള പാറക്കെട്ട് കയറുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഹാരിയർ.

റോക്ക് ക്രാൾ, സ്നോ, മണൽ തുടങ്ങിയ ടെറൈൻ മോഡുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുള്ളതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ കില്ലാടിയായിരിക്കും ഹാരിയർ ഇവി. ഓഫ്-റോഡിംഗിന് വരെ സഹായിക്കുന്ന ബൂസ്റ്റ് മോഡ് അസിസ്റ്റിംഗ് ഫീച്ചറും ഇവിയിലുണ്ടാവുമെന്നത് എംജിക്ക് ഭീഷണിയാണ്.
ട്രാൻസ്പരന്റ് മോഡ്, ഓഫ്-റോഡ് ക്രൂയിസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകളും ടാറ്റ ഹാരിയർ ഇവിയുടെ ടീസർ വീഡിയോയിൽ കാണാനാവും. ഇന്റീരിയറിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇവി-നിർദ്ദിഷ്ട ഗ്രാഫിക്കൽ അപ്‌ഡേറ്റുകളുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിക്ക് മൊഞ്ചേകും.

ഇതുകൂടാതെ ടച്ച് അധിഷ്ഠിത HVAC പാനൽ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ചെറിയ ഡ്രൈവ് സെലക്ടർ, റോട്ടറി ഡയൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഒന്നിലധികം എയർബാഗുകൾ, ലെവൽ 2 ADAS എന്നിവയും അതിലേറെയും ഉൾപ്പെടെ മിക്ക സവിശേഷതകളും ഹാരിയർ ഇവിയിൽ ടാറ്റ വാഗ്‌ദാനം ചെയ്യും.
ടാറ്റ മോട്ടോർസിന്റെ രണ്ടാം തലമുറ ആക്‌ടി ഡോട്ട് ഇഴി (Acti.ev) പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് ഹാരിയർ നിർമിക്കുന്നത്. ICE എഞ്ചിൻ മോഡലിൽ നിന്നും വേറിട്ട രൂപം സമ്മാനിക്കാനായി റീഡസൈൻ ചെയ്ത ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഇവി ബാഡ്ജുകൾ, എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ എന്നിവയെല്ലാം ഹാരിയർ ഇവിയിൽ ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളെല്ലാം ICE മോഡലിൽ പ്രവർത്തിക്കുന്ന ഹാരിയറിന് സമാനമായി തുടരും.

രണ്ടോ അതിലധികമോ ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഹാരിയർ ഇവിയിൽ വാഗ്ദാനം ചെയ്യുമെന്നാണ് ടാറ്റ മോട്ടോർസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ലോവർ വേരിയന്റിന് സിംഗിൾ മോട്ടോർ സജ്ജീകരണം ലഭിക്കുമെങ്കിലും ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷൻ ഉണ്ടായിരിക്കും. സിംഗിൾ ചാർജിൽ 600 കിലോമീറ്ററിലധികം റേഞ്ചും എസ്‌യുവിക്ക് നൽകാനാവുമെന്നാണ് വിവരം.
DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗും തലവേദനയാവില്ല കേട്ടോ. മാത്രമല്ല, വരാനിരിക്കുന്ന ഹാരിയർ ഇവിയുടെ പ്രായോഗികത കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി V2V, V2L ഫംഗ്ഷനുകളും വാഗ്‌ദാനം ചെയ്തേക്കും. പെർഫോമൻസ് കണക്കുകൾ നാളെ അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക. എങ്കിലും ടോർക്ക് ഔട്ട്പുട്ട് ഏകദേശം 500 Nm ആയിരിക്കുമെന്ന് ടാറ്റ മുമ്പ് വെളിപ്പെടുത്തിയിരുന്നു. 25 ലക്ഷം മുതൽ 30 ലക്ഷം വരെയാണ് ഹാരിയർ ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








