ടാറ്റയുടെ ദേസി റേഞ്ച് റോവർ, ഡീസൽ എഞ്ചിനുള്ള ഈ 5-സീറ്റർ എസ്‌യുവി ഒക്‌ടോബറിൽ വാങ്ങാനെത്തിയത് ജനസാഗരം
ഇന്ത്യൻ എസ്‌യുവി നിരയിലെ ചാണക്യനാണ് ടാറ്റ മോട്ടോർസ്. പഞ്ച് മുതൽ സഫാരി വരെ നീളുന്ന സ്പോർട് യൂട്ടിലിറ്റി വാഹന നിരയിലേക്ക് അടുത്തതായി സിയറ കൂടി എത്തുന്നതോടെ ബ്രാൻഡിന്റെ ഇമേജ് ചെറുതായൊന്നുമായിരിക്കില്ല ഉയരുക. നിലവിൽ ടോപ്പ് സെല്ലിംഗ് മോഡലുകളായി പഞ്ചും നെക്സോണും അരങ്ങ് തകർക്കുമ്പോൾ പോയമാസത്തെ വിൽപ്പനയിൽ മറ്റൊരു മോഡൽ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മറ്റേതുമല്ല, ദേസി റേഞ്ച് റോവർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഹാരിയർ എസ്‌യുവിയാണ് (Tata Harrier SUV) 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകളിൽ തന്റെ കരുത്തുകാട്ടിയത്.
കഴിഞ്ഞ മാസം എസ്‌യുവിയുടെ 4,483 യൂണിറ്റ് വിൽപ്പനയാണ് ടാറ്റ മോട്ടോർസ് സ്വന്തമാക്കിയത്. 2024 ഒക്ടോബർ മാസം നിരത്തിലെത്തിച്ച 1,947 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 130 ശതമാനത്തിന്റെ വർധനവാണ് ഹാരിയർ നേടിയെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഉത്സവ സീസണിൽ ടാറ്റ ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായിരുന്നുവെന്ന് വേണം പറയാൻ. കൂട്ടത്തിൽ ഹാരിയർ കൂടി മിന്നിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പദവി നിലനിർത്താനും ബ്രാൻഡിനായി.

നിലവിൽ സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ വ്യത്യസ്‌ത തരം വേരിയന്റുകളിൽ വരുന്ന ടാറ്റ മോട്ടോർസിന്റെ വലിയ എസ്‌യുവിക്ക് നിലവിൽ 14 ലക്ഷം മുതൽ 25.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഒടുക്കത്തെ ലുക്കും കിടിലൻ ഫീച്ചറുകളും 5-സ്റ്റാർ സേഫ്റ്റിയും എല്ലാ ഒത്തുചേർന്ന ഹാരിയറിനെ ആളുകൾ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു കടന്ന് പോയതെന്ന് പറയാം. യാത്രാ സുഖത്തിന്റെ കാര്യത്തിലും അടിപൊളിയാണ് ആശാൻ.
5 പേർക്ക് ഒന്നിച്ച് അടിച്ചുപൊളിച്ച് യാത്ര ചെയ്യാൻ പറ്റിയ ഫാമിലി എസ്‌യുവിയുടെ പ്രധാന കുറവ് പെട്രോൾ എഞ്ചിന്റെ അസാന്നിധ്യമാണ്. എങ്കിലും ഈയൊരു കുറവ് അടുത്ത് തന്നെ നികത്താനാണ് ടാറ്റയുടെ തീരുമാനം. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഹാരിയറിനും സഫാരിക്കും പെട്രോൾ എഞ്ചിൻ അവതരിപ്പിക്കും. വരാനിരിക്കുന്ന സിയറയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും ഈ മോഡലുകൾക്കും തുടിപ്പേകാനായി എത്തുക.

ഡിസംബർ ഒമ്പതിന് ഹാരിയർ, സഫാരി പെട്രോൾ മോഡലുകളുടെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും നടക്കുമെന്നാണ് ടാറ്റ സ്ഥിരീകരിച്ചിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച 1.5 ലിറ്റർ TGDi എഞ്ചിൻ പെർഫോമൻസ് കണക്കുകളിലും അടിപൊളിയാണ്. 165 bhp കരുത്തിൽ പരമാവധി 280 Nm torque വരെ വികസിപ്പിക്കുന്നതിനായിട്ടാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായിരിക്കും.
അതേസമയം ക്ലച്ച്ലെസ് പ്രേമികൾക്കായി 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും അവതരിപ്പിക്കും. ഏറെക്കാലമായി 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനായിരുന്നു ടാറ്റ ഹാരിയറിന് തുടിപ്പേകിയിരുന്നത്. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

എന്തായാലും പെട്രോൾ എഞ്ചിന്റെ വരവിന് മുന്നോടിയായി ഹാരിയന്റെ കച്ചോടം കൂടിയത് ടാറ്റയ്ക്ക് ഗുണം ചെയ്‌തേക്കും. വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോട്ട് ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ 10 സ്പീക്കർ സിസ്റ്റം തുടങ്ങിയ വമ്പൻ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഹാരിയറിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം എയർ പ്യൂരിഫയർ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ADAS സ്യൂട്ട്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകളും ടാറ്റ ഹാരിയർ എസ്‌യുവിയുടെ ഭാഗമാണ്. 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒപ്പം ആങ്കർ പ്രിറ്റെൻഷനർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ തുടങ്ങിയവയാണ് എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകൾ.


Click it and Unblock the Notifications








