ഷോറൂം കാലിയാക്കാൻ ആദായവിൽപ്പന, ജിഎസ്‌ടിയിലെ വിലക്കുറവിനൊപ്പം കാറുകൾക്ക് 2 ലക്ഷം രൂപയുടെ ഓഫറുകളുമായി ടാറ്റ
സേഫ്റ്റിയിലൂടെ ആളുകളുടെ മനസിലേക്ക് കുടിയേറിപ്പാർത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ, ടിയാഗോ തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന ശക്തിയായി മാറിയ കമ്പനി പിന്നീട് ഹാരിയർ, പഞ്ച് തുടങ്ങിയ വാഹനങ്ങളും പുറത്തിറക്കി കത്തിക്കയറി. ഇതിനിടയിൽ ഇവികളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ കമ്പനി അവിടെയും വെന്നിക്കൊടി പാറിക്കുകയുണ്ടായി. ഇടയ്ക്ക് വിൽപ്പനയുടെ കാര്യത്തിൽ മഹീന്ദ്രയുടെയും ഹ്യുണ്ടായിയുടെയും പിന്നിലേക്ക് പോവാനായിരുന്നു വിധിയെങ്കിലും പോയ മാസങ്ങളിൽ പൂർവാധികം ശക്തിയോടെ മുന്നോട്ട് വരാൻ ബ്രാൻഡിനായിരുന്നു. ഉത്സവ സീസൺ കൂടിയെത്തിയതോടെ വിൽപ്പന ഇരട്ടിയാവുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.
ഇതിന്റെ ഭാഗമായിതാ മോഡൽ നിരയിൽ ആദായ വിൽപ്പനയുമായി എത്തിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ 30 വരെ ഇന്ത്യൻ വിപണിയിൽ നിന്ന് ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനങ്ങൾ വാങ്ങുന്നവർക്ക് 2 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്ക്കാരങ്ങൾ മൂലമുള്ള വിലക്കുറവ്, ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ഉത്സവ ഓഫറുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ എന്നിവയാണ് കാറുകൾ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്.

ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി മാറ്റിയത് ടാറ്റ മോട്ടോർസിന് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ട്. കാരണം ബ്രാൻഡിന്റെ കാറുകൾക്ക്1.55 ലക്ഷം രൂപ വരെയാണ് ഇതിലൂടെ കുറഞ്ഞിരിക്കുന്നത്. 4 മീറ്ററിൽ താഴെ നീളവും 1200 സിസി, 1500 സിസി വരെ എഞ്ചിൻ ശേഷിയുമുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് ഇപ്പോൾ 18 ശതമാനം ഏകീകൃത ജിഎസ്ടിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
മുമ്പത്തെ 29 ശതമാനവും 31 ശതമാനവും ജിഎസ്ടിയിൽ നിന്ന് വ്യത്യസ്തമായാണ് കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്. ടിയാഗോ വാങ്ങാനെത്തുന്നവർക്ക് സെപ്റ്റംബർ 20 വരെ 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 75,000 രൂപ വരെ എക്സ്ഷോറൂം വിലക്കുറവും 45,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഉൾപ്പെടുന്നത്. ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷമുള്ള ടാറ്റ ടിയാഗോ വില 4.57 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

ടിഗോർ കോംപാക്‌ട് സെഡാൻ നോക്കുന്നവർക്ക് 1.11 ലക്ഷം രൂപ വരെ മൊത്തം ഓഫർ ലഭിക്കും. ഇതിൽ എക്സ്ഷോറൂം വിലയിൽ 81,000 രൂപ വരെ കുറവും 30,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങളുമാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായ പഞ്ചിന് ജിഎസ്ടി നവീകരണത്തിലൂടെ 1.08 ലക്ഷം രൂപ വരെ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്.
ഇതുകൂടാതെ സെപ്റ്റംബർ 30-നകം നടത്തുന്ന വാങ്ങലുകളിൽ ഉപഭോക്താക്കൾക്ക് 1.58 ലക്ഷം രൂപ വരെ വലിയ ലാഭം നേടാനും അവസരമുണ്ട്. വിലക്കുറവിന് പുറമെ ഇതിൽ 50,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയമായ മൈക്രോ എസ്‌യുവി ഇപ്പോൾ വെറും 5.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ വീട്ടിലെത്തിക്കാനാവും.

ടാറ്റ നെക്‌സോണിനെ സംബന്ധിച്ചിടത്തോളം പരമാവധി 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവും. ജിഎസ്ടി 2.0 പ്രകാരം ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ച 45,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങൾക്ക് പുറമേ മൊത്തത്തിൽ 1.55 ലക്ഷം രൂപ വരെ വിലക്കുറവിൽ കോംപാക്‌ട് എസ്‌യുവി വാങ്ങിക്കാം. നെക്സോണിന്റെ പ്രാരംഭ വില ഇപ്പോൾ 7.31 ലക്ഷം രൂപയായി കുറഞ്ഞിട്ടുമുണ്ട്.
ജിഎസ്‌ടി 2.0 വിലയിൽ 67,000 രൂപ വരെ കുറവും 40,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ഉൾപ്പെടെ 1.07 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള സൗകര്യമാണ് ടാറ്റ കർവ് നൽകുന്നത്. പെട്രോൾ, സിഎൻജി, ഡീസൽ ട്രിമ്മുകളിൽ വിൽപ്പനയിലുള്ള ഏക ഹാച്ച്ബാക്കായ ആൾട്രോസ് 1.76 ലക്ഷം രൂപ വരെ മൊത്തം ലാഭിക്കാനുള്ള സൗകര്യത്തോടെ ലഭ്യമാണ്. എക്‌സ്ഷോറൂം വിലയിൽ 1.11 ലക്ഷം രൂപ വരെ കുറവും 65,000 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങളുമാണ് ആളുകൾക്ക് ലഭിക്കുക.

ഇന്ത്യൻ വിപണിയിൽ ആൾട്രോസിന്റെ വില ഇപ്പോൾ 6.30 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പ്രീമിയം എസ്‌യുവി ജോഡിയായ ഹാരിയർ, സഫാരി എന്നിവയ്ക്ക് അവയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില യഥാക്രമം 1.44 ലക്ഷം രൂപയും 1.48 ലക്ഷം രൂപയും കുറച്ചതിനാൽ യഥാക്രമം 13.99 ലക്ഷം രൂപയ്ക്കും 14.66 ലക്ഷം രൂപയ്ക്കും സ്വന്തമാക്കാം ഇപ്പോൾ. കൂടാതെ, സെപ്റ്റംബർ 30-നകം രണ്ട് എസ്‌യുവി മോഡലുകളും വാങ്ങുമ്പോൾ 50,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു.
അങ്ങനെ ഹാരിയറും സഫാരിയും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് യഥാക്രമം 1.94 ലക്ഷം രൂപയും 1.98 ലക്ഷം രൂപയും വരെ വലിയ ലാഭം സ്വന്തമാക്കാനാവും. അങ്ങനെ ആദായ വിൽപ്പനയിലൂടെ ഷോറൂം കാലിയാക്കാൻ കിട്ടിയ സുവർണാവസരമാണിത്. ഒപ്പം എതിരാളികളോടുള്ള മത്സരം കൂടുതൽ കടുപ്പിക്കാനും ബ്രാൻഡിനാവും.


Click it and Unblock the Notifications








