സേഫ്റ്റിയുള്ള കാർ വാങ്ങണമെങ്കിൽ മടിയിൽ കനമുണ്ടായേ പറ്റൂ, മാരുതിക്ക് പിന്നാലെ കടുത്ത തീരുമാനം എടുത്ത് ടാറ്റയും
പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടാൽ ഏറ്റവും തലവേദനയാവുന്ന കാര്യമായി മാറിയിരിക്കുന്ന വാഹന വില വർധനവ്. ബുക്ക് ചെയ്യാൻ തീരുമാനിച്ച് ഷോറൂമിലേക്ക് ചെന്നാൽ മുമ്പ് കേട്ട വിലയായിരിക്കില്ല വാഹനത്തിന് മുടക്കേണ്ടി വരിക. പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ കമ്പനികളെല്ലാം മോഡൽ നിരയിൽ വില പരിഷ്ക്കാരം കൊണ്ടുവരുന്നതെല്ലാം സ്ഥിരമായിരിക്കുകയാണിപ്പോൾ. ഇക്കഴിഞ്ഞ ദിവസം ഈ വർഷത്തെ മൂന്നാമത്തെ വില വർധനവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി പാവങ്ങളുടെ വയറ്റത്തടിച്ചിരുന്നു. ഇതിന് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ജനപ്രിയരായ ടാറ്റ മോട്ടോർസും സമാനമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്.
2025-ൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ടാറ്റ കാറുകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവ് ആണിത്. കമ്പനി തങ്ങളുടെ കാറുകളുടെ നിരയിലുടനീളം 3 ശതമാനം വില വർധവാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. എന്തായാലും കാർ വാങ്ങാനിരുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

മോഡൽ നിരയിലുടനീളം നടപ്പിലാക്കാൻ പോവുന്ന കൃത്യമായ വർധനവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും തെരഞ്ഞെടുക്കുന്ന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചു. 2025 ജനുവരിയിൽ മാരുതി സുസുക്കി കാറുകൾക്ക് നാല് ശതമാനം വില വർധനവും ഫെബ്രുവരിയിൽ വീണ്ടും രണ്ടാമതും നടപ്പിലാക്കിയപ്പോൾ ആളുകൾ ഓടിയെത്തിയത് ടാറ്റ ഷോറൂമുകളിലേക്കായിരുന്നു.
ഇത്തവണ മാരുതി സുസുക്കി കാറുകൾക്ക് ഒരു ശതമാനം മുതൽ നാല് ശതമാനം വരെ വില വർധനവാകും നടപ്പിലാക്കുക. എന്തായാലും പുതിയ കാർ ഒന്ന് വാങ്ങിനിരുന്നവർക്ക് ടാറ്റയും മാരുതിയും പണി കൊടുത്തുവെന്ന് പറയാം. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് വില ക്രമീകരണം നടത്തുന്നതെന്ന് ടാറ്റ മോട്ടോർസ് അറിയിച്ചു.

നെക്‌സോൺ, പഞ്ച്, കർവ്, ഹാരിയർ, സഫാരി, ടിഗോർ, ടിയാഗോ, ആൾട്രോസ് തുടങ്ങിയ ഇന്റേണൽ കമ്പഷൻ എഞ്ചിൻ, സിഎൻജി വാഹനങ്ങളെ മാത്രമല്ല കാർ നിർമാതാക്കളുടെ ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളെയും വില വർധനവ് ബാധിക്കും. എങ്കിലും ഇതൊന്നും വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ല. ഇതോടൊപ്പം വാണിജ്യ വാഹന നിരയിലും ടാറ്റ വില പരിഷ്ക്കാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശ്രദ്ധേയമായ കാര്യമാണ്.
നിലവിൽ മാരുതിക്കും മഹീന്ദ്രയ്ക്കും ഹ്യുണ്ടായിക്കും പിന്നിൽ നാലാമനായിട്ടാണ് ഫ്രെബുവരി മാസത്തെ വിൽപ്പന ടാറ്റ മോട്ടോർസ് അവസാനിപ്പിച്ചത്. വൈവിധ്യമാർന്ന പാസഞ്ചർ വാഹന നിരയുള്ളതിനാൽ വരും മാസങ്ങളിൽ ഫോമിലേക്ക് തിരികെയെത്താൻ കമ്പനിക്കാവുമെന്നാണ് കണക്കുകൂട്ടലുകൾ. 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ടിയാഗോ നിരയിൽ നിന്നുമാണ് മോഡൽ നിര ആരംഭിക്കുന്നത്.

അതേസമയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ സഫാരിക്ക് 27.34 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടിയും വരും. വിൽപ്പന കൂട്ടാനായി ഈ വർഷം ആദ്യം സഫാരി, ഹാരിയർ സ്റ്റെൽത്ത് എഡിഷൻ മോഡലുകളും കമ്പനി പുറത്തിറക്കിയിരുന്നു. 2,700 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ പതിപ്പിൽ ഹാരിയറിന് 25.09 ലക്ഷവും സഫാരിക്ക് 25.74 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.
അതോടൊപ്പം 7.20 ലക്ഷം രൂപയ്ക്ക് 2025 മോഡൽ ടിയാഗോ NRG എഡിഷനും സേഫ്റ്റിയുടെ തമ്പുരാക്കൻമാർ പുറത്തിറക്കിയിരുന്നു. സ്റ്റൈലിംഗിലെ മാറ്റങ്ങളും ഫീച്ചറുകളിലെ അപ്ഡേറ്റുമാണ് ഇതിൽ എടുത്ത് പറയാനുള്ളത്. 1.2 ലിറ്റർ, ത്രീ സിലിണ്ടർ, റിവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2025 ടാറ്റ ടിയാഗോ NRG ക്രോസ്ഓവർ ഹാച്ച്ബാക്കിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








