ഇന്ധനമടിക്കാൻ 88 രൂപ മതി, 17.44 കിലോമീറ്റർ മൈലേജുള്ള കറുത്ത നെക്സോൺ പുറത്തിറക്കി ടാറ്റ
ഇന്ത്യൻ വിപണിയിലെ ഏറ്റവും വൈവിധ്യമാർന്ന എസ്‌യുവി ഏതാണെന്ന് ചോദിച്ചാൽ നിസംശയം ചൂണ്ടിക്കാണിക്കാനാവുന്ന മോഡലാണ് ടാറ്റ നെക്സോൺ. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, സിഎൻജി അങ്ങനെ ലഭ്യമായ ഇന്ധനങ്ങളിലെല്ലാം ഓടാൻ കഴിവുള്ള ലോകത്തിലെ അപൂർവം ചില വാഹനങ്ങളിൽ ഒന്നാണ് നെക്സോൺ എന്ന് നിസംശയം പറയാം. സേഫ്റ്റിയും ഫീച്ചറുകളും കോർത്തിണക്കിയാണ് ടാറ്റയുടെ കോംപാക്‌ട് എസ്‌യുവി രാജ്യം വെട്ടിപ്പിടിച്ചതെങ്കിൽ കാലത്തിനൊത്ത് മാറാനും മോഡലിനായിട്ടുണ്ട്. അടിക്കടി സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയാണ് നെക്സോണിനെ കമ്പനി അഴകനാക്കാറുള്ളത്. ഇപ്പോഴിതാ നെക്‌സോൺ സിഎൻജിയിലേക്ക് ഡാർക്ക് എഡിഷനുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.
12.70 ലക്ഷം മുതൽ 14.70 ലക്ഷം രൂപ വരെയാണ് ഏറ്റവും പുതിയ ടാറ്റ നെക്സോൺ സിഎൻജി ഡാർക്ക് എഡിഷനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ മെറ്റാലിക് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ മുതൽ എസ്‌യുവിയുടെ അലോയ് വീലുകൾ വരെ പൂർണമായും കറുപ്പിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം പൂർണമായും കറുപ്പിൽ പണികഴിപ്പിച്ച ഇന്റീരിയറും നെക്സോണിനെ കിടലമാക്കുന്നുണ്ട്.

ക്രിയേറ്റീവ് പ്ലസ് S, ക്രിയേറ്റീവ് പ്ലസ് PS, ഫിയർലെസ് പ്ലസ് PS എന്നീ വേരിയന്റുകളിലാണ് നെക്‌സോൺ സിഎൻജി ഡാർക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. ഇവയുടെ തത്തുല്യമായ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 40,000 രൂപ കൂടുതലാണ് അധികം മുടക്കേണ്ടി വരിക. അധിക തുക നൽകുന്നുണ്ടെങ്കിലും പുതിയ ഫീച്ചറുകളൊന്നും വാഹനത്തിൽ ലഭ്യമാവില്ല കേട്ടോ. അകത്തും പുറത്തും ഉള്ള കോസ്മെറ്റിക് മാറ്റങ്ങൾക്ക് പുറമെ ഡാർക്ക് എഡിഷൻ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണെന്ന് സാരം.
എസ്‌യുവിയിൽ മെക്കാനിക്കൽ പരിഷിക്കാരങ്ങളും കാണാനാവില്ല കേട്ടോ. അതേ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് നെക്‌സോൺ സിഎൻജിക്ക് കരുത്തേകുന്നത്. ടിയാഗോ, ടിഗോർ പോലുള്ള മറ്റ് ടാറ്റ സിഎൻജി മോഡലുകളിൽ നിന്ന് വ്യത്യസ്തമായി നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെ മാത്രമേ വാങ്ങാനാവൂ. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 100 bhp പവറിൽ 170 Nm torque ആണ് എസ്‌യുവി ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ സിഎൻജി എസ്‌യുവി കൂടിയാണ് ടാറ്റ നെക്സോൺ. ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയയുമായി വരുന്നതിനാൽ ബുട്ട് കപ്പാസിറ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നും ചെയ്യേണ്ടതായി വരുന്നില്ല. രണ്ട് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് സിലിണ്ടറുകൾക്കും ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും. സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണ് കേട്ടോ.
മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട്, ഇന്ധനങ്ങൾക്കിടയിൽ ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സംവിധാനങ്ങളുമായിട്ടാണ് നെക്സോൺ സിഎൻജി ഡാർക്ക് എഡിഷനും വിപണിയിൽ എത്തുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ടവേണ്ട.

വാഹനം നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ട് ചെയ്യാനുമാവും. അതോടൊപ്പം തന്നെ പെട്രോളിൽ നിന്നും സിഎൻജിയിലേക്ക് മാറാനും തിരിച്ചും ചെയ്യുന്നതിന് ഒരു ഓട്ടോ സ്വിച്ചുമുണ്ട്. ഇന്ധനം കുറവാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറുന്ന സംവിധാനവും നെക്സോൺ സിഎൻജിയിലുണ്ട്. എന്തായാലും പുതിയ ഡാർക്ക് എഡിഷൻ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന എസ്‌യുവിക്ക് കൂടുതൽ വിൽപ്പന പിടിച്ചുകൊടുക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








