വിൻഫാസ്റ്റിനെ മുളയിലെ നുള്ളാൻ ആ കിടിലൻ ഫീച്ചറും കൊടുത്ത് ടാറ്റ, നെക്സോൺ ഇവിയിൽ സേഫ്റ്റി ഇനി ഡബിൾ
ഇലക്ട്രിക് വാഹന വിപണിയിലെ അങ്കം മുറുക്കാൻ വിൻഫാസ്റ്റും എംജിയും കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിനാൽ പണികിട്ടിയിരിക്കുന്നത് വൈദ്യുത കാറുകളുടെ ജനകീയരാക്കിയ ടാറ്റ മോട്ടോർസിനാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഇവിയായി നെക്സോൺ ഇവി (Tata Nexon EV) അരങ്ങുവാണിരുന്നെങ്കിലും വിൻഡ്‌സറിന്റെ വരവോടെ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. ഇപ്പോഴിതാ കുറഞ്ഞ വിലയിൽ വിൻഫാസ്റ്റ് VF6 കൂടി വന്നതോടെ ടാറ്റ നെക്സോൺ ഇവി കൂടുതൽ കരുതിയിരുന്നേ മതിയാവൂ. ഇതിന്റെ ഭാഗമായി ADAS സുരക്ഷാ സാങ്കേതികവിദ്യ കൂടി ചേർത്തുകൊണ്ട് തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയെ കൂടുതൽ കിടിലമാക്കിയിരിക്കുകയാണ് ടാറ്റ.
ടെക് അപ്‌ഗ്രേഡിനൊപ്പം ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് എസ്‌യുവിയിൽ പ്രീമിയം ലുക്കിനായി നെക്‌സോൺ ഇവി 45 വേരിയന്റിന്റെ പുതിയ ഡാർക്ക് എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതുതായി നവീകരണങ്ങൾ ഒരുക്കിയിരിക്കുന്ന എംപവേർഡ് പ്ലസ് A 45 പേഴ്‌സണ വേരിയന്റിന് 17.29 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മറുവശത്ത് ഡാർക്ക്, റെഡ് ഡാർക്ക് എഡിഷനുകൾക്ക് 17.49 ലക്ഷം വരെയും എക്സ്ഷോറൂം വില വരും.

ആഡംബര കാറുകളിൽ നിന്ന് മുഖ്യധാരയിലേക്ക് ഒഴുകിയെത്തിയ സേഫ്റ്റി ഫീച്ചറായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) നെക്സോൺ ഇലക്ട്രിക് എസ്‌യുവിയിലേക്ക് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് വിൻഫാസ്റ്റിനും എംജിക്കും എതിരെ പോരാടാൻ ടാറ്റ മോട്ടോർസിനെ കൂടുതൽ ഊർജം പകരും. ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സുരക്ഷയ്ക്കൊപ്പം ഈയൊരു സുരക്ഷാ സന്നാഹം കൂടി ചേരുന്നതോടെ ആളുകൾ വാങ്ങാൻ ഷോറൂമിലെത്തുമെന്നാണ് നിഗമനം.
നെക്‌സോൺ ഇവിയിലെ ADAS ടെക്കിൽ ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ സെന്ററിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. പ്രവചനാതീതമായ ഇന്ത്യൻ ഗതാഗത സാഹചര്യങ്ങളിൽ ഈ സംവിധാനങ്ങൾക്ക് കാര്യമായ വ്യത്യാസം ഉണ്ടാക്കാനും സുരക്ഷിതമായ യാത്ര ഒരുക്കാവുമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

സുരക്ഷയ്‌ക്കപ്പുറം പിൻവശത്തെ വിൻഡോ സൺഷെയ്ഡ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ പ്രായോഗിക ഫീച്ചറുകളും ടാറ്റ നെക്സോൺ ഇവിയുടെ 45 വേരിയന്റിൽ കമ്പനി ചേർത്തിട്ടുണ്ട്. ചെറുതായി തോന്നുമെങ്കിലും ക്യാബിൻ സുഖം മെച്ചപ്പെടുത്തുകയും ഇലക്ട്രിക് എസ്‌യുവിയെ കൂടുതൽ ഉയർന്ന നിലവാരത്തിൽ തോന്നിപ്പിക്കുകയും ചെയ്യുന്ന സവിശേഷതകൾ കൂടിയാണ് ഇവയെന്നതിൽ സംശയം വേണ്ട.
പുതിയ നെക്സോൺ ഇവി 45 ഡാർക്ക് എഡിഷനിലെ മാറ്റങ്ങളിലേക്ക് വന്നാൽ പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന എക്സ്റ്റീരിയർ, ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, 31.24 സെന്റിമീറ്റർ ഹാർമൻ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 26.03 സെന്റിമീറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്‌ക്കായുള്ള എക്‌സ്‌ക്ലൂസീവ് UI എന്നിവയെല്ലാമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. മറ്റ് പ്രീമിയം ബിറ്റുകളിൽ പനോരമിക് സൺറൂഫ്, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് ഫംഗ്ഷനുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

ടാറ്റ നെക്സോൺ ഇവി 45 വേരിയന്റ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 45 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുവാനായി എത്തിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 489 കിലോമീറ്റർ (MIDC) വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വാഹന നിർമാതാക്കൾ കണക്കാക്കിയ റിയൽ വേൾഡ് റേഞ്ച് ഏകദേശം 350 KM മുതൽ 375 KM വരെയാണ്. കൂടാതെ ഇലക്ട്രിക് എസ്‌യുവിയിൽ 30 kWh ബാറ്ററി പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിന് സിംഗിൾ ചാർജിൽ 275 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോർസ് പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ്മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായിട്ടാണ് നെക്സോൺ ഇവിയെ കരുതപ്പെടുന്നത്. കാലാതീതമായ മാറ്റങ്ങളോടെ വാഹനത്തെ അടിക്കടി പരിഷ്ക്കരിക്കുന്നത് ടാറ്റ മോട്ടോർസിന്റെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. സെഗ്മെന്റിലെ മത്സരം മുറുകിയപ്പോൾ തന്നെ ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകൾ കൊടുത്ത് മോഡലിനെ നവീകരിച്ചതും ഇതിനുള്ള മികച്ച ഉദാഹരണമാണ്.


Click it and Unblock the Notifications








