ഇതാണ് ലൈഫ് ടൈം സെറ്റിൽമെന്റ്! ഇലക്‌ട്രിക് എസ്‌യുവികൾക്ക് ആജീവനാന്ത വാറണ്ടിയുമായി നമ്മുടെ സ്വന്തം ടാറ്റ
ഇലക്‌ട്രിക് വാഹന വിപണിയിലെ മത്സരം കൊഴുപ്പിക്കാനായി പുതിയ പ്രഖ്യാപനവുമായി നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് (Tata Motors). ഇവി വാങ്ങാനിരിക്കുന്നവരുടെ പ്രധാന ആശങ്കകൾ ഒഴിവാക്കാനായി ഇലക്‌ട്രിക് എസ്‌യുവികൾക്ക് ആജീവനാന്ത വാറണ്ടിയാണ് ഇനി മുതൽ കമ്പനി നൽകുക. എന്നാൽ ടാറ്റയുടെ എല്ലാ വൈദ്യുത കാറുകൾക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല കേട്ടോ. തുടക്കത്തിൽ കർവ് ഇവി (Curvv EV), നെക്സോൺ ഇവി (Nexon EV) എന്നിവയ്ക്കാണ് ലൈഫ് ടൈം വാറണ്ടി നൽകാൻ തീരുമാനമായിരിക്കുന്നത്. ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കർവ് ഇവി, നെക്സോൺ ഇവി എന്നിവയ്ക്ക് അൺലിമിറ്റഡ് കിലോമീറ്റേഴ്‌സിന്റെ ആജീവനാന്ത വാറണ്ടി സ്‌കീം അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം ടാറ്റ മോട്ടോർസ് പൂർത്തിയാക്കി കഴിഞ്ഞു. 'ലൈഫ് ടൈം' എന്നത് പ്രാദേശിക RTO ഓഫീസിൽ വാഹനം രജിസ്റ്റർ ചെയ്ത ആദ്യ തീയതി മുതൽ പതിനഞ്ച് വർഷത്തെ കാലയളവിനെയാണ് സൂചിപ്പിക്കുന്നത് എന്നത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണേ.

നിലവിലുള്ള ഉടമകൾക്ക് പോലും ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താമെന്നതാണ് സ്വാഗതാർഹമായ മറ്റൊരു വിഷയം. നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ 45 kWh വേരിയന്റ് തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്നും കമ്പനി പ്രത്യേകം പറയുന്നു. വാഹനം മറ്റൊരാൾക്ക് വിൽക്കുകയാണെങ്കിൽ രജിസ്ട്രേഷൻ മുതൽ 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാവും ലഭിക്കുക.
ആദ്യത്തെ കഴിഞ്ഞു വരുന്ന എല്ലാ ഉടമകളും ഉടമസ്ഥാവകാശ കൈമാറ്റത്തെക്കുറിച്ച് ബ്രാൻഡിനെ അറിയിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ ബാറ്ററി വാറണ്ടി നൽകില്ലെന്നും ടാറ്റ പറയുന്നു. അൺലിമിറ്റഡ് വാറണ്ടി നിലനിർത്തുന്നതിന് വാങ്ങുന്നയാൾ പാലിക്കേണ്ട ചില നിബന്ധനകളും വ്യവസ്ഥകളും ടാറ്റ മോട്ടോർസ് നിശ്ചയിച്ചിട്ടുമുണ്ട്. അത് എന്തെല്ലാമാണെന്ന് വിശദമായി പറഞ്ഞുതരാം.

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ശുപാർശ ചെയ്യുന്ന മെയിന്റനെൻസുകൾ അവയുടെ ഷെഡ്യൂൾ പാലിച്ച്, അംഗീകൃത ടാറ്റ ഇവി സർവീസ് സ്റ്റേഷനിൽ നിന്ന് മാത്രമേ വാഹനം സർവീസ് ചെയ്യുകയോ നന്നാക്കുകയോ ചെയ്യാവുള്ളൂവെന്നതാണ് ആദ്യത്തേത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സ്വകാര്യ വ്യക്തികളുടെ പേരിലായിരിക്കണമെന്ന നിബന്ധനയും കമ്പനി പ്രത്യേകം മുന്നോട്ടുവെക്കുന്നുണ്ട്.
ജീവനക്കാർക്കായി കമ്പനി പെർക്ക് കാർ സ്കീം പ്രകാരം നടത്തുന്ന രജിസ്ട്രേഷനുകൾ, അതേ ജീവനക്കാരന് വാഹനം തുടർന്നുള്ള കൈമാറ്റം ഉൾപ്പെടെ വാഹനം ഏതെങ്കിലും മൂന്നാം കക്ഷിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ വാറണ്ടി അസാധുവായിരിക്കും. കൂടാതെ മുഴുവൻ ഉടമസ്ഥാവകാശ കാലയളവിലും വാഹനം സജീവവും തടസമില്ലാത്തതുമായ IRA.ev കണക്ഷൻ നിലനിർത്തുകയും വേണം.

ബാറ്ററി ഏതെങ്കിലും ഫിസിക്കൽ ഡാമേജുകളിൽ നിന്നോ ഡാംപെറിങ്ങിൽ നിന്നോ മുക്തവുമായിരിക്കണം. വാറണ്ടി കാലയളവിൽ HV ബാറ്ററി മാറ്റിസ്ഥാപിക്കുകയോ നന്നാക്കുകയോ ചെയ്താൽ TATA.ev HV ബാറ്ററിയുടെ ഊർജ്ജ ശേഷിയെ ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിന് മുമ്പ് സ്ഥിരമായ SOH ന് തുല്യമായ മൂല്യത്തിലേക്ക് അല്ലെങ്കിൽ 80 ശതമാനം, ഏതാണോ ഉയർന്നത് അതിലേക്ക് കൊണ്ടുവരുമെന്നും കമ്പനി പറയുന്നു.
ചില നിബന്ധനകൾ മുമ്പോട്ട് വെക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ലൈഫ് ടൈം വാറണ്ടി എസ്‌യുവികൾക്ക് നൽകുന്നത് എന്തായാലും സ്വാഗതാർഹമായ കാര്യമാണ്. ഒപ്പം ഇലക്ട്രിക് കാർ വിപണിയിൽ നിന്നും എംജി മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ പോലുള്ള ബ്രാൻഡുകളിൽ നിന്നും ഉയരുന്ന വെല്ലുവിളികളെ മറികടക്കാനും ടാറ്റ മോട്ടോർസിന് ഈ തീരുമാനം സഹായകരമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








