ബ്രെസ മൊത്തത്തിൽ കുടുങ്ങി, നെക്സോണിന് 7,666 രൂപയുടെ EMI ഓഫറുമായി ടാറ്റ; വേറാരും ഇങ്ങനെ സ്നേഹിക്കില്ല
തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടാറ്റ നെക്സോൺ കുതിക്കുകയാണ്. ഒന്നാം സ്ഥാനത്തിനായി കൂടെ മത്സരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയെയും മാരുതി സുസുക്കി ഡിസയറിനെയുമെല്ലാം മറികടന്നാണ് നെക്സോണിൻ്റെ തേരോട്ടം. ഒപ്പം സെഗ്മെൻ്റിലെ മുഖ്യശത്രുക്കളായ മാരുതി ബ്രെസയും ഹ്യുണ്ടായി വെന്യുവുമെല്ലാം നെക്സോണിന് തടയിടാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. എന്നാൽ ഇവരെയെല്ലാം നിലംപരിശാക്കാൻ മോഡൽ നിരയിൽ കിടിലൻ ഇഎംഐ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഡിസംബർ മാസത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിട്ടുണ്ട്.
ടാറ്റ മോട്ടോർസിൻ്റെ ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, ഇവികൾ എന്നീ എല്ലാ മോഡലുകൾക്കും ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായുള്ള ഈ പദ്ധതി ഉപയോഗപ്പെടുത്താനാവും. നെക്സോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതിലും നല്ലൊരു അവസരം ഇനി വരാനില്ലെന്ന് പറയാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവിയായ നെക്‌സോൺ ഇപ്പോൾ പ്രതിമാസം 7,666 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിൽ സ്വന്തമാക്കാം.

മാസത്തവണ കണക്കുകൾ ഒരു പ്രത്യേക ലോൺ തുകയെയും ബലൂൺ സ്കീം ഓപ്ഷനുകളെയും 84 മാസത്തെ തിരിച്ചടവ് കാലയളവിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും പത്രക്കുറിപ്പിലൂടെ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ലോൺ തുകയും മൊത്തം ഓൺ-റോഡ് വിലയും അനുസരിച്ച് ഇഎംഐ തുകകൾ വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. ഒപ്പം നിയമങ്ങളും വ്യവസ്ഥകളും ബാധകമാണെന്നതും മറക്കേണ്ട. അതായത് നിങ്ങളുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയെല്ലാമാവും ഈ ഓഫർ ലഭ്യമാവുക.
ശക്തമായ സേഫ്റ്റി, വിശാലമായ ഫീച്ചർ നിര, ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാമാണ് നെക്‌സോണിലേക്ക് ഏവരേയും അടുപ്പിക്കുന്നത്. 2022, 2023, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ മാറിയതിൻ്റെ പിന്നിലെ രഹസ്യങ്ങളാണിവയൊക്കെ. ഇപ്പോൾ ചെറിയ ഇഎംഐയിൽ വാങ്ങാനാവുമെന്ന് അറിഞ്ഞാൽ ആളുകൾ ചാടിവീഴുമെന്ന കാര്യം ഉറപ്പാണ്.

ജിഎസ്ടി പുതുക്കി നിശ്ചയിച്ചതിന് ശേഷം ടാറ്റ മോട്ടോർസിൻ്റെ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 7.32 ലക്ഷം മുതൽ 12.35 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇതിൽ പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോ പെട്രോൾ യൂണിറ്റ് 118 bhp പവറിൽ പരമാവധി 170 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ടാറ്റയുടെ ഡീസൽ എഞ്ചിനാവട്ടെ 116 bhp കരുത്തിൽ 260 Nm ടോർക്ക് വരെയും നിർമിക്കാൻ യോഗ്യമാണ്. ഇനി ഗിയർബോക്‌സ് ഓപ്ഷനിലേക്ക് വന്നാലും വൈവിധ്യമാണ് ടാറ്റ നെക്സോൺ. തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയിൽ വാങ്ങാനാവുക.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മോഡേണായ ഇൻ്റീരിയറിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൺറൂഫ് എന്നീ സംവിധാനങ്ങളെല്ലാം വാഹനം നൽകുന്നുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള നെക്സോൺ എസ്‌യുവിയിൽ 6 എയർബാഗുകൾ, ESP, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും.
അടുത്തിടെ ADAS സംവിധാനം ചേർത്തുകൊണ്ട് ടാറ്റ നെക്സോണിനെ കമ്പനി പരിഷ്ക്കരിച്ചിരുന്നു. ഈ അപ്‌ഡേറ്റിലൂടെ ADAS ടെക് ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നായി മാറാനും നെക്സോണിനായി. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








