വാങ്ങാൻ ആളില്ലല്ലോ, ആ തീരുമാനം എടുത്ത് ടാറ്റ! നെക്സോൺ ഇനി ഈയൊരു രൂപത്തിൽ വാങ്ങാൻ ഒക്കില്ല
ഇൻഡിക്കയ്ക്ക് ശേഷം ടാറ്റയെടുത്ത പല തീരുമാനങ്ങളും പാളിപ്പോയിട്ടുണ്ടെങ്കിലും ഏറ്റവും വിജയം കണ്ട രണ്ട് തീരുമാനങ്ങളിൽ ഒന്നായിരുന്നു ടിയാഗോ ഹാച്ച്ബാക്കും നെക്സോൺ കോംപാക്‌ട് എസ്‌യുവിയും. സേഫ്റ്റിയുടെ കാര്യത്തിൽ പുതിയ മാനങ്ങൾ സമ്മാനിച്ച ഈ മോഡലുകൾ ഇന്നും രാജ്യത്ത് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പട്ടം നെക്സോണാണ് അണിഞ്ഞിരിക്കുന്നതും. രാജ്യത്ത് കിട്ടാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും വണ്ടി പുറത്തിറക്കിയാൽ ജനം പിന്നാലെ കൂടുമെന്നത് ഈ വാഹനം തെളിയിച്ച് തന്നിട്ടുണ്ട്.
ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ് നെക്‌സോൺ. കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ 30 ശതമാനത്തിലധികവും ഈ കോംപാക്‌ട് എസ്‌യുവിയാണ് സംഭാവന ചെയ്യുന്നത്. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ നെക്സോൺ ഇന്ന് വാങ്ങാനാവും. ഒപ്പം ഇതിലില്ലാത്ത ഫീച്ചറുകളുമില്ലെന്നത് ഇന്ത്യക്കാരെ വീഴ്ത്തിയ മറ്റൊരു കാര്യമാണ്.

ഇപ്പോൾ നെക്സോൺ എസ്‌യുവിയുടെ വേരിയന്റ് നിരയിൽ ചെറിയ വെട്ടിനിരത്തലുമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. എന്താണന്നല്ലേ, ഏറ്റവും പുതിയ അപ്‌ഡേറ്റുകളുടെ ഭാഗമായി നെക്‌സോണിൽ നിന്നും റെഡ് കളർ ഓപ്ഷൻ ഒഴിവാക്കിയിരിക്കുകയാണ് ബ്രാൻഡ്. കുറഞ്ഞ ഡിമാൻഡ് മൂലമാണ് എസ്‌യുവിയിൽ നിന്നും ഈയൊരു നിറം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
ശരിക്കും പറഞ്ഞാൽ റോഡിൽ പോലും നെക്സോൺ റെഡ് ഒരെണ്ണം കാണാൻ വലിയ പാടാണ്. നെക്‌സോണിനുള്ള മറ്റ് കളർ ഓപ്ഷനുകൾ മുമ്പത്തേതിന് സമാനമായിരിക്കും. എസ്‌യുവിക്ക് സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ്. പ്രിസ്റ്റൈൻ വൈറ്റ്, ഡേറ്റോണ ഗ്രേ എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന നെക്സോൺ ഇനി മുതൽ ഗ്രാസ്‌ലാൻഡ് ബീജ്, പ്യുവർ ഗ്രേ, ഓഷ്യൻ ബ്ലൂ, റോയൽ ബ്ലൂ എന്നിവയാണ് കളർ ഓപ്ഷനുകളിൽ വാങ്ങാനാവും.

ടാറ്റ ഡാർക്ക്, റെഡ് ഡാർക്ക് കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ക്രിയേറ്റീവ്, ഫിയർലെസ് ട്രിമ്മുകൾക്കൊപ്പം നെക്‌സോൺ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലും സ്വന്തമാക്കാനാവും. ചുവപ്പിന്റെ അഴക് ഇനി വാങ്ങാൻ കിട്ടില്ലെങ്കിലും വാഹനം പഴയ പടി തുടരുന്നുവെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ആളുകൾ മനസറിഞ്ഞ് സ്നേഹിക്കുന്നത് മനസിലാക്കിയ കമ്പനി ഇത്തരം നിരവധി തീരുമാനങ്ങൾ പലപ്പോഴായി എടുക്കാറുണ്ട്.
അടുത്തിടെ ADAS സേഫ്റ്റി ഫീച്ചർ ചേർത്തുകൊണ്ട് കോംപാക്‌ട് എസ്‌യുവിയെ കമ്പനി നവീകരിച്ചിരുന്നു. ഇതോടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നായി മാറാനും നെക്സോണിനായി. 5-സ്റ്റാർ GNCAP റേറ്റിംഗോടെ സേഫ്റ്റി വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ കാറിൽ ഈയൊരു മാറ്റം കൊണ്ടുവരുന്നതിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു.

എസ്‌യുവിയിലെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഡ്രൈവർ ജാഗ്രത മെച്ചപ്പെടുത്തുന്നതിനും സിറ്റി, ഹൈവേ സാഹചര്യങ്ങളിൽ സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനുമാണ് ഈ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നെക്സോൺ എസ്‌യുവിയിലെ ഫിയർലെസ് പ്ലസ് PS ഡിസിഎ വേരിന്റ് മുതലാണ് ADAS ലഭ്യമാവുക. സേഫ്റ്റി ടെക്ക് സജ്ജീകരിച്ച വകഭേദങ്ങൾക്ക് 13.53 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. വാഹനങ്ങൾ, തടസങ്ങൾ, ലെയ്ൻ മാർക്കിംഗുകൾ എന്നിവ തത്സമയം കണ്ടെത്തുന്നതിനായി എസ്‌യുവിയുടെ ഫ്രണ്ട് ബമ്പറിലും വിൻഡ്‌ഷീൽഡ് ഏരിയയിലും ഘടിപ്പിച്ചിരിക്കുന്ന റഡാറും ക്യാമറ അധിഷ്ഠിത സെൻസറുകളുമാണ് കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications








