മുട്ടിനിൽക്കാൻ ബ്രെസക്ക് ആവില്ല, സേഫ്റ്റി പിന്നെയും കൂട്ടി നെക്സോൺ! ഇനി ADAS ഉണ്ടാവും കൂട്ടിന്; വിലയും കൊള്ളാം
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് സേഫ്റ്റിയുടെ കാര്യത്തിൽ പുതിയ മാനങ്ങൾ സമ്മാനിച്ച മോഡലാണ് ടാറ്റ നെക്സോൺ. രാജ്യത്ത് കിട്ടാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ഒരേയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം എന്ന പ്രത്യേകത കൂടി ഇവനുണ്ട്. തള്ളുന്നതല്ല കേട്ടോ, പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ നെക്സോൺ ഇന്ന് വാങ്ങാനാവും. വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെയും മഹീന്ദ്രയെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പട്ടംപിടിച്ചെടുക്കാൻ സെപ്റ്റംബർ മാസത്തിൽ ടാറ്റ മോട്ടോർസിനെ സഹായിച്ചതും നെക്സോണായിരുന്നു.
പുറത്തിറങ്ങിയതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകളോടെയാണ് നെക്സോൺ ടാറ്റയെ ഉന്നതങ്ങളിൽ എത്തിച്ചിരിക്കുന്നത്. ആളുകൾ മനസറിഞ്ഞ് സ്നേഹിക്കുന്നത് മനസിലാക്കിയ കമ്പനി ഉത്സവ സീസൺ കളറാക്കാനായി കോംപാക്‌ട് എസ്‌യുവിയിലേക്ക് ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായ നെക്‌സോണിന്റെ സേഫ്റ്റി ഉയർത്തുന്ന മാറ്റമാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

ADAS എന്ന് നാമെല്ലാം വിളിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യ ടാറ്റ നെക്സോണിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ അപ്‌ഡേറ്റിലൂടെ ADAS ടെക് ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നായി മാറാനും നെക്സോണിനായി. 5-സ്റ്റാർ GNCAP റേറ്റിംഗോടെ സേഫ്റ്റി വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ കാറിൽ ഈയൊരു മാറ്റം കൊണ്ടുവരുന്നതിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു.
എസ്‌യുവിയിലെ പുതിയ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഡ്രൈവർ ജാഗ്രത മെച്ചപ്പെടുത്തുന്നതിനും സിറ്റി, ഹൈവേ സാഹചര്യങ്ങളിൽ സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനുമാണ് ഈ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടാറ്റ നെക്സോണിന്റെ ഫിയർലെസ് പ്ലസ് PS ഡിസിഎ വേരിന്റ് മുതലാണ് ADAS ലഭ്യമാവുക. സേഫ്റ്റി ടെക്ക് സജ്ജീകരിച്ച വകഭേദങ്ങൾക്ക് 13.53 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. വാഹനങ്ങൾ, തടസങ്ങൾ, ലെയ്ൻ മാർക്കിംഗുകൾ എന്നിവ തത്സമയം കണ്ടെത്തുന്നതിനായി എസ്‌യുവിയുടെ ഫ്രണ്ട് ബമ്പറിലും വിൻഡ്‌ഷീൽഡ് ഏരിയയിലും ഘടിപ്പിച്ചിരിക്കുന്ന റഡാറും ക്യാമറ അധിഷ്ഠിത സെൻസറുകളുമാണ് കൊടുത്തിരിക്കുന്നത്.
ADAS അപ്‌ഡേറ്റിനൊപ്പം ടാറ്റ മോട്ടോർസ് 12.44 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള നെക്സോൺ റെഡ് ഡാർക്ക് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഈ പുതിയ പതിപ്പ് ലഭ്യമാണെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. കൂടാതെ എസ്‌യുവിക്ക് ഒരു സ്‌പോർട്ടി ബ്ലാക്ക് ആൻഡ് റെഡ് തീം കൂടി ആവാഹിച്ചത് സ്പോർട്ടിനെസും റോഡ് പ്രസൻസും വർധിക്കാനും കാരണമായിട്ടുണ്ട്.
അറ്റ്ലസ് ബ്ലാക്ക് കളർ ഓപ്ഷനൊപ്പം ഗ്രില്ലിലും ബമ്പറുകളിലും റെഡ് ആക്‌സന്റുകൾ, റെഡ് ലെറ്ററുകളുള്ള ഡാർക്ക് മാസ്‌കോട്ട് എന്നീ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ കൂടിയാവുമ്പോൾ ചന്തം ഏറിയിട്ടുണ്ടെന്ന് തന്നെ പറയാം. ഇനി ഇന്റീരിയറിലേക്ക് വന്നാൽ ക്യാബിനിൽ റെഡ് ലെതറെറ്റ് വെന്റിലേറ്റഡ് സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, പ്രീമിയം, പെർഫോമൻസ് ഇൻസ്പയർഡ് ലുക്കിനായി ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും റെഡ് ഡീറ്റെയിലിംഗ് എന്നിവയും ടാറ്റ ഒരുക്കിയിട്ടുണ്ട്.
എന്തായാലും കച്ചോടം കൂടിയപ്പോൾ തന്നെ നെക്സോൺ പുതിയ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് സേഫ്റ്റിയിൽ വിട്ടുവീഴ്ച്ചയൊന്നും വരുത്താത്തൊരു കാറിൽ ADAS കൂടിയെത്തുമ്പോൾ എസ്‌യുവിയിലെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും. മാരുതി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ എതിരാളികളുടെ മുന്നിൽ ഇനിയും നെഞ്ചുവിരിച്ച് നിൽക്കാൻ നെക്സോണിന് സാധിക്കും.


Click it and Unblock the Notifications