കച്ചോടം കുറവ്, വേറെ വഴിയില്ല! ടാറ്റയുടെ കുഞ്ഞൻ എസ്‌യുവിയിലെ ഈ വേരിയന്റുകൾ നിർത്തലാക്കുന്നതായി കമ്പനി
ഹാച്ച്ബാക്കുകൾ അടക്കിഭരിച്ചിരുന്ന ഇന്ത്യൻ വാഹന വിപണിയെ കൈപ്പിടിയിലാക്കി കുതിക്കുകയാണ് എസ്‌യുവികൾ. കുഞ്ഞ് കാറുകളുടെ വരെ വിലയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ വാങ്ങാനാവുന്ന വിപണിയായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. മൈക്രോ എസ്‌യുവി എന്നൊരു സെഗ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് ടാറ്റ പഞ്ച് വന്നത് മാരുതി സുസുക്കിക്ക് ഇന്നും ഒരു ദുസ്വപ്നമായിരിക്കും. വാഗൺആറും മാരുതി സ്വിഫ്റ്റും പോലുള്ള കിടിലൻ കാറുകൾ അരങ്ങുവാണിരുന്ന വില നിലവാരത്തിലേക്ക് ഇങ്ങനൊരു എസ്‌യുവി വന്നാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ഏറ്റവും സേഫ്റ്റി കൂടിയ വാഹനം കൂടിയായിരുന്നു ഇത്.
നിലവിൽ 6 ലക്ഷത്തിലധികം പഞ്ച് എസ്‌യുവികൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നുണ്ട്. വൈവിധ്യമാർന്ന വേരിയന്റുകളിൽ വരുന്ന വാഹനം ഏത് തരം ആളുകൾക്കും തെരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ പഞ്ചിന്റെ വേരിയന്റ് നിരയിൽ വലിയ വെട്ടിനിരത്തലുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിച്ചോളൂ.

നിലവിൽ ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായ പഞ്ച് പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് പ്രൈമറി ട്രിമ്മുകളിലാണ് വിപണനത്തിന് എത്തുന്നത്. വേരിയന്റ് നിരയിലെ പരിഷ്ക്കാരങ്ങളുടെ ഭാഗമായി പഞ്ച് അഡ്വഞ്ചർ, പഞ്ച് അഡ്വഞ്ചർ S മോഡലുകളാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, 4 സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് പഞ്ച് അഡ്വഞ്ചർ എത്തിയിരുന്നത്.
ഇതുകൂടാതെ എല്ലാ ഡോറിലും പവർ വിൻഡോകൾ, ആന്റി-ഗ്ലെയർ IRVM, റിയർ എസി വെന്റുകൾ, യുഎസ്‌ബി ചാർജിംഗ് പോർട്ട്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയും ഇതിലുണ്ടായിരുന്നു. ഷാർക്ക്-ഫിൻ ആന്റിന, സിംഗിൾ-പെയിൻ സൺറൂഫ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ് തുടങ്ങിയ അധിക ഫീച്ചറുകളാണ് പഞ്ച് അഡ്വഞ്ചർ S വേരിയന്റിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്.

പഞ്ച് അഡ്വഞ്ചർ വേരിയന്റ് നിരയിൽ പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, സിഎൻജി എഞ്ചിൻ ഓപ്ഷനുകളും ലഭ്യമായിരുന്നു. എങ്കിലും അധികം ആളുകളൊന്നും ഇത് വാങ്ങാനായി മുമ്പോട്ട് വന്നില്ലെന്നതാണ് സത്യം. ആയതിനാൽ നിർമാണം കാര്യക്ഷമമായി വർധിപ്പിക്കുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമാണ് ഇപ്പോൾ ഡിമാന്റില്ലാത്ത മോഡലുകൾ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പഞ്ചിന് പുറമെ നെക്സോൺ എസ്‌യുവിയിലും ടിയാഗോ ഹാച്ച്ബാക്കിലും സമാനമായ വേരിയന്റ് പരിഷ്ക്കാരങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. അഡ്വഞ്ചർ, പഞ്ച് അഡ്വഞ്ചർ S വേരിയന്റുകൾ നിർത്തലാക്കിയെങ്കിലും ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കില്ല. 2024 കലണ്ടർ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയ പഞ്ച് ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

അടുത്ത വർഷം തുടക്കത്തോടെ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്. 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ ഹൃദയം. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതിനാൽ ആരേയും നിരാശപ്പെടുത്തില്ലെന്ന് വേണം പറയാൻ. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.
പെട്രോൾ മാനുവലിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ പറയുന്നത്. ഇനി മൈലേജ് കൂടുതൽ വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ടാറ്റ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ പെർഫോമൻസ് കുറവാണെങ്കിലും കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പഞ്ചിന് 26.99 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകാനാവും. ഒപ്പം ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനാൽ ബൂട്ട് സ്പേസിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല.


Click it and Unblock the Notifications








