ടാറ്റയുടെ വിഷു കൈനീട്ടം 1.50 ലക്ഷം രൂപ, സേഫ്റ്റിയുള്ള കാറുകൾ വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ
ഒരിടയ്ക്ക് ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്‌ടമുള്ള വാഹന നിർമാതാക്കളായിരുന്നു ടാറ്റ മോട്ടോർസ്. ടിയാഗോയും ടിഗോറും നെക്സോണും ഹാരിയറുമെല്ലാം വിപണി ഭരിച്ചിരുന്ന കാലം ആർക്കും അതിവേഗം മറക്കാനാവില്ല. സേഫ്റ്റിയുള്ള കാറുകൾ എന്താണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച കമ്പനിക്ക് ഇന്ന് പഴയ അത്ര സ്വീകാര്യതയൊന്നുമില്ലെന്നാണ് തോന്നുന്നത്. നെക്സോണും ഹാരിയറും സഫാരിയുമെല്ലാം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത് കുളമാക്കിയെന്ന് പലർക്കും പരാതിയുണ്ടെങ്കിലും ഇന്റീരിയറിന്റെ കാര്യത്തിൽ ടാറ്റ കാറുകൾ ഇപ്പോൾ ലോകോത്തോര നിലവാരത്തിലാണ് മാറിയിരിക്കുന്നത്. മഹീന്ദ്രയോടും ഹ്യുണ്ടായിയോടും മത്സരം കടുപ്പിക്കാനായി ഇപ്പോഴിതാ കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.
വിഷു പ്രമാണിച്ച് മലയാളികൾക്കും കാർ സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. 2025 ഏപ്രിൽ മാസത്തേക്കായി ടാറ്റ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് 2024 മോഡൽ സ്റ്റോക്കുകൾ വാങ്ങുന്നവർക്കാണ് ലക്ഷക്കണക്കിനുള്ള ആനുകൂല്യങ്ങൾ ഒരുക്കിവെച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കട്ട് കാറായ പഞ്ച് എസ്‌യുവിയിൽ വരെ ഓഫർ ഇട്ടിട്ടുണ്ട് കമ്പനി. അതിന്റെ വിശേഷങ്ങളിലേക്ക് പോയാലോ?

വിഷുവും ഈസ്റ്ററും എല്ലാം വിരുന്നു വരുന്ന ഏപ്രിൽ മാസത്തേക്കായി ടാറ്റ ഒരുക്കിയിരിക്കുന്ന ആകർഷകമായ ഡിസ്‌കൗണ്ടുകൾ എന്തെല്ലാമെന്ന് ചോദിച്ചാൽ 85,000 രൂപ വരെ നേരിട്ടുള്ള കൺസ്യൂമർ ഡിസ്‌കൗണ്ടുകളും അതിനുപുറമെ 50,000 രൂപ വരെ സ്‌ക്രാപ്പേജ് അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ബോണസും വണ്ടി വാങ്ങാനെത്തുന്നവർക്ക് ലഭിക്കും. വിറ്റഴിയാത്ത 2024 സ്റ്റോക്കുകൾക്ക് പരമാവധി 1.35 ലക്ഷം രൂപ വരെ ഏറ്റവും ആകർഷകമായ വിലക്കിഴിവും ഒരുക്കിയിട്ടുണ്ട്.
ടാറ്റയുടെ എൻട്രി ലെവൽ കാറായ ടിയാഗോ വാങ്ങാനെത്തുന്നവർക്ക് പരമാവധി 35,000 രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും. എന്നാൽ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 2024 മോഡൽ ഇയർ പതിപ്പുകൾക്കാണെന്ന് മാത്രം. പെട്രോൾ, സിഎൻജി എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാവും. ഇനി ടിയാഗോയുടെ 2025 മോഡൽ മതിയെന്നുള്ളവർക്ക് ബേസ് XE വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ടാറ്റ പരമാവധി 25,000 രൂപ ഡിസ്‌കൗണ്ട് നൽകും.

ടിയാഗോയുടെ കോംപാക്‌ട് സെഡാൻ മോഡലായ ടിഗോർ വാങ്ങിനിരിക്കുന്നവരെ കാത്തിരിക്കുന്നത് 45,000 രൂപയുടെ ഓഫറുകളാണ്. 2024 മോഡലിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ലഭ്യമാണെങ്കിലും ഇതിൽ 30,000 രൂപ കൺസ്യൂമർ ഡിസ്‌കൗണ്ടും 15,000 രൂപ സ്‌ക്രാപ്പേജ്, എക്‌സ്‌ചേഞ്ച് ബോണസുമാണ്. ടിഗോറിന്റെ 2025 മോഡലാണെങ്കിൽ സെഡാന്റെ എല്ലാ വേരിയന്റുകൾക്കും 30,000 രൂപ വരെ കിഴിവുകൾ ലഭിക്കും.
ടാറ്റയുടെ ഏറ്റവും കച്ചോടമുള്ള പഞ്ചിലും ഇത്തവണ ഓഫറിട്ടിട്ടുണ്ടേ. മൈക്രോ എസ്‌യുവിയുടെ 2024, 205 മോഡലുകൾക്ക് ഒരേപോലെ 25,000 രൂപ വരെയാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ, സിഎൻജി എന്നിങ്ങനെ തരംതിരിവില്ലാതെ പഞ്ചിന്റെ എല്ലാ ഫ്യുവൽ ഓപ്ഷനുകളിലും ആനുകൂല്യങ്ങൾ ലഭ്യമാണ്. ബ്രാൻഡിന്റെ റോക്ക്സ്റ്റാറായി മുന്നോട്ടു കുതിക്കുന്ന വാഹനമായതിനാലാണ് ഓഫറുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്.

ആൾട്രോസിലേക്ക് നോക്കിയാൽ 1.35 ലക്ഷം രൂപ വരെയാണ് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പെട്രോൾ, ഡീസൽ, സിഎൻജി (നോൺ റേസർ) വേരിയന്റുകൾക്ക് പരമാവധി 1 ലക്ഷം രൂപ കിഴിവ് ലഭിക്കും. മറുവശത്ത് ആൾട്രോസ് റേസറിലാണ് പരമാവധി 1.35 ലക്ഷം രൂപ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആൾട്രോസ് പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ 2025 പതിപ്പിൽ ടാറ്റ 45,000 രൂപ പരമാവധി ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇനി ജനപ്രിയമായ നെക്സോണിലേക്ക് നോക്കിയാൽ 45,000 രൂപ വരെയാണ് ടാറ്റ മോട്ടോർസിന്റെ കോംപാക്‌ട് എസ്‌യുവിയിൽ ഉപയോഗപ്പെടുത്താനാവുന്ന ആനുകൂല്യങ്ങൾ. നെക്‌സോൺ പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ 2024 സ്റ്റോക്കുകൾക്ക് 35,000 രൂപ കൺസ്യൂമർ ഡിസ്‌കൗണ്ടും 10,000 രൂപയായി എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ബെനഫിറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. മറുവശത്ത് പുതിയ 2025 പതിപ്പുകൾക്ക് പരമാവധി 15,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

ഇനി കർവിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2024 മോഡലിന് 30,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഉപയോഗപ്പെടുത്താനാവുക. ഇത് പൂർണമായും കൺസ്യൂമർ ഓഫറാണ്. സ്ക്രാപ്പേജ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. അതേസമയം ടാറ്റയുടെ കൂപ്പെ എസ്‌യുവിയുടെ 2025 മോഡൽ സ്റ്റോക്കുകൾക്ക് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.
2025 ഏപ്രിൽ മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും പരമാവധി 75,000 രൂപ വരെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. ഹാരിയറിന്റെ 2024 പതിപ്പിനും സഫാരിയുടെ എല്ലാ വേരിയന്റുകളിലും 75,000 രൂപ വരെയും പരമാവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഹാരിയറിന്റെ 2025 പതിപ്പിന്റെ എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെയാണ് ഓഫറുകളുള്ളത്.
ഇതെല്ലാം കൂടാതെ 2024 മോഡലുകൾക്ക് പ്ലാന്റ് സ്റ്റോക്ക് ഡിസ്‌കൗണ്ടുകൾ എന്നൊരു ഓഫറും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ആകെ 1.50 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ഇതിൽ ലഭ്യമാവുക. ഈ സ്കീം പ്രകാരം ടിയാഗോയ്ക്ക് 25,000 രൂപയും, കർവിന് 40,000 രൂപയും, പഞ്ച്, നെക്സോൺ മോഡലുകൾക്ക് 50,000 രൂപയും, ടിഗോറിന് 60,000 രൂപയും, ഹാരിയർ, സഫാരി എന്നിവയ്ക്ക് 1 ലക്ഷം രൂപയും, ആൾട്രോസിന് 1.50 ലക്ഷം രൂപയുമാണ് ഓഫർ ലഭിക്കുക.
ICE എഞ്ചിൻ മോഡലുകൾക്ക് പുറമെ ഇവികളിലും കമ്പനി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്കും പരമാവധി 1.50 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. കൺസ്യൂമർ ഓഫർ, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ഗ്രീൻ ബോണസ് എന്നിങ്ങനെ പലതരത്തിലാണ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുക. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് അധിക സ്‌ക്രാപ്പേജ് അല്ലെങ്കിൽ എക്‌സ്‌ചേഞ്ച് ബോണസ്, അധിക ഗ്രീൻ ബോണസ് എന്നിവയും പ്രയോജനപ്പെടുത്താം.
ടാറ്റയുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ ടിയാഗോ ഇവി വാങ്ങാനെത്തുന്നവർക്ക് പരമാവധി 1.30 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. എന്നാൽ ഈ തുക വിവിധ സംസ്ഥാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും കൃത്യമായി കമ്പനി പറഞ്ഞിട്ടുണ്ട്. പഞ്ച് ഇവി വാങ്ങാനെത്തുന്നവർക്കും സന്തോഷിക്കാൻ വകയുണ്ട് കേട്ടോ. ടാറ്റയുടെ സമർപ്പിത ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ പഞ്ചിന് 1.20 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.
നെക്സോൺ ഇവി നോക്കുന്നവർക്ക് 1.41 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഈ മാസം ഉപയോഗപ്പെടുത്താനാവും. എന്നാൽ ഇലക്ട്രിക് എസ്‌യുവിയുടെ 2024 മോഡലുകൾക്ക് മാത്രമേ ഓഫറുകൾ ഒരുക്കിയിട്ടുള്ളൂ. അതേസമയം ടാറ്റയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ കർവ് ഇവിയുടെ ഓഫറുകളിലേക്ക് വന്നാൽ 2024 മോഡൽ ഇയർ വാഹനങ്ങൾക്ക് 1.71 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








